ടൊയോട്ട: പരസ്യ പ്രചാരണ പങ്കാളിയായി സെനിത്ത് ഒപ്റ്റിമീഡിയ

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ഇന്ത്യയിലെ വാഹന വ്യാപാരത്തിന്റെ പരസ്യ പ്രചാരണ ചുമതലകൾ ഇനി സെനിത്ത് ഒപ്റ്റിമീഡിയയ്ക്ക്. പെർസെപ്റ്റ് എച്ചുമായുള്ള സഖ്യത്തിലാവും സെനിത്ത് ഒപ്റ്റിമീഡിയ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ മോഡലുകളായ ‘ഇന്നോവ’, ‘കൊറോള ഓൾട്ടിസ്’, ‘ഫോർച്യൂണർ’, ‘കാംറി ഹൈബ്രിഡ്’ തുടങ്ങിയവയുടെ പരസ്യരൂപകൽപ്പന ഏറ്റെടുക്കുക. ഏജൻസിയുടെ ബെംഗളൂരു ഓഫിസിനാവും ടി കെ എം പരസ്യങ്ങളുടെ ചുമതല നിലവിൽ ചൈനയിലും യൂറോപ്പിലും യു എസിലുമൊക്കെ ടൊയോട്ടയുടെ പരസ്യ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് സെനിത്ത് ഒപ്റ്റിമീഡിയയാണ്. 74 രാജ്യങ്ങളിലായി 262 ഓഫിസുള്ള സെനിത്ത് ഒപ്റ്റിമീഡിയയിൽ ഏഴായിരത്തി അഞ്ഞൂറിലേറെ ജീവനക്കാരാണുള്ളത്. പബ്ലിസിസ് ഗ്രൂപ്പിന്റെ ഭാഗമായ സെനിത്ത് ഒപ്റ്റിമീഡിയയുടെ പ്രധാന ഇടപാടുകാർ നെസ്ലെ, മൈക്രോമാക്സ്, എൽ വി എം എച്ച് ഗ്രൂപ്, ജബോങ്, എച്ച് ആൻഡ് എം, ട്രുകോളർ, ഫിറ്റ്ബിറ്റ് തുടങ്ങിയ കമ്പനികളാണ്.

ടൊയോട്ടയുടെ മാധ്യമ ആവശ്യങ്ങൾ നിറവേറ്റാൻ പെർസെപ്റ്റ് എച്ചുമായി സഹകരിക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നു സെനിത്ത് ഒപ്റ്റിമീഡിയ മാനേജിങ് ഡയറക്ടർ ഹരികൃഷ്ണൻ അഭിപ്രായപ്പെട്ടു. വാഹനവ്യാപാരം നേരിടുന്ന കനത്ത മത്സരം പരിഗണിക്കുമ്പോൾ പരസ്യപ്രചാരണത്തിൽ പുതുമയുള്ള സമീപനം അനിവാര്യമാണ്. ലഭ്യമായ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തി ടൊയോട്ടയുടെ ആശയവിനിമയ വിഭാഗത്തെ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്മതാക്കി.