ചൂടത്ത് ഫുൾടാങ്ക് പെട്രോൾ അടിച്ചാൽ എന്താ കുഴപ്പം ?

ഓരോ ദിവസത്തേയും ചൂട് റിക്കോർഡുകൾ തകർത്ത് കൂടിക്കൊണ്ടിരിക്കുകയാണ്. ചൂടത്ത് പുറത്തിറങ്ങിയാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ധാരാളമുണ്ട്. അക്കാര്യങ്ങളുടെ കൂട്ടത്തിൽ സോഷ്യൽ മിഡിയകളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്ന പോസ്റ്റാണ്. ചൂടു കൂടുന്ന അവസ്ഥയിൽ വാഹനങ്ങളിൽ ഫുൾടാങ്ക് ഇന്ധനം നിറയ്ക്കരുതെന്നത്.

ഗൾഫ് രാജ്യങ്ങളിൽ സർക്കാർ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, അന്തരീക്ഷ താപനില വർദ്ധിക്കുന്നതുകൊണ്ട് ഫുൾടാങ്ക് ഇന്ധനം നിറയ്ക്കുന്നതു വാഹനം തീപിടിക്കുന്നതിന് കാരണമാകുമെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട്? ചൂടത്ത് ഇന്ധനം ഫുൾടാങ്ക് നിറച്ചാൽ എന്താണ് കുഴപ്പം. രാജ്യത്തെ പ്രമുഖ ഇന്ധന വിതരണക്കാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ അതിനുള്ള വിശദീകരണം നൽകിയിട്ടുണ്ട്.

ഫുൾടാങ്ക് പെട്രോൾ നിറയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാനില്ല. മറിച്ച് പകുതി ഇന്ധമുള്ളതിനെക്കാൾ സുരക്ഷിതമാണ് താനും. വാഹന നിർമാതാക്കൾ എല്ലാ ഘടകങ്ങളും പരിശോധിച്ചിട്ടാണ് ഓരോ മോഡലുകളും പുറത്തിറക്കുന്നത്. സുരക്ഷിതമല്ലത്ത വാഹനങ്ങൾ അവർ പുറത്തിറക്കില്ല. വാഹനത്തിൽ നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അതിനാല്‍ കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പരമാവധി അളവിൽ ഇന്ധനം ടാങ്കില്‍ നിറയ്ക്കുന്നത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. അതിന് ചൂടുകാലമെന്നോ തണുപ്പു കാലമെന്നോ വ്യത്യാസമില്ല.