18 മണിക്കൂർ, 14535 കിലോമീറ്റർ, ലോകത്തിലെ ദൈർഘ്യമേറിയ വിമാന സർവീസ്

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് എന്ന ഖ്യാതി ഇനി ഖത്തർ എയർവേയ്സ് സ്വന്തമാക്കുന്നു. ന്യൂസീലൻഡിലെ ഓക്‌ലൻഡിൽ നിന്ന് ദോഹയിലെത്താൻ ഈ വിമാനം താണ്ടേണ്ടത് 17.45 മണിക്കൂർ സമയവും 14535 കിലോമീറ്ററും. ദോഹയിൽ നിന്ന് 16.20 മണിക്കൂറുകൊണ്ട് ഓക്‌ലൻഡിൽ എത്തിയ വിമാനം തിരിച്ച് ദോഹയിലെത്താനാണ് 17.45 മണിക്കൂർ വേണ്ടി വരിക.

ബോയിങ്ങിന്റെ 777–200 എൽഎൽആർ വിമാനമാണ് ഈ ചരിത്ര യാത്ര നടത്തിയത്. 217 ഇക്കോണമി ക്ലാസ് സീറ്റുകളും 42 ബിസിനസ് ക്ലാസ് സീറ്റുകളുമുള്ള വിമാനത്തിൽ 15 ക്യാബിൻ ക്രൂവും 4 പൈലറ്റുമാരുമുണ്ടായിരുന്നു. പത്ത് വ്യത്യസ്ത ടൈം സോണുകൾ താണ്ടിയാണ് വിമാനം ദോഹയിൽ നിന്ന് ഓക്‌ലൻഡിൽ എത്തിയത്.

ദുബായിൽ നിന്ന് ഓക്‌ലൻഡിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിന്റെ റെക്കോർഡാണ് ഖത്തർ എയർവേയ്സ് തകർക്കുക. പത്തൊമ്പത് മണിക്കൂർ നിർത്താതെ പറക്കുന്ന യാത്രാവിമാന സർവീസ് ആരംഭിക്കുമെന്ന് സിങ്കപ്പൂർ എയർലൈൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ വിമാനം 2018 മുതൽ സർവീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ദുബായ് ആസ്ഥാനമായുള്ള വിമാന കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ 17 മണിക്കൂർ നോൺസ്‌റ്റോപ്പ് റൂട്ട് ആരംഭിച്ചത് അടുത്തിടെയാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഓക്‌ലൻഡ് എയർപോർട്ടിലേക്കുള്ള 14200 കിലോമീറ്റർ ദൂരം 17.25 മണിക്കൂറുകൊണ്ടാണ് എമിറേറ്റ്‌സ് വിമാനം പിന്നിടുന്നത്.