ജീപ്പ് കോംപസോ അതോ മഹീന്ദ്ര എക്സ്‌യുവിയോ?

Mahindra XUV 500 & Jeep Compass

കൊച്ചിയിലെ ഫാഷൻ ഫൊട്ടോഗ്രഫർ ടിജോ ഏറെക്കാത്തിരുന്ന മോഡലാണ് കോംപസ്. ഈ ചുള്ളനെ സ്വന്തമാക്കാനുള്ള ടിജോയുടെ   ആഗ്രഹത്തിൽ നിന്നാണ് നാം കംപാരിസൺ തുടങ്ങുന്നത്.  ചില ചോദ്യങ്ങളിലൂടെ നമുക്കു മുന്നേറാം.

എന്തുകൊണ്ടാണു ജീപ് കോംപസ് തിരഞ്ഞെടുക്കുന്നത്? ഒന്ന്,  വിലക്കുറവ്. രണ്ട്, ഇന്റർനാഷനൽ ബ്രാൻഡ്. മറ്റേതെങ്കിലും ചെറു എസ്‌യുവികൾ നോക്കിയിരുന്നോ? ഫോക്സ്‌വാഗൻ ടിഗ്വാനും ഹ്യുണ്ടായ് ട്യൂസണും ഓടിച്ചുനോക്കി. എന്താ അഭിപ്രായം?  നല്ല വാഹനങ്ങൾ. പക്ഷേ, രണ്ടിനും വില വളരെ കൂടുതലാണ്. ജീപ്പിന്റെ അത്ര ഗമയില്ലതാനും. ശരി. ഇനി കോംപസ് അല്ലാതെ ഏതെങ്കിലും വാഹനം നോക്കുകയാണെങ്കിലോ? മഹീന്ദ്രയുടെ എക്‌സ്‍‍യുവി നോക്കിയിട്ടുണ്ട്.

Jeep Compass

അതെങ്ങനെ കോംപസും എക്സ്‍‌യുവിയും തമ്മിൽ താരതമ്യം ചെയ്യുന്നു? ഞാൻ കണ്ണൂരെ മലയോര മേഖലയിൽനിന്നാണു വരുന്നത്. അവിടെ എല്ലാ ആവശ്യങ്ങൾക്കും ജീപ്പ് അഥവാ മഹീന്ദ്ര വാഹനങ്ങൾ വേണം. അതുകൊണ്ട് മഹീന്ദ്രയുടെ കഴിവിനെപ്പറ്റി മതിപ്പാണുള്ളത്.  എക്സ്‌യുവി ഓടിച്ചുനോക്കി, ഇഷ്ടമായി. ഫീച്ചറുകൾ കോംപസിനെക്കാൾ കൂടുതലാണ്. വിലയാണെങ്കിലോ കുറവും.  ഒന്നുകിൽ ജീപ്പ് കോംപസ്. അല്ലെങ്കിൽ സമാനസൗകര്യമുള്ള വിലക്കുറവുള്ള എക്സ്‌യുവി. ഇതിലേതെങ്കിലും മതി എന്നാണ് തീരുമാനം. ഇങ്ങനെയൊരു സംഭാഷണത്തിനൊടുവിലാണ് ഫാസ്റ്റ്ട്രാക്ക്,  കോംപസുമായും മഹീന്ദ്ര എക്സ്‌യുവിയുമായും അഞ്ചുവർഷത്തിലേറ്റവും മഴ പെയ്ത ആ ദിനത്തിൽ വാഗമണ്ണിലേക്കു കയറിപ്പോയത്. 

നമുക്ക് ജീപ്പ് എന്നാൽ മഹീന്ദ്രയായിരുന്നു. കുറച്ചുകാലം മുൻപുവരെ. അല്ലെങ്കിൽ കോംപസ് ഇറങ്ങുന്നതുവരെ എന്നും പറയാം. കാരണം, റാംഗ്ളറും ഗ്രാൻഡ് ഷെറോക്കിയും ആദ്യമിറങ്ങിയെങ്കിലും നിരത്തിൽ സജീവമായില്ല.  കോംപസ് പക്ഷേ, നിരത്തുകീഴടക്കും എന്നതിൽ സംശയമേതുമില്ല.  ഞെട്ടിക്കുന്ന വിലയാണു തുറുപ്പുചീട്ട്. അപരാജിതനായി നിൽക്കുന്ന കോംപസിനടുത്തേക്കാണ് ജീപ്പിന്റെ ഇന്ത്യൻ പര്യായമായ മഹീന്ദ്രയുടെ എക്സ്‌യുവി 5oo എത്തുന്നത്

