‘റേ’, ‘എഫ് സീ — എസ്’, ‘ഫേസർ’ വിൽപ്പന യമഹ നിർത്തി

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ നിന്നു ഗീയർരഹിത സ്കൂട്ടറായ ‘റേ’യും കാർബുറേറ്റർ ഘടിപ്പിച്ച ‘എഫ് സീ എസ്’, അർധ ഫെയറിങ്ങുള്ള ‘ഫേസർ 150’ മോട്ടോർ സൈക്കിളുകളും പിൻവലിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു മൂന്നു മോഡലുകളും അപത്യക്ഷമായതിനൊപ്പം ഇവയുടെ വിൽപ്പന യമഹ അവസാനിപ്പിച്ചതായി ഡീലർമാരും സ്ഥിരീകരിക്കുന്നു. പുതിയതും പരിഷ്കരിച്ചതുമായ വകഭേദങ്ങൾ ലഭ്യമാക്കിക്കഴിഞ്ഞതിനാൽ ‘റേ’, ‘എഫ് സീ എസ്’, ‘ഫേസർ 150’ എന്നിവയുടെ പിൻമാറ്റം വിൽപ്പനയെ ഒട്ടും ബാധിക്കില്ലെന്നാണു കമ്പനിയുടെ വിലയിരുത്തൽ. കാര്യമായ വിൽപ്പന കൈവരിക്കാനാവാത്തതിനാലാണ് ഈ മൂന്നു മോഡലുകൾ യമഹ ഇന്ത്യ ഒഴിവാക്കിയതെന്നാണു സൂചന.

സ്കൂട്ടറായ ‘റേ’ 2012ലാണു വിപണിയിലെത്തുന്നത്. പിന്നാലെ ‘റേ സീ’യും ‘ആൽഫ’യും പഴമയുടെ സ്പർശമുള്ള ‘ഫാസിനൊ’യുമൊക്കെ പുറത്തിറക്കി യമഹ ഇന്ത്യയിലെ സ്കൂട്ടർ ശ്രേണി വിപുലീകരിക്കുകയും ചെയ്തു. ‘റേ’യുമായുള്ള താരതമ്യത്തിൽ വില നാലായിരത്തോളം രൂപ അധികമായിട്ടും രൂപകൽപ്പനയിലെ മികവിൽ മികച്ച വിൽപ്പന കൈവരിക്കാൻ ‘ഫാസിനൊ’യ്ക്കു കഴിഞ്ഞെന്നാണു യമഹയുടെ അവകാശവാദം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്ത ‘റേ സീ ആറി’ന്റെ വരവിനു വഴിയൊരുക്കാൻ കൂടി ലക്ഷ്യമിട്ടാണു യമഹ 113 സി സി എൻജിനുള്ള ‘റേ’യെ കൈവിട്ടതെന്ന അഭ്യൂഹവും ശക്തമാണ്. ‘റേ’യെ അപേക്ഷിച്ചു കാഴ്ചപ്പകിട്ടേറിയ ‘റേ സീ ആറി’നു കരുത്തേകുന്നതു പക്ഷേ നിലവിലെ 113 സി സി, ബ്ലൂ കോർ സിംഗിൾ സിലിണ്ടർ എൻജിൻ തന്നെ. എന്നാൽ കാഴ്ചയിൽ കൂടുതൽ സ്പോർട്ടി ആവുന്നതോടെ ‘റേ സീ ആറി’ന് ഈ വിഭാഗത്തിലെ എതിരാളികളായ ഹോണ്ട ‘ഡിയോ’യെയും മറ്റും ഫലപ്രദമായി നേരിടാനാവുമെന്നാണു യമഹയുടെ പ്രതീക്ഷ. പോരെങ്കിൽ പുതിയ സ്കൂട്ടറിന്റെ മുന്തിയ വകഭേദത്തിൽ യമഹ അലോയ് വീലും ഡിസ്ക് ബ്രേക്കുമൊക്കെ ലഭ്യമാക്കുന്നുണ്ട്. അവതരണ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂണിനുള്ളിൽ ‘റേ സീ ആറി’ന്റെ വരവ് ഏറെക്കുറെ ഉറപ്പാണ്.

‘എഫ് സീ എസും’ ‘എഫേസർ എഫ് ഐ വെർഷൻ ടു’വുമൊക്കെ മികച്ച സ്വീകാര്യത കൈവരിച്ചതാണു മോട്ടോർ സൈക്കിൾ ശ്രേണിയിൽ പൊളിച്ചെഴുത്തിനു യമഹയെ പ്രേരിപ്പിച്ചത്. ഈ സാഹചര്യത്തിൽ കാർബുറേറ്റർ ഘടിപ്പിച്ച മോഡലുകൾ ഇനി വിൽക്കേണ്ടെന്നാണു കമ്പനിയുടെ നിലപാട്; എങ്കിലും ഈ ശ്രേണിയിലെ അടിസ്ഥാന വകഭദേമയ ‘എഫ് സി — 16’ കമ്പനി നിലനിർത്തിയിട്ടുണ്ട്. കാർബുറേറ്ററുകളോടുള്ള പ്രതിപത്തി കുറവ് മൂലം കഴിഞ്ഞ വർഷം അഞ്ചു മോഡലുകളാണു യമഹ പിൻവലിച്ചത്: ‘എസ് എസ് 125’, ‘എസ് സീ — ആർ ആർ’, ‘വൈ ബി ആർ 110’, ‘വൈ ബി ആർ 125’, ‘എസ് സീ — എസ്’ എന്നിവയുടെ വിൽപ്പനയായിരുന്നു കമ്പനി അവസാനിപ്പിച്ചത്.