‘പുകമറ’ വിവാദത്തിലേക്ക് 75,000 ആഡംബര കാറുകൾ കൂടി

മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ ഡീസൽ എൻജിനിൽ കാട്ടിയ തിരിമറി ആഡംബര കാറുകൾക്കും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കും ബാധകമാണെന്നു ജർമൻ കാർ നിർമാതാക്കളായ ഫോക്സ‌്‌വാഗൻ എ ജി. തുടർന്ന് 2009 മോഡലിൽപെട്ട 75,000 വാഹനങ്ങൾ കൂടി ‘പുകമറ’ സോഫ്റ്റ്‌വെയർ പരിധിയിൽപെടുമെന്നു കമ്പനി വെളിപ്പെടുത്തിയെന്നും ഈ പ്രശ്നം ലോകശ്രദ്ധയിലെത്തിച്ച യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ) അറിയിച്ചു. ഇതോടെ ഫോക്സ്‌വാഗന്റെ ഇ എ 189 ശ്രേണിയിലെ ശേഷി കുറഞ്ഞ ഡീസൽ എൻജിനുകളിലൊതുങ്ങുമെന്നു കരുതിയ ‘പുകമറ’ വിവാദത്തിന്റെ വ്യാപ്തി വിപുലമാവുമെന്ന് ഉറപ്പായി. പോരെങ്കിൽ വൻവിൽപ്പനയുള്ള ഫോക്സ്വാഗൻ ബ്രാൻഡുകൾക്കു പുറമെ ഗ്രൂപ്പിന്റെ ആഡംബര കാർ വിഭാഗമായ ഔഡിയിലെ എൻജിനീയർമാർക്കും ‘പുകമറ’ സോഫ്റ്റ്‌വെയർ തയാറാക്കിയതിലും ഉപയോഗിച്ചതിലും പങ്കുണ്ടാവാനുള്ള സാധ്യതയുമേറി.

ഔഡി, പോർഷെ ബ്രാൻഡിലെ പതിനായിരത്തോളം കാറുകളുടെയും ഫോക്സ്‌വാഗന്റെ തന്നെ എസ് യുവികളുടെയും മലിനീകരണ നിയന്ത്രണ നിലവാര പ്രശ്നത്തിൽ ഗ്രൂപ് ഒളിച്ചുകളിക്കുകയാണെന്ന് കഴിഞ്ഞ രണ്ടിന് ഇ പി എയും കലിഫോണിയ എയർ റിസോഴ്സസ് ബോർഡും ആരോപിച്ചിരുന്നു. പ്രധാനമായും മൂന്നു ലീറ്റർ, വി സിക്സ് എൻജിനുള്ള മോഡലുകളെചൊല്ലിയായിരുന്നു പുതിയ തർക്കം. ഫോക്സ്‌വാഗനാവട്ടെ ഈ ആരോപണങ്ങൾ തുടക്കത്തിൽ നിഷേധിക്കുകയും ചെയ്തു. എന്നാൽ 2009 — 2016 മോഡലിൽപെട്ട മൂന്നു ലീറ്റർ ഡീസൽ എൻജിനുകളുടെ മലിനീകരണ നിയന്ത്രണ നിലവാര പരിശോധനയിലും തിരിമറി നടന്നതായി വ്യാഴാഴ്ചയാണ് ഫോക്സ്‌വാഗൻ, ഔഡി അധികൃതർ ഇ പി എയോടു സമ്മതിച്ചത്. ഇതോടെ 85,000 വാഹനങ്ങൾ കൂടി ‘പുകമറ’ സോഫ്റ്റ്‌വെയർ പരിധിയിലായെന്നാണ് ഇ പി എയുടെ കണക്ക്. മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാനുള്ള ഓക്സിലറി എമീഷൻ കൺട്രോൾ എക്വിപ്മെന്റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന കാര്യം യു എസ് സർക്കാരിൽ നിന്നു മറച്ചുവച്ചതായി ഔഡി സമ്മതിച്ചെന്ന് കലിഫോണിയ എയർ റിസോഴ്സസ് ബോർഡ് വക്താവ് ഡേവ് ക്ലെജേൺ അറിയിച്ചു. ഇക്കാര്യം കമ്പനി തുറന്നു സമ്മതിക്കേണ്ടാതാണെന്ന നിലപാടിലാണ് എയർ റിസോഴ്സസ് ബോർഡ്. അതുകൊണ്ടുതന്നെ ഇക്കാര്യം മനഃപൂർവം മറച്ചുവച്ചതാണോ എന്ന് അന്വേഷിക്കാൻ ഒരുങ്ങുകയാണ് വിവിധ ഏജൻസികൾ.

അതേസമയം ഓക്സിലറി എമീഷൻസ് കൺട്രോൾ സോഫ്റ്റ്‌വെയർ ഉപയോഗം യൂറോപ്പിൽ നിയമപ്രകാരം അനുവദനീയമാണെന്ന നിലപാടിലാണ് ഔഡി വക്താവ് ബ്രാഡ് സ്റ്റേഴ്സ്. എന്നാൽ സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യം യഥാസമയം അധികൃതരെ അറിയിക്കുന്നതിൽ മാത്രമാണത്രെ വീഴ്ച സംഭവിച്ചത്. അധികൃതരുടെ നിബന്ധനകൾ പാലിച്ച് പ്രോഗ്രാമുകൾ പരിഷ്കരിക്കാൻ കമ്പനി സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒപ്പം സോഫ്റ്റ്വെയറിൽ ചില്ലറ പരിഷ്കാരം വരുത്താൻ കാര്യമായ ചെലവ് വരില്ലെന്നും സ്റ്റേഴ്സ് അവകാശപ്പെട്ടു. മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാനായി യു എസിൽ വിറ്റ 4.82 ലക്ഷത്തോളം ഡീസൽ കാറുകളിൽ കൃത്രിമം കാട്ടിയെന്നു സെപ്റ്റംബർ മധ്യത്തിലാണു ഫോക്സ്വാഗൻ എ ജി വെളിപ്പെടുത്തിയത്. പ്രത്യേക സോഫ്റ്റ്‌വെയർ സഹായത്തോടെ പരീക്ഷ ജയിച്ച ഈ രണ്ടു ലീറ്റർ ഡീസൽ എൻജിനുകൾ യഥാർഥത്തിൽ അനുവദനീയമായതിന്റെ 40 ഇരട്ടി മലിനീകരണം സൃഷ്ടിക്കുമെന്നും കണ്ടെത്തിയിരുന്നു.

ഇതോടെ ഫോക്സ്‌വാഗന്റെ നടപടികളെപ്പറ്റി ആഗോളതലത്തിൽ തന്നെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. യു എസ് ജസ്റ്റിസ് വകുപ്പ് നടത്തുന്ന അന്വേഷണത്തിൽ മാത്രം 1800 കോടി ഡോളർ(1,18,996 കോടിരൂപ)പിഴശിക്ഷയാണു ഫോക്സ്വാഗൻ പ്രതീക്ഷിക്കുന്നത്. കൃത്രിമം നടന്ന കാറുകളുടെ എണ്ണം കൂടിയതോടെ പിഴശിക്ഷയിലും 320 കോടി ഡോളറി(21,154.86 കോടി രൂപ)ന്റെ വർധനയ്ക്കു സാധ്യതയുണ്ട്.