ഡിസൈൻ

Jeep Compass

കോംപസ്: കോംപസുമായി യാത്ര ചെയ്യുമ്പോഴുള്ള ഗമ ഒന്നുവേറെ തന്നെ. എല്ലാവരുടെയും കണ്ണുകൾ ആ ചെറു വാഹനത്തിലേക്കായിരുന്നു.. ടൂവീൽ ഡ്രൈവ് ലിമിറ്റഡ് വേർഷനാണ് താരതമ്യത്തിനെടുത്തത്. ഒറ്റനോട്ടത്തിൽ രണ്ടു വാഹനങ്ങളും  ഇങ്ങനെയാണ്– കോംപസ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന പയ്യൻ. എക്സ്‌യുവി ഇത്തിരി മസിൽ പെരുപ്പിച്ച് മത്സരത്തിനൊക്കെ പോകുന്ന ജിമ്മിലെ തന്നെ ഒരു ചേട്ടൻ. കോംപസ്  ചെത്തിമിനുക്കിയെടുത്ത സെവൻ സ്ലോട്ട് ഗ്രില്ലിനും പ്രൊജക്ടർ ലാംപിനും പുറമേ മറ്റൊരു കാര്യമാണ് ആദ്യ നോട്ടത്തിലുടക്കുക. എല്ലാ വാഹനങ്ങളുടെയും വിൻഡോയിലെ ക്രോം ലൈനിങ് ഷോൾഡർലൈനിലൂടെയാണെങ്കിൽ, കോംപസിൽ ഇതു മുകളിലൂടെ ചെന്ന് പിൻ വിൻഡ് സ്ക്രീനിനെ ചുറ്റിവരുന്നു.  വലുപ്പത്തിൽ എക്സ്‌യുവിയുടെ പിന്നിലാണു സ്ഥാനമെങ്കിലും സൗന്ദര്യം കോംപസിനു തന്നെ. കണ്ണെടുക്കാനേ തോന്നില്ല എന്നാണു കമ്പനി പറയുന്നത്. അതു ശരിയാണുതാനും. കയറാനും ഇറങ്ങാനും എളുപ്പം കോംപസിൽ.എക്സ്‌യുവിയുടെയത്ര ഉയരമില്ല എന്നാൽ കുറവുമല്ല.

Mahindra XUV 500

എക്സ്‌യുവി: ആനപ്പൊക്കവും ചന്തവുമാണ് എക്സ്‌യുവിയുടെ ആകർഷണം. എല്ലായിടത്തും മുഴച്ചുനിൽക്കുന്ന ശരീരഭാഗങ്ങൾ. വലിയ വീൽ ആർച്ചുകൾ. ഇതെല്ലാം ഭംഗിയാണെങ്കിലും കോംപസിനോടു ചേർന്നു നിൽക്കുമ്പോൾ വെട്ടിയൊതുക്കാമായിരുന്നു എന്നു തോന്നും. എക്സ്‌യുവിക്ക് ഏഴു സീറ്റുകളുടെ അധികസൗകര്യമുണ്ട്. അതിനൊത്തു വലുപ്പവും ഭാരവും കൂടുതലാണ്. എന്നാലും മെരുക്കാനൊരു പ്രയാസവുമില്ലാത്ത വാഹനമാണ് എക്സ്‌യുവി. ആകർഷകമായ രൂപവും ഭാവവും കോംപസിനാണ്. മസ്കുലർ ലുക്ക് എക്സ്‌യുവിക്കും. നീളം, വീതി, ഉയരം, വീൽബേസ് എന്നിവ കൂടുതൽ എക്സ്‌യുവിക്കാണെങ്കിലും മാർക്ക് നൽകേണ്ടത് കോംപസിന്റെ ക്യൂട്ട്നെസ്സിനു തന്നെ.

ഇന്റീരിയർ

∙ കോംപസ്:ഫിറ്റും ഫിനിഷും പ്രീമിയം. ഗുണമേൻമ താരതമ്യത്തിനുമപ്പുറമാണ്. വെളുത്ത  കൃത്രിമ ലെതർ അപ്ഹോൾസ്റ്ററി കിടുക്കനാണെങ്കിലും പെട്ടെന്നു പൊടിയും ചെളിയും പിടിക്കാനുള്ള സാധ്യതയുണ്ട്. മുൻസീറ്റിന് ഇലക്ട്രിക് ക്രമീകരണം ആകാമായിരുന്നു. പുതിയ വാഹനമായതുകൊണ്ടുള്ള പുതുമ മാത്രമേ കോംപസിനുൾവശം നൽകുന്നുള്ളൂ. വിപ്ലവകരം എന്നൊന്നും പറയാനൊക്കില്ല.  എന്നാൽ എക്സ്‌യുവിയുടെ പഴയ മട്ടിലുള്ള ഡാഷ് ബോർഡിൽനിന്നു വ്യത്യാസമുണ്ടു താനും. ആപ്പിൾ കാർ പ്ലേയും ആൻ‍ഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ടച്  സ്ക്രീൻ ഇന്റർഫേസ്, കാണാൻ ഭംഗിയുള്ള ഡയലുകൾ, ഗുണമേൻമയുള്ള പ്ലാസ്റ്റിക് ഘടകങ്ങൾ, ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആറു സ്പീക്കറുകൾ, ബിൽറ്റ് ഇൻ കോംപസ്  എന്നിവയാണു സവിേശഷതകൾ.

