ഹാർലി ഇന്ത്യ എം ഡി വിക്രം പാവ കമ്പനി വിട്ടു

യു എസിൽ നിന്നുള്ള, ഐതിഹാസിക മാനങ്ങളുള്ള മോട്ടോർ സൈക്കിൾ ബ്രാൻഡായ ഹാർലി ഡേവിഡ്സന്റെ ഇന്ത്യൻ ഉപസ്ഥാപന മേധാവി വിക്രം പാവ കമ്പനി വിട്ടു. ഡിസംബർ 31 മുതൽ പ്രാബല്യത്തോടെയാണു പാവ ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞത്. ഇന്ത്യയ്ക്കായി കമ്പനി വികസിപ്പിച്ച ‘സ്ട്രീറ്റ് 750’ മോഡലിലെ ആദ്യ ബൈക്കുകളുടെ ബ്രേക്ക് നിരന്തരം തകരാറിലാവുന്നതിന്റെ പേരിൽ വാഹനം വാങ്ങിയവരും ഹാർലി ഡേവിഡ്സനുമായി തർക്കം തുടരുന്നതിനിടെയാണ് പാവയുടെ വിടവാങ്ങൽ. അതേസമയം പാവയുടെ രാജിയും ‘സ്ട്രീറ്റ് 750’ ബൈക്കിന്റെ ബ്രേക്ക് തകരാറുമായി ബന്ധമൊന്നുമില്ലെന്നാണു ഹാർലി ഡേവിഡ്സൻ ഇന്ത്യയുടെ നിലപാട്.

കഴിഞ്ഞ 31 മുതൽ പ്രാബല്യത്തോടെ പാവ സ്ഥാനമൊഴിഞ്ഞ കാര്യം സ്ഥിരീകരിച്ച ഹാർലി ഡേവിഡ്സൻ ഇന്ത്യ, അദ്ദേഹം കമ്പനിയുടെ ബിസിനസ് വളർച്ചയ്ക്കു നൽകിയ സംഭാവനങ്ങൾക്കു നന്ദിയും രേഖപ്പെടുത്തി. താൽക്കാലിക നടപടിയെന്ന നിലയിൽ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടം മാർക് മക്അലിസ്റ്ററിനെ ഏൽപ്പിച്ചതായും ഹാർലി ഡേവിഡ്സൻ അറിയിച്ചു. നിലവിൽ കമ്പനി വൈസ് പ്രസിഡന്റും ഇന്റർനാഷനൽ സെയിൽസ് മാർക്കറ്റ്സ് മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.

ഹാർലി ഡേവിഡ്സൻ വിട്ട പാവ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുമെന്നാണു സൂചന. ബി എം ഡബ്ല്യു മോട്ടോർറാഡ് ബ്രാൻഡ് മേധാവിയായി കഴിഞ്ഞ വർഷം നിയമിതനായ ശിവപാദ റേയുടെ പ്രവർത്തനം പാവയ്്ക്കു കീഴിലാവുമെന്നും പറയപ്പെടുന്നു. എന്നാൽ അഭ്യൂഹങ്ങളെപ്പറ്റി അഭിപ്രായ പ്രകടനത്തിനില്ലെന്നായിരുന്നു ഇതേപ്പറ്റി ബി എം ഡബ്ല്യു വക്താവിന്റെ പ്രതികരണം. പുതുവർഷത്തിൽ ഇന്ത്യൻ വാഹന വിപണിയിൽ സംഭവിക്കുന്ന ആദ്യ സ്ഥാനചലനമാണു പാവയുടേത്. സമീപഭാവിയിൽ കൂടുതൽ വിദേശി വാഹന നിർമാതാക്കൾ അവരുടെ പ്രാദേശിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഇന്ത്യക്കാരെ തന്നെ നിയോഗിക്കുമെന്നാണു സൂചന. ദീർഘകാലാടിസ്ഥാനത്തിലുള്ള വളർച്ചയ്ക്ക് ഇത്തരമൊരു നടപടി അനിവാര്യമാണെന്നാണു പല പ്രമുഖ നിർമാതാക്കളുടെയും വിലയിരുത്തൽ.