Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റ് രാജ് !

Bullet Raj

ബുള്ളറ്റാണ് തനിക്കു ചേർന്ന വണ്ടിയെന്ന് സിനിമാതാരം ബാബുരാജ് തിരിച്ചറിയുന്നത് എറണാകുളം മഹാരാജാസിൽ പടിക്കുന്ന കാലത്താണ്.

പഴയ വിജയ് സൂപ്പറിൽ കോളജിൽ വന്നപ്പോൾ കൂട്ടുകാർ കൂവി: നിന്റെ തടിക്കു ചേരുന്നത് ബുള്ളറ്റാണ്.

വാങ്ങാൻ ആഗ്രഹമുണ്ട്, പക്ഷേ കാശില്ല.

കൊച്ചിയിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ബുള്ളറ്റ് എവിടെ കിട്ടും ?

ബ്രോക്കർ പറഞ്ഞു : ഒരെണ്ണം ഉണ്ട്. അധികം ഓടിയിട്ടില്ല. പക്ഷേ ചെറുതായി ഒന്നു മറിഞ്ഞ വണ്ടിയാണ്.

അതു സാരമില്ല.

വണ്ടി കണ്ടു. 77 മോഡൽ ബുള്ളറ്റ്. നമ്പർ കെഎൽഎച്ച് 6016. 10500 രൂപയ്ക്കു കിട്ടും. ആ മോഡലിന് 20000 രൂപയെങ്കിലും വില വരും. എന്തുകൊണ്ടാണ് ഇത്ര ഡിസ്കൗണ്ട് !

വീട്ടുടമസ്ഥ സത്യം പറഞ്ഞു : ആക്സിഡന്റെന്നു വച്ചാൽ എന്റെ ഭർത്താവും മകനും മരിച്ച അപകടമാണ്. അതിൽപ്പിന്നെ ഈ ബൈക്ക് ആരും ഓടിച്ചിട്ടില്ല.

ആരെങ്കിലും വാങ്ങിക്കൊണ്ടുപോയാൽ മതിയെന്ന് കരുതിയിരിക്കുകയാണ് അവർ. കാരണം എന്നും രാവിലെ കണി കാണുന്നത് ഭർത്താവിന്റെയും മകന്റെയും ചോര വീണ വണ്ടിയാണ്.

രജിസ്ട്രേഷൻ നമ്പർ കൂട്ടി നോക്കിയപ്പോൾ - 13. കൂട്ടുകാർ പറഞ്ഞു - ഭാഗ്യംകെട്ട നമ്പരാണ് 13.

എന്തായാലും വാങ്ങാൻ ബാബുരാജ് തീരുമാനിച്ചു. വിജയ് സൂപ്പർ വിറ്റാൽ കഷ്ടിച്ച് 5000 രൂപ കിട്ടും. അച്ഛൻ ഒറ്റപ്പൈസ തരില്ല. അച്ഛന്റെ പെങ്ങളെ സോപ്പിട്ടപ്പോൾ 3000 രൂപ കിട്ടി. പലരോടുമായി കടം വാങ്ങി 1000 രൂപ കൂടി സെറ്റപ്പാക്കി.

9000 രൂപയുമായി ബൈക്കിന്റെ ഉടമസ്ഥയെ കണ്ടു. ബാക്കി മാസാമാസം ചെറിയ തുക വച്ചു തന്നു തീർക്കാം എന്ന ഉറപ്പിൽ ബുള്ളറ്റ് ബാബുരാജിന്റെ കൂടെപ്പോന്നു.

Bullet Raj

പിന്നെ മഹാരാജാസ് കോളജിലൂടെ ഒരു തേരോട്ടമായിരുന്നു. എസ്എഫ്ഐ വാണിരുന്ന ക്യാംപസിൽ ബുള്ളറ്റുപോലെ വരുന്ന ഒരേയൊരു കെഎസ്് യുക്കാരനായി ബാബുരാജ്.

പുണെയിൽ എൽഎൽബിക്ക് ചേർന്നപ്പോൾ ആ ബുള്ളറ്റ് കൊച്ചിയിൽ നിന്ന് മുംബൈ വരെ ഓടുമായിരുന്നു. ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട്.

എല്ലാവരും വേണ്ടെന്നു പറഞ്ഞ ആ ബുള്ളറ്റ് ഒരു കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നു ബാബു പറയും. എന്നു മാത്രമല്ല, അതിനുശേഷം സിയാറ, എസ്റ്റേറ്റ്, സഫാരി, ഇംപോർട്ടഡ് പജീറോ, പ്രാഡോ, മിലിറ്ററി ജീപ്പുകൾ, ടാറ്റാ സെനോൺ, ഓസ്റ്റിൻ ഓഫ് ഇംഗ്ളണ്ട്, മൊണ്ടീറോ ഇങ്ങനെ എത്രയെത്ര വണ്ടികൾ ബാബുവിന്റെ കൈയിൽ വന്നു..