Jeep Compass

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ല എന്നു പറയുന്നതുപോലെ ഇന്ത്യൻ മെയ്ക്ക് ആണെങ്കിലും ഗുണമേൻമയിൽ കോംപ്രമൈസ് ചെയ്യാൻ ജീപ്പ് തയാറായിട്ടില്ല. സീറ്റ് ബെൽറ്റ് ബക്കിളിനു പോലും ഒരു ജീപ് ഫീൽ ഉണ്ട്. ലൈറ്റ് സ്റ്റിയറിങ് വീൽ ഏതാണ്ടെല്ലാ യാത്രയിലും മികച്ച റെസ്പോൺസ് ആണു നൽകിയത്. ലെതറിൽ പൊതിഞ്ഞ ആ കുഞ്ഞു സ്റ്റിയറിങ് വീൽ ആണ് സത്യത്തിൽ ഇന്റീരിയറിനെ പ്രസന്നമാക്കുന്നത്. സ്റ്റിയറിങ്ങിൽ സ്പോക്കിനു താഴെയായിട്ടാണ് ഓഡിയോ നിയന്ത്രണ ബട്ടണുകൾ നൽകിയിട്ടുള്ളത് എന്നുള്ളത് കൗതുകം. മീറ്റർ കൺസോളിനു നടുവിലെ സ്ക്രീൻ നിയന്ത്രിക്കാനാണ് സ്പോക്കിനു  മുകളിലെ ബട്ടണുകൾ. വലത്ത് ഡമ്മിയാണ്. 

Mahindra XUV 500

∙ എക്സ്‌യുവി: ഫീച്ചറുകൾ ഏറെയുണ്ട്. സൺ റൂഫ്, ഇലക്ട്രിക്കലി  അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവ ഉദാഹരണം. പ്ലാസ്റ്റിക് ക്വാളിറ്റിയും ബിൽ‍ഡ് ക്വാളിറ്റിയും ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. ഇന്റീരിയറിന് പുതുമ കൊണ്ടുവരാൻ സമയമായി. വിശാലമായ  ഉൾവശം. പ്ലാസ്റ്റിക് ഗുണമേൻമ ശരാശരി മാത്രം. അടുത്തുതന്നെ ഇറങ്ങുന്ന മുഖം മിനുക്കലിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്റ്റിയറിങ് വീൽ ഹെവിയാണ്. മഹീന്ദ്ര വാഹനങ്ങളിലെ ഏറ്റവും നല്ല ഇന്റീരിയറുകളിലൊന്നാണ് എക്സ്‌യുവിയുടെ. എങ്കിലും കോംപസുമായി ഗുണമേൻമ താരതമ്യം ചെയ്യുമ്പോൾ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നു പറയണം. പക്ഷേ, ഫീച്ചറുകൾ കണക്കിലെടുക്കുമ്പോൾ എക്സ്‌യുവി പണത്തിനൊത്ത മൂല്യം തരും. ആറു തരത്തിൽ ഇലക്ട്രിക്  ക്രമീകരണമുള്ള ഡ്രൈവർ സീറ്റ്, മുന്നിലെ സീറ്റുകൾക്ക് മാന്വൽ ലുംബാർ സപ്പോർട്ട് നോബുകൾ,  ആൻഡ്രോയ്ഡ് ഓട്ടോ സൗകര്യമുള്ള 7 ഇഞ്ച്  ടച്സ്ക്രീൻ, ഡൈനാമിക് റിവേഴ്സ് ക്യാമറ, സൺറൂഫ്, റയിൻ സെൻസിങ് വൈപ്പറുകൾ, ലൈറ്റ് സെൻസിങ് ലാംപുകൾ, ആംറെസ്റ്റിനുതാഴെ കൂളർ എന്നീ ഫീച്ചറുകൾ എക്സ്‌‌യുവിക്കു മേൽക്കൈ നൽകുന്നവയാണ്. ബൂട്ട് ഡോർ ക്യാംപിങ് ലൈറ്റ് ആയി ഉപയോഗിക്കാം

