ഒരു കുടക്കീഴിൽ...

Hindustan Autohub

വാഹനങ്ങളെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും ഒരു കുടക്കീഴിൽ... പുതിയ സങ്കൽപമൊന്നുമല്ല. പണ്ടേ പലരും പ്രയോഗിക്കാൻ ശ്രമിച്ചിട്ടുള്ളതാണ്. വിദേശരാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കുകയും ചെയ്യുന്നു.സംഗതി ലളിതം. പുതിയ വാഹനങ്ങൾ വാങ്ങാനവസരം. പഴയവ വിൽക്കാനും വാങ്ങാനുമൊരു വേദി. ഏതു ബ്രാൻഡേതായാലും സർവീസ് ചെയ്യാം. ആക്സസറികളും സ്പെയർ പാർട്സും തിരഞ്ഞെടുക്കാം. കാറുകൾ കഴുകാം, പോളീഷ് ചെയ്യാം. ഇൻഷുറൻസ് എടുക്കാം, പുതുക്കാം. പെട്രോളും ഡീസലും അടിക്കാം. ഇങ്ങനെ ഒരു വാഹനം ഉപയോഗിക്കുന്നവർക്ക് വേണ്ടതെല്ലാം ഒറ്റയടിക്കു കൊടുത്താലോ?

കേൾക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും അത്ര ലളിതമല്ല സംഭവം. മാരുതിയുടെ പഴയ എം ഡി ജഗ്ദീഷ് ഘട്ടർ കാർനേഷൻ എന്ന ബ്രാൻഡിൽ കുറെ വർഷങ്ങൾക്കു മുമ്പ് ഈ ആശയം പ്രാവർത്തികമാക്കിയതാണ്. ഇന്ത്യയൊട്ടാകെ ഇത്തരം ഷോറൂമുകൾ പ്രവർത്തിക്കയും ചെയ്യുന്നു. ഘട്ടർ വിഭാവനം ചെയ്ത തലത്തിലേക്ക് കാർനേഷൻ ഉയർന്നിട്ടുണ്ടോയെന്നറിയില്ലെങ്കിലും മോശമല്ലാത്ത തരത്തിൽ കാര്യങ്ങൾ നീങ്ങുന്നുവെന്നാണറിവ്.

Hindustan Autohub

ഇപ്പോഴിതാ ഈ ആശയത്തിൻറെ തെല്ലു വിപുലമായ രൂപവുമായി കേരളത്തിൽ നിന്ന് ഒരു സ്ഥാപനം എത്തുന്നു. ഹിന്ദുസ്ഥാൻ ഓട്ടൊ ഹബ് കൺസോർഷ്യം www.hindustanautohub.com പെട്രോളടിക്കുന്നതു മുതലുള്ള എല്ലാ സൗകര്യങ്ങളും ഈ ഓട്ടൊ ഹബുകളിൽ ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രഥമ സംരംഭം കൊച്ചിയിൽ തയാറെടുക്കുന്നു. കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ഈ സേവനം വൈകാതെ ലഭ്യമാക്കാനാണ് ശ്രമം. പെട്രോൾ പമ്പുകളുടെ വികസിത രൂപമെന്നു ഈ സങ്കൽപത്തെ ലളിത വൽക്കരിക്കാം. പെട്രോൾ, ഡീസൽ, ഗ്യാസ് പമ്പുകൾക്കൊപ്പം വീട്ടിലേക്ക് സിലണ്ടറുകളിൽ പാചകവാതകം വാങ്ങാനും ഇവിടെ സൗകര്യമുണ്ട്. സബ്സിഡിയില്ലാത്ത പാചകവാതകമാണ് ലഭ്യമാക്കുക. വൈകാതെ ലിക്യുഫൈഡ് നാചുറൽ ഗ്യാസും ഈ പമ്പുകളിൽ ലഭിക്കും. ഭാവിയിൽ ബയോ ഡീസൽ സ്റ്റേഷനുകൾ, ഇലക്ട്രിക് ചാർജ് ഔട്ട്ലെറ്റുകൾ എന്നിവയുണ്ടാകും.

ആറു മിനിറ്റു കൊണ്ട് വാഹനം കഴുകി നൽകുന്ന ഓട്ടമാറ്റിക് ബൂത്തുകൾ കേരളത്തിലിന്നു വിരളമാണ്. ഈ ഹബിൽ ആ സേവനവും ലഭിക്കും. ടയർ ഷോപ്പ്, വീൽ ബാലൻസിങ്, അലൈൻമെൻറ്, ബാറ്ററി ഷോപ്പ്, സർവീസിങ് എന്നിവയുണ്ട്. ടയറും ബാറ്ററിയും തിരഞ്ഞെടുക്കാൻ ഹെൽപ് ഡെസ്കുകളുണ്ടായിരിക്കും. ഫാൾക്കൻ ടയേഴ്സ്, ടാറ്റാ ഗ്രീൻ ബാറ്ററി എന്നിവരുമായി ഈ സേവനങ്ങൾക്കായി കരാറായതായി പ്രമോട്ടർമാർ അറിയിച്ചു. ഏതാണ്ടെല്ലാ ബ്രാൻഡ് കാറുകൾക്കും സർവീസ് നൽകാൻ ശേഷിയുള്ള കാർ ഡീറ്റെയ്ലിങ് ഷോപ്പാണ് മറ്റൊരു ആകർഷണം. 12 മിനിറ്റു കൊണ്ട് കാറുകളുടെ ഉൾവശം വൃത്തിയാക്കി സ്റ്റെറിലൈസ് ചെയ്ത് ബാക്ടീരിയ വിമുക്തമാക്കാനും സംവിധാനമുണ്ട്. ഫ്ളോർ മാറ്റുകളും എയർ കണ്ടീഷനിങ്ങും വരെ ഇത്തരത്തിൽ സ്റ്റെറിലൈസ് ചെയ്യും. ടയറുകളിൽ നൈട്രജൻ നിറയ്ക്കൽ സൗജന്യമായി ലഭിക്കും. മലിനീകരണം ടെസ്റ്റു ചെയ്യാം.

Hindustan Autohub

കസ്റ്റമർ ലോഞ്ചുകളും വിഭിന്നമായിരിക്കും. രാവിലെ കാറു കൊടുത്ത് വൈകിട്ട് തിരിച്ചെടുക്കുന്ന പരിപാടിയില്ല. ഏതാനും മിനിറ്റുകൾക്കൊണ്ട് കാര്യങ്ങൾ നടത്തി കസ്റ്റമർക്ക് മടങ്ങാം. ഈ സമയം വിരസതയകറ്റാൻ സൗജന്യ വൈഫൈ സൗകര്യത്തോടെയുളള ലോഞ്ച്. ഇവിടെ എ ടി എം കൗണ്ടറുകൾ മുതൽ സ്നാക്ക് സ്റ്റാളുകൾ വരെയുണ്ടാകും. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലായിരിക്കും പ്രവർത്തനം. 10 മുതൽ 60 സെൻറ് വരെ സ്ഥലം ഓട്ടോ ഹബ് തുടങ്ങാൻ ആവശ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും ഒഴികെയുള്ള സേവനങ്ങൾ ആദ്യഘട്ടങ്ങളിൽ ലഭ്യമാകും. ഭാവിയിൽ ഈ സേവനങ്ങളും വന്നു കൂടായ്കയില്ല.