ആദ്യം വാങ്ങിയ കാർ അംബാസ‍ഡറാണ്.

അന്ന് ആലുവയിൽ നിന്ന് എറണാകുളത്തേക്കു വരുമ്പോൾ നോർത്ത് പാലം ഓടിച്ചുകയറ്റുന്നതാണ് ടെൻഷൻ. പാലത്തിൽ ട്രാഫിക് ബ്ളോക്കായി കാർ നിന്നാൽ റിവേഴ്സ് ഇടാതെ തന്നെ പിന്നോട്ടുരുളും. അതിൽ നിന്നു രക്ഷപ്പെടാൻ ഒരു ടെക്നിക്കുണ്ട്. പാലത്തിനു തൊട്ടുമുമ്പുള്ള പമ്പിൽ പെട്രോൾ അടിക്കാനെന്ന മട്ടിൽ കയറ്റിയിടും. പാലത്തിൽ ഒരു വണ്ടിയും ഇല്ലെന്നു കണ്ടാലുടനെ ഒറ്റക്കുതിപ്പ് !

ആ കാറിലെ എസിക്ക് നല്ല ചൂടാണ്. വിൽക്കാൻ വച്ചപ്പോൾ അതു പ്രശ്നമായി. വാങ്ങാൻ വരുന്നയാൾ ഇരുന്നു വിയർക്കും.

Bullet Raj

വണ്ടി വാങ്ങാൻ ഒരിക്കൽ രണ്ടു പേർ വന്നു. രണ്ടാമത്തെയാൾ പിൻസീറ്റിൽ കയറി. ബാബുരാജ് പെട്ടെന്നു മൂന്നാലു സുഹൃത്തുക്കളെക്കൂടി കൂടെക്കയറ്റി. വണ്ടി ഓടാൻ തുടങ്ങിയപ്പോഴേ കൂട്ടുകാർ പറയാൻ തുടങ്ങി : ഭയങ്കര തണുപ്പ്, എസി ഓഫ് ആക്കൂ, ബാബൂ..

വാങ്ങാൻ വന്നവർ ഇരുന്നു വിയർക്കുന്നു. അവർ പറഞ്ഞു: ഭയങ്കര ചൂടാണല്ലോ.

അത് എല്ലാവരും കൂടി ഞെരുങ്ങി ഇരുന്നിട്ടാണ് എന്നായിരുന്നു മറുപടി.

ഡ്രൈവിങ്ങിന്റെ കാര്യത്തിൽ മമ്മൂട്ടിയാണ് ബാബുരാജിനും സൂപ്പർ സ്റ്റാർ.

അബു സലിമിന്റെ മകളുടെ വിവാഹത്തിന് മമ്മൂട്ടി ഓടിക്കുന്ന ഔഡിയിലാണ് പോയത്. റോഡിലൂടെ പ്രൗഡിയോടെ പറക്കുകയാണ് കാർ. മമ്മൂട്ടി ചില പാട്ടൊക്കെ പാടി ഡ്രൈവിങ് ആസ്വദിക്കുന്നു. പിൻസീറ്റിൽ പേടിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ്. വഴിമുടക്കുന്ന തമിഴ്നാട് ലോറികളുടെ ഡ്രൈവർമാരെ ഇംഗ്ളീഷിൽ വഴക്കു പറഞ്ഞു കൊണ്ടാണ് മമ്മൂട്ടിയുടെ ഡ്രൈവിങ്. ചില്ലിനുള്ളിൽ ആയതിനാൽ ചീത്ത കേൾക്കുന്നത് ബാബുരാജും ജോർജുമാണ്.

സ്പീഡിനൊപ്പം പേടി കൂടിയപ്പോൾ ബാബുരാജ് പാടാൻ തുടങ്ങി. പണ്ടൊക്കെ രാത്രി തനിച്ചു കിടക്കാൻ പേടിയുള്ളപ്പോൾ ബാബു ഉറക്കെ പാട്ടു പാടുമായിരുന്നു.

മമ്മൂട്ടി പറഞ്ഞു : നീ ഇങ്ങനെ പാടല്ലേ, ദാസേട്ടൻ പാടുപെടും !

ബാബുരാജ് പാട്ടുനിർത്തിയില്ലെന്നു മാത്രമല്ല, സിനിമയിലും പാടി, ഒന്നല്ല രണ്ടു പാട്ട് !

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.