സമ്മാന പദ്ധതിയുമായി ഫോക്സ്‌വാഗൻ

യു എസിലെ 4.82 ലക്ഷത്തോളം കാറുകളുടെ ഉടമകൾക്ക് 1000 ഡോളർ(ഏകദേശം 66,055 രൂപ) വീതം സമ്മാനം നൽകാൻ ‘പുകമറ’ വിവാദത്തിൽപെട്ട ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഒരുങ്ങുന്നു. ഡീസൽ എൻജിനുള്ള ഫോക്സ‌്‌വാഗൻ, ഔഡി കാറുകൾ വാങ്ങിയവർക്ക് ഇത്രയും തുകയ്ക്കുള്ള സമ്മാന കാർഡുകളോ വൗച്ചറുകളോ കൈമാറുമെന്നാണു കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചത്. ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡിയും വെള്ളിയാഴ്ചയോടെ ഇതുപോലുള്ള സമ്മാന പദ്ധതി പ്രഖ്യാപിക്കും.

കാർ ഉടമകൾക്ക് 500 ഡോളറിന്റെ വീസ ഗിഫ്റ്റ് കാർഡും ബാക്കി തുകയ്ക്കുള്ള വൗച്ചറുമാണു ഫോക്സ്‌വാഗൻ നൽകുക; വീസ കാർഡ് എവിടെയും ചെലവഴിക്കാമെങ്കിലും ഗിഫ്റ്റ് വൗച്ചർ ഓയിൽ മാറ്റത്തിനോ ടയർ മാറ്റി വാങ്ങാനോ പുതിയ കാറിനുള്ള വിലയായോ ഒക്കെ ഫോക്സ്‌വാഗൻ ഡീലർഷിപ്പുകളിൽ മാത്രമാണു സ്വീകരിക്കുക. ഇതിനു പുറമെ ഡീസൽ എൻജിനുള്ള കാറുകൾക്ക് മൂന്നു വർഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റൻസും ഫോക്സ്‌വാഗൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

യു എസിലെ കർശന മലിനീകര നിയന്ത്രണ പരിശോധന മറികടക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്നു സെപ്റ്റംബർ മധ്യത്തിലാണു ഫോക്സ്‌വാഗൻ സമ്മതിച്ചത്. പരിശോധനാ വേളയിൽ രംഗത്തെത്തി മലിനീകരണ തോത് കുറച്ചു കാട്ടുകയും അല്ലാത്തപ്പോൾ നിർവീര്യമാവുകയും ചെയ്യുന്ന പ്രത്യേക സോഫ്റ്റ്വെയർ എൻജിനുകളിൽ ഘടിപ്പിച്ചെന്നായിരുന്നു കമ്പനിയുടെ കുമ്പസാരം. ഇത്തരത്തിൽ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുള്ള 1.10 കോടിയോളം കാറുകൾ നിരത്തിലുണ്ടെന്നാണു ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കണക്ക്. ഇത്തരത്തിൽ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ മലിനീകരണ നിയന്ത്രണ പരീക്ഷ ജയിച്ച കാറുകൾ അനുവദനീയമായതിന്റെ 10 മുതൽ 30 ഇരട്ടി വരെ നൈട്രജൻ ഓക്സൈഡ് പുറന്തള്ളുന്നുണ്ടെന്നാണ് തിരിമറി വെളിച്ചത്തെത്തിച്ച യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യുടെ ആരോപണം.

സ്ഥിതിഗതി ഇത്രയൊക്കെ ഗുരുതരമായിട്ടും വിവാദത്തിലായ, ‘ഇ എ 183’ ശ്രേണിയിലെ രണ്ടു ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിൻ പരിഷ്കരിക്കാനുള്ള രൂപരേഖയൊന്നും ഫോക്സ്‌വാഗൻ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.എങ്കിലും തകരാർ പരിഹരിക്കാനുള്ള മാർഗങ്ങൾക്കായി തീവ്രശ്രമം നടത്തുന്ന‌ുണ്ടെന്നാണു ഫോക്സ്‌വാഗന്റെ യു എസിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മൈക്കൽ ഹോണിന്റെ നിലപാട്. അതു തയാറാവും വരെ വാഹന ഉടമകളോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായും അവരുടെ വിശ്വാസം വീണ്ടെടുക്കാനായുമാണ് ഈ സമ്മാന പദ്ധതി പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ഫോക്സ്‌വാഗൻ കാർ മാറ്റി പുതിയതു വാങ്ങുന്നവർക്ക് കമ്പനി ഇപ്പോൾതന്നെ 2,000 ഡോളർ(ഏകദേശം 1.32 ലക്ഷം രൂപ) സമ്മാനം നൽകുന്നുണ്ട്. പുതിയ പദ്ധതി കൂടി നിലവിൽ വരുന്നതോടെ പഴയ ഫോക്സ്വാഗനു പകരം പുതിയ ഫോക്സ്‌വാഗൻ വാങ്ങുന്നവർക്ക് 1,000 ഡോളറിന്റെ കൂടി ആനുകൂല്യം ലഭിക്കും.