മഴത്തുള്ളികളിലൂടെ യാത്ര പോകുമ്പോൾ

മഴക്കാല വാഹനയാത്ര അപകടങ്ങൾ കൂട്ടും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മഴ മനോഹരമാണെങ്കിലും വണ്ടി ഓടിക്കുമ്പോൾ മരണത്തിലെത്തിക്കുന്ന വില്ലനാകാം. മഴത്തുള്ളികൾ കാഴ്ചയെ ബാധിക്കുന്നതാണ് ഒരു പ്രധാനപ്രശ്നം. കാഴ്ചശക്തിയെ പ്രതികൂലമായി ബാധിക്കുന്ന മഞ്ഞും മോശം ഏസിയും ഹീറ്ററുകൾ ഇട്ടാൽ ഉണ്ടാകുന്ന ഉറക്കവും അപകടങ്ങളിലേക്കു നയിക്കുന്നു. തണുത്ത കാലാവസ്ഥ വണ്ടിയുടെ പ്രവർത്തനക്ഷമത കൂട്ടും. എന്നാൽ തന്മൂലമുണ്ടാകുന്ന അമിത ധൈര്യം അപകടങ്ങളുണ്ടാക്കാം. കാഠിന്യമേറിയ വേനലിനു ശേഷമുള്ള പുതുമഴ അപകടകാരിയാണ്.

ഡ്രൈവിങിൽ ഓർക്കാൻ

∙ മഴക്കാലത്ത് കാറിന്റെ ഗ്ലാസുകൾ വൃത്തിയാക്കാനും വൈപ്പറുകൾ പ്രവർത്തിപ്പിക്കാനും ശ്രദ്ധിക്കണം.
∙ മഴക്കാലത്തിനു മുമ്പു വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കണം. തേഞ്ഞുതീരാറായ ടയറുകൾ മാറ്റണം. വൈപ്പറുകൾ, എൻജിൻ എന്നിവയുടെ അവസ്ഥയും പരിശോധിക്കണം.
∙ മഴ തുടങ്ങിയാൽ രാത്രിയും പകലും ഹെഡ്ലൈറ്റും വൈപ്പറും ഓണാക്കണം.
∙ മഴക്കാല യാത്രയിൽ വേഗത തീർച്ചയായും കുറയ്ക്കണം.
∙ ഗ്ലാസുകളിൽ മഞ്ഞുമൂടിയാൽ ഡീഫ്രോസ്റ്റർ ഉപയോഗിക്കുക.
∙ മറ്റു കാറുകളുടെ വളരെ അടുത്തു യാത്ര ഒഴിവാക്കി ദൂരമിട്ടു വണ്ടി ഓടിക്കണം.
∙ അന്തരീക്ഷത്തിലെ ജലകണികകളിൽ തട്ടി പ്രതിഫലിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഹൈബീമിനേക്കാൾ ലോ ബീമാണു നല്ലത്.
∙ ഡ്രൈവ് ചെയ്യുമ്പോൾ റേഡിയോയും സെൽഫോണുകളും ഒഴിവാക്കുക.
∙ മഴമൂലം കുത്തിയൊഴുക്കുള്ള റോഡുകളിലൂടെ വാഹനം ഓടിക്കാതിരിക്കുക.
∙ വണ്ടി ഗട്ടറുകളിൽ ചാടാതെ സൂക്ഷിക്കുക. ഇല്ലെങ്കിൽ വെള്ളം തെറിച്ചു വീണ് എൻജിനു കേടു വരാം.
∙ ട്രക്കിന്റെയോ ബസിന്റെയോ പിന്നാലെ നീങ്ങുമ്പോൾ സാധാരണയിൽ കൂടുതൽ അകലം സൂക്ഷിക്കുക. താരതമ്യേന വലിയ ടയറുകളായതുകൊണ്ട് അവയിൽ തട്ടി വെള്ളം തെറിച്ചു വീണു കാഴ്ച തടസപ്പെടുന്നത് ഒഴിവാക്കാം.
∙ മറ്റു വണ്ടികളുടെ തൊട്ടടുത്തെത്താൻ നിൽക്കാതെ അൽപം അകലമിട്ടു പതിയെ ബ്രേക്കിടാം.
∙ വണ്ടി കുഴിയിൽ ചാടിയാൽ ബ്രേക്ക് പെഡലിൽ കൈ കൊണ്ടു പതിയെ തട്ടുക.

