Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇക്കൊല്ലം എട്ടു ലക്ഷം യൂണിറ്റ് വിൽപ്പന മോഹിച്ച് യമഹ

yamaha-ray-zr

ഇന്ത്യയിലെ ഇരുചക്രവാഹന വിൽപ്പനയിൽ ഇക്കൊല്ലം 16% വളർച്ച കൈവരിക്കാനാവുമെന്ന് ജപ്പാനിൽ നിന്നുള്ള നിർമാതാക്കളായ ഇന്ത്യ യമഹ മോട്ടോർ സെയിൽസി(ഐ വൈ എം എസ്)നു പ്രതീക്ഷ. ഇക്കൊല്ലം ഇന്ത്യൻ ഇരുചക്രവാഹന വ്യവസായത്തിന് എട്ടു ശതമാനം വിൽപ്പന വളർച്ചയാണു യമഹ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വിൽപ്പനയിൽ മികച്ച വർധന കൈവരിച്ചതോടെ ഇക്കൊല്ലത്തെ വളർച്ച 16 ശതമാനത്തോളം ഉയരാൻ സാധ്യതയുണ്ടെന്നാണു പുതിയ വിലയിരുത്തലെന്ന് കമ്പനി വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ വെളിപ്പെടുത്തി. ഇക്കൊല്ലം ജനുവരി — ഡിസംബർ കാലത്ത് ഇന്ത്യയിൽ എട്ടു ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങൾ വിൽക്കാനാവുമെന്നാണു റോയ് കുര്യൻ കരുതുന്നത്. 2015ൽ വിറ്റ അഞ്ചര ലക്ഷം യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 30% വളർച്ചയാണിത്. അടുത്ത വർഷമാവട്ടെ ഇന്ത്യയിലെ വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നും കുര്യൻ കരുതുന്നു. ഇന്ത്യൻ വിപണിക്കായി 2015ൽ തന്നെ യമഹ നിശ്ചയിച്ചിരുന്ന വിൽപ്പന ലക്ഷ്യമാണ് 10 ലക്ഷം യൂണിറ്റ്.

വിൽപ്പനയിൽ വളർച്ച കൈവരിക്കാൻ സ്കൂട്ടർ വിഭാഗത്തിലാണു യമഹ പ്രതീക്ഷയർപ്പിക്കുന്നത്. മികച്ച വർധന കൈവരിച്ചാണു സ്കൂട്ടർ വിൽപ്പന മുന്നേറുന്നത്. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്തെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 26% വളർച്ച കൈവരിക്കാൻ സ്കൂട്ടർ വിഭാഗത്തിനു കഴിഞ്ഞെന്നാണു കണക്ക്.നിലവിൽ നാലു ഗീയർരഹിത സ്കൂട്ടറുകളാണ് ഐ വൈ എം എസ് ഇന്ത്യയിൽ വിൽക്കുന്നത്: ‘ഫസിനൊ’, ‘റേ’, ‘റേ സീ ആർ’, ‘ആൽഫ’. 2016 — 17 സാമ്പത്തിക വർഷം ഇന്ത്യയിലെ മൊത്തം വിൽപ്പനയിൽ പകുതിയും സ്കൂട്ടറുകളുടെ സംഭാവനയാകുമെന്നും യമഹ കരുതുന്നു. സ്കൂട്ടറുകളിലൂടെ ഗ്രാമീണ മേഖലയിലും സജീവ സാന്നിധ്യമാവാൻ കമ്പനിക്കു കഴിയുമെന്നു കുര്യൻ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ യമഹയുടെ സ്കൂട്ടർ വിൽപ്പനയിൽ 10% ആണു ഗ്രാമങ്ങളുടെ സംഭാവന. അടുത്ത വർഷത്തോടെ ഈ വിഹിതം 15% ആക്കി ഉയർത്താനാണു പദ്ധതി.

ഗതാഗത സൗകര്യം മെച്ചപ്പെട്ടതോടെ ഗ്രാമങ്ങളിലെ പെൺകുട്ടികളും സ്കൂട്ടറുകൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. യമഹയുടെ സ്കൂട്ടർ വിൽപ്പനയുടെ 70 ശതമാനത്തോളം സംഭാവന ചെയ്യുന്നത് രാജ്യത്തെ ഒന്നാം നിര, രണ്ടാം നിര പട്ടണങ്ങളാണ്. മോട്ടോർ സൈക്കിൾ വിഭാഗത്തിൽ 150 സി സിയിലേറെ എൻജിൻ ശേഷിയുള്ള വിഭാഗത്തിലാണു കുര്യനു പ്രതീക്ഷ; ‘എഫ് സീ’ ശ്രേണിയും ‘ആർ വണ്ണു’മാണ് ഈ വിഭാഗത്തിൽ യമഹയുടെ പ്രതിനിധികൾ. പ്രതിമാസം രണ്ടര ലക്ഷം യൂണിറ്റ് വിൽപ്പനയോടെ 10% വിഹിതമാണ് യമഹയ്ക്ക് ഈ വിഭാഗത്തിലുള്ളത്.