 സ്ഥലസൗകര്യം, പിൻസീറ്റ് യാത്ര: കോംപസിന്റെ പിൻ വിൻഡോ കുടുസ് ആണ്. എങ്കിലും ലെഗ്റൂമും ഹെഡ്റൂമും കുറവല്ല.  രണ്ടുപേർക്കു  സുഖയാത്ര. എന്നാൽ  നടുവിൽ ഇരിപ്പ് അത്ര സുഖമില്ല. അവിടെ സ്വൽപ്പം ഉള്ളിലേക്കു കയറിയാണു സീറ്റ് എന്നതുതന്നെ കാരണം.  താഴെ എസി വെന്റും യുഎസ്ബി ചാർജിങ് പോർട്ടും നൽകിയിട്ടുണ്ട്. 60–40 അനുപാതത്തിൽ മടക്കാവുന്നതാണ് സീറ്റുകൾ. ബൂട്ട് കപ്പാസിറ്റി 438 ലീറ്റർ. 

കോംപസിനെക്കാൾ വിശാലമായതും ഇരിപ്പുസുഖമുള്ളതുമായ തുകൽ സീറ്റുകൾ. മൂന്നുപേർക്കു സുഖമായി ഇരിക്കാം. സീറ്റുകളുടെ സപ്പോർട്ടിങ് മികവ് എക്സ്‌യുവിക്കു തന്നെ. സൺറൂഫിന്റെ അധിക സൗകര്യമുണ്ട്. ബി പില്ലറിൽ ആണ് എസി വെന്റുകൾ. മൂന്നാം നിര സീറ്റ് മടക്കിയാൽ യഥേഷ്ടം സ്റ്റോറേജ് സൗകര്യം ലഭിക്കും. 702 ലീറ്റർ!. ഏതാണ്ട് കോംപസിന്റെ ഒന്നര ഇരട്ടിയെക്കാൾ കൂടുതൽ. മൂന്നാംനിരയിലും എസി െവന്റുകളും പവർ സോക്കറ്റുകളും നൽകാൻ മഹീന്ദ്ര മറന്നിട്ടില്ല. സ്ഥലസൗകര്യത്തിലും ഇരിപ്പുസുഖത്തിലും എക്സ്‌യുവിക്കാണ് ഫുൾ മാർക്ക്. 

Jeep Compass

ഡ്രൈവ് എൻജിൻ  

∙ കോംപസ്: ഫിയറ്റിന്റെ 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ ആദ്യം ഇന്ത്യയിൽ അവതരിക്കുന്നത് കോംപസിലൂടെയാണ്. 173 പിഎസ്  എന്ന കൂടിയ കരുത്തും എക്സ്‌യുവിയെക്കാൾ ഭാരക്കുറവും  കോംപസിനെ ഡ്രൈവേഴ്സ് ചോയ്സ് ആക്കുന്നു.  6 സ്പീഡ് മാന്വൽ ഗീയർബോക്സ് ഷോർട്ട് ത്രോയുള്ളതാണ്. കണിശതയിൽ കേമൻ (ഇപ്പോൾ ഡീസൽ മാന്വൽ മാത്രമേ ലഭിക്കുകയുള്ളൂ). ഓട്ടമാറ്റിക് ഇല്ലാത്തതിന്റെ പരിഭവം ഈ സ്മൂത്ത് ഗീയർബോക്സ് തീർക്കും. എക്സ്‌യുവിയെക്കാൾ ഫൺ ടുഡ്രൈവ് വെഹിക്കിൾ ആണ് കോംപസ്. മഹീന്ദ്രയുടെ കുത്തകയാണു ടോർക്കി എൻജിനുകൾ എന്ന ധാരണ ഈ എൻജിൻ തിരുത്തുന്നു. 350 എൻഎം ടോർക്കാണ് ചക്രങ്ങൾക്കു കിട്ടുന്നത്. എക്സ്‌യുവിയെക്കാളും കൂടുതൽ.  നഗരത്തിലും ഹൈവേയിലും കിടുക്കൻ പെർഫോമൻസ്. ഫ്രീക്വൻസി സിലക്ടീവ് ഡാംപിങ് സസ്പെൻഷൻ സെഗ്‍മെന്റ് ഫസ്റ്റ് ഫീച്ചറായി അവതരിപ്പിക്കുന്നെങ്കിലും  യാത്രാസുഖം പിന്നിൽ ശരാശരിക്കു മുകളിൽ എന്നു മാത്രമേ പറയാനൊക്കൂ.   