ശരിയായ ഇരിപ്പ്

∙ നീണ്ട മണിക്കൂറുകൾ കാറിൽ ചെലവഴിക്കുമ്പോൾ നടുവേദന അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. വണ്ടി ഓടിക്കുമ്പോൾ വേഗത്തിനും ചലനത്തിനും അനുസരിച്ച് ശരീരം നിയന്ത്രണമില്ലാതെ എല്ലാ ദിശയിലേക്കും ചലിക്കുന്നു. മുന്നോട്ട് ആഞ്ഞ് ഇരിക്കുമ്പോൾ നടുവിലെ കശേരുക്കളുടെ ഇടയിലെ ഡിസ്ക്കിന്റെ ഉള്ളിലുള്ള സമ്മർദം 180 ശതമാനം അധികമായി കണ്ടുവരുന്നു.
∙ വണ്ടി ഓടിക്കുമ്പോൾ കാൽ മുട്ടുകളും ഇടുപ്പും ഒരേ ഉയരത്തിലായിരിക്കണം.
∙ നടുവിനു സുഖം കിട്ടാൻ തുണിയോ പ്രത്യേകം നിർമിച്ചിരിക്കുന്ന നടുവിനു താങ്ങു നൽകുന്ന വസ്തുക്കളോ ഉപയോഗിക്കാം.
∙ സ്റ്റിയറിങ്ങിലേയ്ക്കു ചേർന്നിരിക്കുക. ദൂരെ നിന്നു കുനിഞ്ഞ് സ്റ്റിയറിങ് പിടിക്കുന്നത് ഒഴിവാക്കുക.
∙ നിരപ്പില്ലാത്ത സ്ഥലങ്ങളിലെ ബൈക്ക് യാത്രകളിൽ സ്പീഡ് കുറയ്ക്കുക.
∙ തളർച്ചയും ക്ഷീണവും മാറ്റാൻ പരമപ്രധാനമാണ് ഡ്രൈവിങ്ങിൽ ഇരിക്കുന്ന രീതി ഇടയ്ക്കിടെ മാറ്റുന്നത്.
∙ നീണ്ട ഡ്രൈവിങിനിടയിൽ ചെറിയ ബ്രേക്കുകൾ എടുക്കുക.
∙ സീറ്റിന്റെ ചെരിവ് 130 ഡിഗ്രി ആക്കി വയ്ക്കുന്നാണ് നല്ലത്.

രാത്രിയിലെ ഡ്രൈവിങ്

∙ ഹൈ ബീമുകൾ എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ചയെ തടസപ്പെടുത്താം. അതുകൊണ്ട് ലോ ബീം ഉപയോഗിക്കുക.
∙ ഫോഗ് ലാമ്പുകൾ രാത്രി ഡ്രൈവിങ്ങിന് സഹായകരമാണ്.
∙ മദ്യവും മറ്റു ലഹരിപദാർത്ഥങ്ങളും ഒഴിവാക്കുക. നീണ്ട രാത്രിയാത്രകൾ പ്രത്യേകിച്ച് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ ഒഴിവാക്കുക.
∙ ഒറ്റയ്ക്കുള്ള ഡ്രൈവിങ് ഒഴിവാക്കുക. കൂടെ ആളുള്ളത് നമ്മുടെ ജാഗ്രത പതിന്മടങ്ങാക്കും. ഉറക്കമിളച്ച് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് അപകടസാധ്യത കൂട്ടും.
∙ ഉറക്കം പാർശ്വഫലമായുള്ള മരുന്നുകൾ ഒഴിവാക്കുക. ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം യാത്രയിൽ മരുന്നുകൾ ഉപയോഗിക്കുക.
∙ തിരക്കൊഴിവാക്കി നേരത്തെ തയാറാക്കിയ പദ്ധതികളുമായി നേരത്തെ പുറപ്പെടുക. അമിതമായ സമ്മർദവും അപകടവും ഒഴിവാക്കാം.

ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ

ന്യൂ ഇംഗ്ലണ്ട് ജേണലിൽ പ്രസിദ്ധപ്പെടുത്തിയ പഠനം ബൈക്കുകളിൽ ഹെൽമറ്റിന്റെ ഉപയോഗം തലച്ചോറിന്റെ പരിക്ക് 85 ശതമാനം കണ്ടു കുറച്ചു എന്നു കണ്ടെത്തിയിരിക്കുന്നു.

∙ അംഗീകാരമുള്ള ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
∙ തീരെ ചെറുതും ഒരുപാടു വലുതുമായവ ഒഴിവാക്കുക.
∙ നെറ്റി മൂടി വേണം ഹെൽമറ്റ് ധരിക്കാൻ. പിറകിലേക്കു ചെരിച്ച് വയ്ക്കരുത്.
∙ സാമാന്യം മുറുക്കി തന്നെ സ്ട്രാപ്പുകൾ ഇട്ടിരിക്കണം.
∙ ഹെൽമെറ്റ് എറിഞ്ഞോ താഴെയിട്ടോ ഉപയോഗശൂന്യമാക്കാതിരിക്കാൻ ശ്രദ്ധിക്കുക.