വാഹനം ഓടിക്കുന്നവർക്ക് ഇതറിയുമോ?

വാഹനം ഉപയോഗിക്കുന്നവർ നിരന്തരം കേൾക്കുന്ന ചില വാക്കുകളുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും അവ എന്താണെന്ന് അറിയില്ല. ചില വാഹന ഘടകങ്ങളുടെ പേരുകളുകളും അവയുടെ ഉപയോഗവുമാണ് ഇനി പറയാൻ പോകുന്നത്.

ഡബിൾ / ട്രിപ്പിൾ ഇലക്ട്രോഡ് സ്പാർക് പ്ലഗ്

സ്പാർക് പ്ലഗിന്റെ വക്കിൽനിന്നു നടുവിലേക്ക് നീണ്ടുനിൽക്കുന്ന ലോഹഭാഗമാണ് എർത്ത് ഇലക്ട്രോഡ്. ഇത് സാധാരണ പ്ലഗിൽ ഒരെണ്ണമാണ് ഉണ്ടാവുക. എർത്ത് ഇലക്ട്രോഡിന്റെ എണ്ണം രണ്ട് (ഡബിൾ), മൂന്ന് (ട്രിപ്പിൾ) എണ്ണം വീതമുള്ളവ ആധുനിക രൂപകൽപ്പനയുള്ള സ്പാർക് പ്ലഗുകളാണ്. ഇവ മെച്ചപ്പെട്ട ജ്വലനവും തന്മൂലം മികച്ച എൻജിൻ പ്രവർത്തനവും നൽകാൻ പര്യാപ്തമാണ്. എന്നാൽ പഴകിയ എൻജിനുകളിൽ സാധാരണ പ്ലഗിനു പകരം ഇവ ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല.

ഇറിഡിയം സ്പാർക് പ്ലഗ്

ഏറെ ഉയർന്ന താപപ്രതിരോധ ശേഷി (ഉരുകാൻ 2500 ഡിഗ്രി) ഉള്ളതും കടുപ്പമേറിയതും ആയ ലോഹമാണ് ഇറിഡിയം. ഇറിഡിയം ചേർത്ത ലോഹക്കൂട്ടുകൊണ്ടുള്ള ഇലക്ട്രോഡുകളാണ് ഇറിഡിയം സ്പാർക് പ്ലഗിനുള്ളത്. തന്മൂലം ഇവ ശക്തിയേറിയ സ്പാർക് നൽകുക മാത്രമല്ല നീണ്ട കാലയളവ് ഈടുനിൽക്കുകയും ചെയ്യും. ഇറിഡിയം സ്പാർക് പ്ലഗ് ഉപയോഗിക്കുമ്പോൾ മികച്ച ത്രോട്ടിൽ പ്രതികരണമാണ് അനുഭവപ്പെടുക. ഇന്ധനക്ഷമത കൂടുകയും മലിനീകരണം കുറയുകയും ചെയ്യുമെങ്കിലും ഇതൊക്കെ നേരിയ തോതിൽ മാത്രമേ ഉണ്ടാവുകയുള്ളൂ.

വിസ്കസ് എയർഫിൽറ്റർ

എൻജിനിലേക്കു പ്രവേശിക്കുന്ന അന്തരീക്ഷവായുവിലെ പൊടി പോലുള്ള ഖരവസ്തുക്കൾ നീക്കംചെയ്യുകയാണ് എയർഫിൽറ്ററിന്റെ ജോലി. സാധാരണ എയർഫിൽറ്ററിൽ ഖരവസ്തുക്കളെ തടഞ്ഞ് വായു കടത്തിവിടുന്ന പ്രതലമാണുള്ളത്. വിസ്കസ് എയർ ഫിൽറ്ററിന്റെ ഈ പ്രതലത്തിൽ (പ്രത്യേക പേപ്പർ) സവിശേഷമായ ഒരു ഓയിൽ പുരട്ടിയിട്ടുണ്ട്. തന്മൂലം വായുവിലെ ഖരപദാർഥങ്ങൾ ഇതിൽ ഒട്ടിപ്പിടിക്കും. ഇത് ഫിൽറ്ററിന്റെ വായു ശുദ്ധീകരിക്കാനുള്ള ക്ഷമത വർധിപ്പിക്കുന്നു. എൻജിൻ പ്രവർത്തനവും ഈടുനിൽപ്പും മെച്ചപ്പെടുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം.

നൈട്രജൻ ഫില്ലിങ്

ടയറിൽ അന്തരീക്ഷവായുവിനു പകരം നൈട്രജൻ വാതകം നിറയ്ക്കുന്നതാണ് ഇത്. നൈട്രജൻ തന്മാത്രകൾക്ക് ഓക്സിജനെ അപേക്ഷിച്ചു വലുപ്പ കൂടുതൽ ഉള്ളതിനാൽ ചോർച്ച കുറയുകയും മർദം കൂടുതൽ കാലം നിൽക്കുകയും ചെയ്യും. ഓക്സിജന്റെ അഭാവത്തിൽ ടയറിനു കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന രാസജീർണനം കുറയും (നൈട്രജൻ നിഷ്ക്രിയ വാതകമാണ്). പരീക്ഷണങ്ങളിൽ നൈട്രജൻ നിറച്ച ടയർ ചൂടാകുന്നത് കുറവാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതും ടയറിന്റെ ആയുസ് വർധിപ്പിക്കുന്നു.

സിന്തെറ്റിക്/സെമി–സിന്തെറ്റിക് ഓയിൽ

എല്ലാ എൻജിൻ ഓയിലുകളും ക്രൂഡോയിൽ ശുദ്ധീകരിച്ചു കിട്ടുന്നവയാണ്. എന്നാൽ സിന്തെറ്റിക് ഓയിലിന്റെ നിർമാണ പ്രക്രിയ സാധാരണ ഓയിലിന്റെതിനേക്കാൾ സങ്കീർണമാണ്. തന്മൂലം സിന്തെറ്റിക് ഓയിലുകൾക്ക് കടുത്ത പ്രവർത്തന സാഹചര്യങ്ങളിലും എൻജിനു മികച്ച ലൂബ്രിക്കേഷൻ നൽകാനുള്ള കഴിവുണ്ട്. ആധുനിക എൻജിനുകളിൽ സിന്തെറ്റിക് ഓയിലിന്റെ ഉപയോഗം മികച്ച ഇന്ധനക്ഷമതയും പ്രകടനവും നൽകുന്നതായി പരീക്ഷണ സാഹചര്യങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. സിന്തെറ്റിക് ഓയിലും സാധാരണ ഓയിലും ഒരു പ്രത്യേക അനുപാതത്തിൽ സംയോജിപ്പിച്ചവയാണ് സെമി–സിന്തെറ്റിക് ഓയിലുകൾ. പഴകിയ എൻജിനുകളിൽ സാധാരണ ഓയിലിന്റെ സ്ഥാനത്ത് സിന്തെറ്റിക് ഓയിൽ ഉപയോഗിച്ചതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കില്ല.

ടെഫ്ളോൺ കോട്ടിങ് / അണ്ടർ ബോഡി കോട്ടിങ്

ഫ്ളൂറോ പോളിമർ എന്ന രാസവസ്തുവിൽനിന്നാണു ടെഫ്ളോൺ നിർമിക്കുന്നത്. ഇതിന് പെയിന്റ് ചെയ്ത ലോഹപ്രതലങ്ങളുമായി സംയോജിച്ച് തുരുമ്പും മങ്ങലും ചെറുക്കുന്ന ഒരു ആവരണം രൂപപ്പെടുത്താൻ കഴിവുണ്ട്. വാഹനങ്ങളുടെ പുറവും അടിവശവും ടെഫ്ളോൺ കോട്ടിങ് ചെയ്യാൻ കഴിയും. എന്നാൽ വാഹനങ്ങളുടെ അടിവശത്തു സാധാരണ ഒരു റബർ അധിഷ്ഠിത പെയിന്റോ ലാക്വർ കോട്ടിങ്ങോ ആണ് ഉപയോഗിക്കാറ്. ശാസ്ത്രീയമായി ചെയ്താൽ ഇവ രണ്ടും വാഹനങ്ങളുടെ ബോഡി തുരുമ്പെടുക്കുന്നതും പെയിന്റ് ഫിനിഷ് മങ്ങുന്നതും തടയും.