Mahindra XUV 500

 എക്സ്‌യുവി: കോംപസിനോടു മത്സരിക്കാൻ എക്സ്‌യുവി ഡബ്ല്യൂ 10 ട്രിമ്മിൽ രണ്ടു വേരിയന്റുകളുണ്ട്. ഓട്ടമാറ്റിക്കും മാന്വലും. എക്സ്‌യുവി ഇന്ത്യനാണെങ്കിലും അമേരിക്കൻ കമ്പനിയായ ജീപ്പിനോടു മൽസരിക്കാൻ അമേരിക്കൻ തന്നെയായ ബോർഗ് വാർണറിന്റെ ഓൾവീൽ ഡ്രൈവ് സിസ്റ്റം തയാർ. ഏതു പ്രതലവും ഓട്ടമാറ്റിക് ആയി മനസ്സിലാക്കി പിടിച്ചുകയറും.എക്സ്‌യുവി. കഴിവുകളിൽ കോംപസ് ടൂവീൽ ഡ്രൈവ് േവരിയന്റിനെക്കാൾ കേമനാണെന്നർഥം.  2179 സിസി ഡീസൽ എൻജിൻ കരുത്തു കുറഞ്ഞതെങ്കിലും പെർഫോമൻസിൽ വല്യ കുറവൊന്നും തോന്നില്ല. 6 സ്പീഡ് ഓട്ടമാറ്റിക് ഗീയർ സാമാന്യം ലാഗ് ഉള്ള കൂട്ടത്തിലാണ്. മാന്വൽ ആയി ഗീയർ മാറുന്നതും ആസ്വാദ്യകരമല്ല. പക്ഷേ, ഓട്ടമാറ്റിക്കിന്റെ അനായാസതയും ഓൾ വീൽ ഡ്രൈവിന്റെ കഴിവും ചേരുമ്പോൾ എക്സ്‌യുവി നിരാശപ്പെടുത്തില്ല. മാന്വൽ ഗീയർബോക്സ് ഷോർട്ട് ത്രോയുള്ളതുതന്നെ ഈ ’മസിൽ വാഹനത്തിനു’ കൂടുതൽ ചേർന്നത് മാന്വൽ ഗീയർബോക്സ് തന്നെയാണ്. കോംപസിനെ അപേക്ഷിച്ച്് ശബ്ദം വല്ലാതെ ഉള്ളിലത്തുന്നുണ്ട് എക്സ്‌യുവിയിൽ. ഡ്രൈവിങ്ങിൽ രസം തീർച്ചയായും കോംപസ് തന്നെ. എല്ലാ സാഹചര്യത്തിനും ചേർന്ന മട്ടിലാണ് എൻജിൻ ട്യൂണിങ്. നഗരത്തിലും സിറ്റിയിലും കാട്ടുവഴികളിലും ജീപ്പ് ജീപ്പ് തന്നെ 

ടെസ്റ്റേഴ്സ് നോട്ട്

സ്ഥലസൗകര്യമുള്ള, ഫീച്ചേഴ്സ് കൂടുതലുള്ള എസ്‌യുവിയാണു വേണ്ടതെങ്കിൽ എക്സ്‌യുവി നല്ല ചോയ്സ് ആണ്. കോംപസിന്റെ ടൂവീൽഡ്രൈവ് വേരിയന്റിന്റെ വിലയിൽ എക്സ്‌യുവി ഓൾവീൽ ഡ്രൈവ് ഓട്ടമാറ്റിക് ലഭിക്കുമെന്നു മേൻമ. നാലാൾ കൂടുന്നിടത്തു ചെന്നിറങ്ങുമ്പോൾ ഒരു ഗമ വേണം. കോംപാക്ട് രൂപമായിരിക്കണം. നല്ല ഡ്രൈവിങ് സുഖമുണ്ടായിരിക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങളെങ്കിൽ കോംപസ് തന്നെ നല്ലത്, സംശയമില്ല.ബ്രാൻഡ് വാല്യു, ഫിറ്റും ഫിനിഷുമുള്ള ബോഡിയും ഇന്റീരിയറും, പുതുമയുള്ള രൂപം, ഡ്രൈവബിലിറ്റി എന്നിവയൊക്കെ നോക്കുമ്പോഴും ഒന്നാമനായി കോംപസിനെത്തന്നെ പരിഗണിക്കാം. എക്സ്‌യുവി നല്ല വെല്ലുവിളി ഉയർത്തുന്നെങ്കിലും ഫാസ്റ്റ്ട്രാക്ക് ചോയ്സ് കോംപസ് ആണ്.