കാർ മൂലമുള്ള ‌അപ്രതീക്ഷിത ചെലവ് ഒഴിവാക്കാൻ ചെയ്യാം ഈ കാര്യങ്ങൾ

service-cost
SHARE

ഒരു കാറ് മേയ്ച്ചു നടക്കാൻ കയ്യിൽ പെട്രോൾ അടിക്കാനുള്ള കാശ് മാത്രംപോരെന്ന് കാറുള്ളവർക്കെല്ലാം അറിയാം. കാറ് വാങ്ങി ദിവസം കുറച്ചു കഴിഞ്ഞാൽ പിന്നെ സർവീസ് സെന്ററുകാരുടെ പുന്നാരവും കുറയും. ആദ്യമൊക്കെ ചെറു പരാതികളുമായി ചെന്നാൽ പരിഹരിച്ചു തരുമെങ്കിലും, പിന്നെ കൈ അൽപമൊന്നു പൊള്ളും. അതുകൊണ്ട് പോക്കറ്റ് അധികം ചോരാതെ കാർ പരിപാലനത്തിന് ആവശ്യമായ പദ്ധതികൾ എടുത്തുവയ്ക്കുന്നത് നന്ന്. എക്സ്റ്റന്റഡ് വാറന്റി, വാർഷിക പരിപാലന കരാർ(annual maintenance contract- AMC) തുടങ്ങിയ സ്കീമുകൾ കാർ ഉടമകൾക്കു നൽകുന്ന ആശ്വാസം ചെറുതല്ല. ഇൻഷുറൻസിൽ നിന്നു വ്യത്യസ്തമാണ് ഇവ രണ്ടുമെന്ന് ആദ്യം മനസിലാക്കണം. അധിക തുക മുടക്കിയാണ് ഇവ വാങ്ങേണ്ടത്. ചെറിയൊരു തുക തുടക്കത്തിൽ മുടക്കിയാൽ പിന്നീടുണ്ടാകുന്ന അമിതഭാരം ഒഴിവാക്കാൻ സാധിക്കും.

ഇൻഷുറൻസല്ല എക്സ്റ്റൻഡഡ് വാറന്റി

വാഹനത്തോട് ഒപ്പം സൗജന്യമായി കിട്ടുന്നതാണ് അതിന്റെ വാറന്റി. ഏതാനും വർഷത്തേക്കും നിശ്ചിത കിലോമീറ്റർ പരിധിക്കുമായിരിക്കും വാഹനത്തിന് വാറന്റി ഉണ്ടായിരിക്കുക. നിർമാണപ്പിഴവു മൂലം എൻജിനുമായി ബന്ധപ്പെട്ട മെക്കാനിക്കൽ ഘടകങ്ങൾക്ക് ഉണ്ടാകുന്ന തകരാറുകൾക്കാണ് വാറന്റി ലഭിക്കുക. വാറന്റി പരിധിക്കു ശേഷം ഇത്തരം തകരാറുകൾ വന്നാൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടല്ലോ എന്ന് ആശ്വസിക്കരുത്. അപകടങ്ങൾ, മറ്റ് ദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തകരാറുകൾക്കു മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. അതിനാൽ വാറന്റിക്കു ശേഷം കാറിന്റെ മെക്കാനിക്കൽ ഘടകങ്ങൾക്കുണ്ടാകുന്ന തകരാർ ഉടമയ്ക്ക് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുക. അതിനൊരു പരിഹാരമാണ് എക്സ്റ്റൻഡഡ് വാറന്റി. കമ്പനികൾ സാധാരണ വാറന്റിക്കു പുറമേ മൂന്നു വർഷം വരെ അധിക തുക ഈടാക്കി വാറന്റി നീട്ടിനൽകുന്നുണ്ട്. 

എല്ലാം ഉൾപ്പെടില്ല വാറന്റിയിൽ

എക്സ്റ്റൻഡഡ് വാറന്റി എടുത്താൽ എല്ലാമായി എന്നു കരുതരുത്. കാറിന്റെ മെക്കാനിക്കൽ ഘടകങ്ങൾ ഒഴിവെയുള്ളവയുടെ പരിപാലനത്തിന് എഎംസി, പിടുപി തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന സ്കീമുകൾ സ്വന്തമാക്കി വയ്ക്കുക. ഇടത്തരം കാറുകളുടെ ഇത്തരം സ്കീമുകൾ 4000–10000 രൂപ നിലവാരത്തിൽ ലഭ്യമാണ്.(ഓരോ കമ്പനിക്കും വ്യത്യസ്തം.) കാറിന്റെ തേയ്മാന സ്വഭാവമുള്ള വൈപ്പർ ബ്ലേഡ്, ക്ലച്ച്, ബ്രേക്ക് പാഡ്, സസ്പെൻഷൻ ബുഷ്. എൻജിൻ മൗണ്ട്, എസി ബെൽറ്റ് തുടങ്ങിയ ഘടകങ്ങൾ തികച്ചും സൗജന്യമായി ഇതിലൂടെ മാറ്റിക്കിട്ടും. ഇല്ലെങ്കിൽ ഒരു വൈപ്പർ ബ്ലേഡ് മാറ്റാൻ നൽകേണ്ടത് ഏകദേശം 450 രൂപ മുതലാണ്. ക്ലച്ച് ഭാഗങ്ങൾക്ക് 2000 രൂപയ്ക്ക് അടുത്ത് ചെലവുവരും. എന്നാൽ സ്കീമുകളിൽ ഏതെങ്കിലും കൈവശമുണ്ടെങ്കിൽ പണിക്കൂലി അടക്കം സൗജന്യമാണെന്നും ഓർക്കുക.  

വാഹനത്തിന്റെ ഷെഡ്യൂൾഡ് സർവീസുകളിൽ എൻജിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ്, വീൽ അലൈൻമെന്റ്, റൊട്ടേഷൻ എന്നിവയെല്ലാം അധിക ചെലവില്ലാതെ കിട്ടുന്നതിനും ഇത്തരം സ്കീമുകൾ സഹായിക്കും. കാർ പണിമുടക്കി വഴിയിൽ കിടന്നാലും ഇതിന്റെ സൗജന്യം ലഭിക്കും. അല്ലെങ്കിൽ ഒരു പിക്കപ്പ് ലോറി വിളിച്ച് കാർ സർവീസ് സെന്ററിൽ എത്തിക്കാൻ 2500 രൂപയെങ്കിലും ആകും എന്നു മറക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA