Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏയ് ഓട്ടോ, ഡോ പോടോ. !

auto

ഉള്ളിവടയുടെ മണമുള്ള കോട്ടയം റയിൽവേ സ്റ്റേഷൻ. രാത്രി ഒമ്പതുമണി. വൈകിയോടുന്ന തീവണ്ടി പ്ളാറ്റ്ഫോമിലിരുന്ന യാത്രക്കാരെ കൂവിക്കടന്നുപോയി. ട്രെയിനിൽ നിന്നിറങ്ങി വന്ന ചെറുപ്പക്കാരനോട് ഓട്ടോഡ്രൈവർ ചോദിച്ചു: എങ്ങോട്ടാ ? അയാൾ പറഞ്ഞു : ദേവലോകത്തിന്. കേറിക്കോ. എന്നു പറഞ്ഞിട് ഡ്രൈവർ ഓട്ടോ പായിച്ചു വിട്ടു. യാത്രക്കാരൻ ചോദിച്ചു: മീറ്ററിടുന്നില്ലേ..?

കോട്ടയത്ത് ആരും മീറ്റർ ഇടാറില്ല. ഇവിടത്തെ യാത്രക്കാരെല്ലാം മാന്യന്മാരാ.. എന്ന് ഓട്ടോഡ്രൈവർ. കോഴിക്കോട്ട് എല്ലാവരും ഇടും, കൃത്യമായ ചാർജേ വാങ്ങിക്കൂ.. എന്നായി യാത്രക്കാരൻ. ഓട്ടോഡ്രൈവർ അത് മൈൻഡ് ചെയ്തില്ല. എന്നാൽ കോഴിക്കോട്ട് നിന്ന് ഒരു ഓട്ടോ പിടിച്ചു വന്നാൽ മതിയായിരുന്നല്ലോ എന്ന ഭാവത്തോടെ വണ്ടിയോടിക്കൽ തുടർന്നു. ദേവലോകത്ത് കറന്റ് കട്ടായിരുന്നു. അവിടെ ചെന്നിറങ്ങുമ്പോൾ യാത്രക്കാരൻ ചോദിച്ചു : എത്രായി.. ? ഡ്രൈവർ പറഞ്ഞു : 200 രൂപ. നാലു കിലോമീറ്ററിൽ താഴെയേ ഓടിയുള്ളൂ. 200 രൂപയോ ! യാത്രക്കാരനു ദേഷ്യം വന്നു. – ഞാൻ ചോദിച്ചത് ഈ ഓട്ടോയുടെ വിലയല്ല..75 രൂപ തരാം.. എന്നുപറഞ്ഞ് യാത്രക്കാരൻ പഴ്സെടുത്തു. ഓട്ടോ ഡ്രൈവർ വാങ്ങിയില്ല. 200 രൂപയിൽ കുറച്ച് വേണ്ട. തർക്കം മൂത്തു. വഴക്കായി. പരസ്പരം പിതാക്കന്മാരെ അനുസ്മരിക്കുന്ന ഘട്ടമെത്തിയപ്പോൾ അടുത്തുള്ള വീട്ടുകാർ ബഹളം കേട്ട് ഇറങ്ങി വന്നു.

ആളു കൂടിയപ്പോൾ ഓട്ടോക്കാരൻ നിലപാട് വ്യക്തമാക്കി : പൈസ തരേണ്ട. ഇയാൾ ഒന്നു പോയാൽ മതി. അത് യാത്രക്കാരന് ഇഷ്ടപ്പെട്ടില്ല – എനിക്ക് ആരുടെയും ഔദാര്യം വേണ്ട. ചാർജ് വാങ്ങിയാലേ ഇറങ്ങൂ.. അയാൾ തിരിച്ച് ഓട്ടോയിൽ കയറി സീറ്റിൽ സത്യഗ്രഹം തുടങ്ങി.

ഓട്ടോഡ്രൈവറും വിട്ടില്ല – ഈ പൈസ പുതുപ്പള്ളി പള്ളീല് നേർച്ചയിട്ടെന്ന് കരുതിക്കോളാം. എനിക്ക് ഇയാളുടെ ഓട്ടവും വേണ്ട, കൂലീം വേണ്ട. ഓടിയ ഓട്ടം ഇനി എങ്ങനെ വേണ്ടെന്നു വയ്ക്കും. ഇനിയെന്തു ചെയ്യും എന്നായി നാട്ടുകാരുടെ ചർച്ച.

ഒരാളുടെ തലയിൽ ബൾബ് കത്തി. ഈ യാത്രക്കാരനെ കയറ്റിയിടത്തുതന്നെ തിരിച്ചു കൊണ്ടുപോയി വിടുക. നാട്ടുകാർക്ക് അതിഷ്ടപ്പെട്ടു. ബഹളം തീരുമല്ലോ. എല്ലാവരും കൂടി രണ്ടാളെയും പിടിച്ചു കയറ്റി ഓട്ടോ തിരിച്ചുവിട്ടു. തിരിച്ചോടുമ്പോൾ ക​ഞ്ഞിക്കുഴിയിലെ കാണുന്ന ഗട്ടറിലെല്ലാം ചാടിച്ചു ഓട്ടോഡ്രൈവർ ദേഷ്യം തീർത്തു.

സർക്കാരിന്റെ റോഡ്, വല്ലവന്റേം ഓട്ടോ, ചാടട്ടേ, ചാടട്ടെ എന്ന മട്ടിൽ യാത്രക്കാരനും മസിലുപിടിച്ച് ഇരുന്നു. ഒടുവിൽ റയിൽവേ സ്റ്റേഷനു മുന്നിൽ എത്തി. ചൂടായി ഇറങ്ങിപ്പോരുമ്പോൾ യാത്രക്കാരൻ ഒരു കാര്യം ഓട്ടോയിൽ മറന്നു വച്ചു. കൈയിലിരുന്ന പുസ്തകം. ശ്രീരാമകൃഷ്ണ പരമഹംസരുടെ സാരോപദേശ കഥകൾ. മറ്റുള്ളവരോട് എങ്ങനെ മാന്യമായി പെരുമാറാം , സമ്പത്തിനോടുള്ള ആർത്തി എങ്ങനെ കുറയ്ക്കാം, എങ്ങനെ ദേഷ്യം നിയന്ത്രിക്കാം എന്നൊക്കെയുള്ള കുറെ കഥകളാണ് ആ പുസ്തകത്തിൽ. ട്രെയിനിൽ വച്ചു വായിക്കാനായി എടുത്തതാണ്.

കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഇതേ യാത്രക്കാരൻ കോട്ടയം സ്റ്റേഷനിൽ വന്നിറങ്ങി. ആശങ്കയോടെ ഓട്ടോ സ്റ്റാൻഡിലേക്ക്. ഓട്ടോയിൽ അതേ ദേവലോകത്തേക്ക്. ഡ്രൈവർ മീറ്ററിട്ടു.. ! ദേവലോകത്ത് ചെന്നിറങ്ങുമ്പോൾ പറ‍‍ഞ്ഞു – 60 രൂപ ! യാത്രക്കാരൻ സംശയത്തോടെ ഡ്രൈവറുടെ മുഖത്തേക്കു നോക്കി. അന്നത്തെ അതേ ഓട്ടോക്കാരനാണോ.. ശബ്ദം അന്നു കേട്ടതുപോലെ തന്നെ.. ! അന്ന് ഇരുട്ടത്തായതിനാൽ ആളുടെ രൂപം ഓർമയില്ല.. !

കളഞ്ഞു കിട്ടിയ സാധനം തിരിച്ചു കൊടുത്ത് ഓട്ടോ ഡ്രൈവർ മാത‍ൃകയായെന്നു കേട്ടിട്ടുണ്ട്. കളഞ്ഞു കിട്ടിയ സാധനം തിരിച്ചു കൊടുക്കാതെ ഡ്രൈവർ മാതൃക കാട്ടിയെങ്കിൽ അതൊരു വലിയ കാര്യമല്ലേ.. എന്നോർത്ത് ചിരിച്ചു കൊണ്ട് ഓട്ടോയിൽ നിന്നിറങ്ങി അയാൾ നടന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.