യമഹയുടെ ചെന്നൈ ശാല അടുത്ത മാസത്തോടെ

ചെന്നൈയിൽ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ സ്ഥാപിക്കുന്ന പുതിയ ശാല മിക്കവാറും അടുത്ത മാസത്തോടെ പ്രവർത്തനക്ഷമമാവും. 1,500 കോടി രൂപ ചെലവിൽ സ്ഥാപിച്ച ശാലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ചതായി യമഹ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) റോയ് കുര്യൻ അറിയിച്ചു. തുടക്കത്തിൽ പ്രതിവർഷം 4.50 ലക്ഷം യൂണിറ്റാവും ചെന്നൈ ശാലയുടെ ഉൽപ്പാദനശേഷി. മൂന്നു വർഷത്തിനകം ശാലയുടെ ശേഷി 18 ലക്ഷം യൂണിറ്റിലെത്തിക്കാനാണു യമഹ ലക്ഷ്യമിടുന്നത്. 1,800 തൊഴിവസരങ്ങളും പുതിയ ശാല സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ.

നിലവിൽ ഉത്തർപ്രദേശിലെ സൂരജ്പൂരിലുള്ള രണ്ടു ശാലകളിൽ നിന്നാണു യമഹ മോഡലുകൾ വിൽപ്പനയ്ക്കെത്തുന്നത്. മൊത്തം 10 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ഈ ഫാക്ടറികളിൽ നിന്നുള്ള മോഡലുകൾ കമ്പനി ദക്ഷിണ അമേരിക്കയിലേക്കും ആസിയാൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്. കൂടാതെ ഹരിയാനയിലെ ഫരീദാബാദിൽ കമ്പനിയുടെ സ്പെയർ പാർട്സ് നിർമാണശാലയും പ്രവർത്തിക്കുന്നുണ്ട്.

ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതി മേഖലയിലെ പ്രവർത്തനം ശക്തമാക്കാനും യമഹ മോട്ടോർ ഇന്ത്യക്കു പദ്ധതിയുണ്ട്. നിലവിൽ ഒന്നര ലക്ഷം യൂണിറ്റാണു കമ്പനിയുടെ വാർഷിക കയറ്റുമതി; ഇക്കൊല്ലം കയറ്റുമതി 2.50 ലക്ഷം യൂണിറ്റായി ഉയർത്താനാണു യമഹയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം 5.60 ലക്ഷം ഇരുചക്രവാഹനങ്ങളാണു യമഹ ആഭ്യന്തര വിപണിയിൽ വിറ്റത്; ഇക്കൊല്ലം വിൽപ്പന 6.30 ലക്ഷമായി ഉയരുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 2017ൽ വിൽപ്പന 10 ലക്ഷം യൂണിറ്റിലെത്തിക്കുകയാണു യമഹയുടെ മോഹം. 2018 ആകുമ്പോൾ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ 10% വിഹിതമെന്ന ദീർഘനാളായുള്ള സ്വപ്നം സഫലമാകുമെന്നും യമഹ കണക്കുകൂട്ടുന്നു.

യമഹയെ സംബന്ധിച്ചിടത്തോളം വിൽപ്പന അടിസ്ഥാനമാക്കി ഇന്തൊനീഷയ്ക്കും വിയറ്റ്നാമിനും പിന്നിൽ മൂന്നാം സ്ഥാനത്തുള്ള വിപണിയാണ് ഇന്ത്യ. എന്നാൽ അടുത്ത വർഷത്തോടെ സ്കൂട്ടർ വിഭാഗത്തിലെ മികവിൽ വിയറ്റ്നാമിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്കാവുമെന്നു റോയ് കുര്യൻ കരുതുന്നു. കഴിഞ്ഞ വർഷത്തെ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 27 — 29% സ്കൂട്ടറുകളുടെ വിഹിതമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലവും ജനുവരി — ജൂൺ കാലത്തെ വിൽപ്പനയിൽ സ്കൂട്ടറുകളാണു മികച്ച പ്രകടനം കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ 2015ലെ മൊത്തം ഇരുചക്രവാഹന വിൽപ്പനയിൽ 29 — 30% സ്കൂട്ടറുകളുടെ വിഹിതമാകുമെന്നു റോയ് കുര്യൻ കരുതുന്നു. നഗരപ്രദേശങ്ങളിൽ ധാരാളം പേർ ബൈക്കുകൾ ഉപേക്ഷിച്ചു സ്കൂട്ടറുകൾ തിരഞ്ഞെടുക്കുന്നുണ്ട്. നിലവിൽ സ്കൂട്ടർ വിഭാഗത്തിൽ ഗണ്യമായ സ്വാധീനമില്ലെങ്കിലും കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെ നില മെച്ചപ്പെടുത്താൻ കമ്പനിക്കു കഴിഞ്ഞെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. നിലവിൽ നാലു ഗീയർരഹിത സ്കൂട്ടറുകളാണു യമഹ ഇന്ത്യയിൽ വിൽക്കുന്നത്: ‘റേ’, ‘റേ സീ’, ‘ആൽഫ’, ‘ഫാസിനൊ’.