എച്ച്പി, ബിഎച്ച്പി, പിഎസ് ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?

വാഹനങ്ങളുടെ എൻജിൻ കരുത്തു പറയുമ്പോൾ പല കമ്പനികൾ പല രീതി സ്വീകരിക്കുന്നത് ജനത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. എച്ച്പി, ബിഎച്ച്പി, പിഎസ്, കിലോവാട്ട് എന്നിവയൊക്കെ സൗകര്യംപോലെ എടുത്തു പ്രയോഗിക്കുകയാണു പലരും. 

ഇവ തമ്മിലുളള ബന്ധമെന്ത്? എങ്ങനെ താരതമ്യപ്പെടുത്തും? സൂത്രവാക്യങ്ങൾ ലളിതമാണ്. ഹോഴ്സ്പവർ (കുതിരശക്തി) അഥവാ എച്ച്പി എന്നത് എൻജിൻ പുറത്തെടുക്കുന്ന യഥാർഥ കരുത്താണ്. എന്നാൽ ബിഎച്ച്പി എന്ന ബ്രേക്ക് ഹോഴ്സ്പവർ ആണു വാഹനങ്ങളുടെ കാര്യത്തിൽ പ്രസക്തം. എൻജിനിൽനിന്ന് ഗിയർബോക്സ്, ഓൾട്ടെർനേറ്റർ തുടങ്ങിയ യന്ത്രഭാഗങ്ങളൊക്കെ എടുത്തശേഷം ബാക്കിയുള്ള കരുത്താണ് ബിഎച്ച്പി. ഇതാണു വണ്ടിയുടെ കരുത്താവുക. ഇപ്പോൾ പലരും ബിഎച്ച്പിയെ എച്ച്പി എന്നു ചുരുക്കിപ്പറയുന്നു. 

ജർമൻ ഭാഷയിൽ കുതിരശക്തിയെ സൂചിപ്പിക്കുന്ന വാക്കായ ഫെർഡെസ്ടാർക്ക് (Pferdestarke) ആണു പിഎസ് എന്ന ചുരുക്കെഴുത്തിനു പിന്നില്‍. എന്നാല്‍ പിഎസും ബിഎച്ച്പിയും തമ്മില്‍ നേരിയ വ്യത്യാസമുണ്ട്. ജര്‍മന്‍ കുതിരകള്‍ക്കു ശക്തി കുറവായതു കൊണ്ടാണോന്നറിയില്ല!  100 പിഎസ് എന്നാൽ 98.6 ബിഎച്ച്പിയേ ആകുന്നുള്ളൂ. എങ്കിലും പല കമ്പനികളും ഇവ ഒരേ അർഥത്തിൽ ഉപയോഗിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങൾ ജർമൻ കുതിരയെ വിട്ട് കിലോവാട്ട് ഔദ്യോഗിക യൂണിറ്റായി 1992ൽത്തന്നെ സ്വീകരിച്ചിട്ടുണ്ടെങ്കിലും പിഎസ് ഇപ്പോഴും ഇന്ത്യയിൽ ഉപയോഗിക്കുന്നതെന്തിനായിരിക്കും. സിംപിൾ. 100 പിഎസ് എന്നു കേട്ടാൽ 98.6 ബിഎച്ച്പി എന്നതിനെക്കാൾ ശക്തി കൂടുതലാണെന്ന് ഉപയോക്താക്കൾക്കു തോന്നുന്നെങ്കിൽ ആയിക്കോട്ടെ എന്നുതന്നെ.

ഒരു കിലോവാട്ട് എന്നാൽ 1.34 ബിഎച്ച്പിയാണ്. 100 കിലോവാട്ട് 134 ബിഎച്ച്പി അഥവാ 135.96 പിഎസ്. കാറുകൾ താരതമ്യപ്പെടുത്താൻ സാങ്കേതിക വിവരങ്ങളെടുത്തുമുന്നിൽവയ്ക്കുമ്പോൾ ഈ യൂണിറ്റുകളുടെ കൺവേർഷൻ ഫോർമുല കൂടി കരുതുക.