ആകാശ മട്ടുപ്പാവിൽ കാറുകൾക്കൊരു ഹൈടെക് പാർക്കിങ്

നമ്മുടെ നാട്ടിൽ ആകാശ മട്ടുപ്പാവിൽ കാറുകൾക്കൊരു ഹൈടെക് കൊട്ടാരമുണ്ട്. മൂക്കന്നൂരിൽ. ഒരുപക്ഷേ മൂക്കന്നൂരിലെ പലരും ഈ കൊട്ടാരം കണ്ടിട്ടുണ്ടാവില്ല. തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ ഹൈടെക് പാർക്കിങ് സംവിധാനമെന്നുകൂടി കേൾക്കുമ്പോൾ നമുക്കേവർക്കും അഭിമാനിക്കുകയും ചെയ്യാം.

ഈ കൊട്ടാരത്തിലെ പാർക്കിങ് ബേയിൽ കാർ കയറ്റിയിട്ട ശേഷം മറ്റൊരു ചെറുമുറിയിൽനിന്ന് കാറിന്റെ വിവരങ്ങൾ അടങ്ങിയ കാർഡുമെടുത്ത് പുറത്തിറങ്ങുകയേ വേണ്ടു. ഉടനെ പാർക്കിങ് ബേയിലെ വാതിൽ അടയും. എ‌ട്ടു കൈകളുള്ള റോബട്ട് എത്തും. ടയർ ലോക്ക് ചെയ്യും. കാറിനെ ചെറുതായൊന്ന് ഉയർത്തും. കാറിന് ഒരു പോറൽപോലുമേൽക്കാതെ തൂവൽ പോലെ എടുത്തുകൊണ്ടുപോകും. കൊട്ടാരത്തിന്റെ ഒഴിഞ്ഞ മുറികളിൽ കൊണ്ടുപോയി പാർക്ക് ചെയ്യും. ഈ മുറികളിൽ കാറ്റോ മഴയോ വെയിലോ ഏൽക്കില്ല. കള്ളന്മാർക്ക് കയറാനാവില്ല. കാർ തിരിച്ചുകിട്ടാൻ എതിർവശത്തുള്ള എ‌ടിഎം പോലുള്ള യന്ത്രത്തിൽ കാർഡ് ഇടണം. പാർക്ക് ചെയ്തിരിക്കുന്ന ബെഡ്ഡിൽനിന്ന് കാർ പുറത്ത് എത്തിച്ചുതരും.

ഏത് ഉപയോക്താവിനും വളരെ ലളിതമായി കാർ പാർക്കു ചെയ്യാവുന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള റോബോട്ടിക് കാർ പാർക്കിങ് സംവിധാനത്തിന്റെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചെറു മോഡൽ മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. അഞ്ചു സെന്റ് സ്ഥലത്ത് നാലു നിലകളിലായി 32 കാറുകൾ പാർക്ക് ചെയ്യാവുന്ന ഫുള്ളി ഓട്ടോമാറ്റിക് സംവിധാനം ഇവിടെ ഒരുക്കിയിട്ടുള്ളത് അങ്കമാലിയിലെ ഹീ മാൻ ഓട്ടോ റോബോ പാർക്ക്. 10 നിലകൾ സ്ഥാപിച്ചാൽ 100 കാറുകൾ പാർക്കു ചെയ്യാം. ഭൂമിക്കടിയിലേക്കും ഈ സംവിധാനം സ്ഥാപിക്കാം. അണ്ട‌ർ ഗ്രൗണ്ടിൽ എത്ര നില വേണമെങ്കിലും നിർമിക്കാം. കുറച്ചു നിലകൾ മുകളിലേക്കും ബാക്കിയുള്ളവ അടിയിലേക്കും നിർമിക്കാനുമാകും. പത്തു നിലയുള്ള പാർക്കിങ് സംവിധാനത്തിൽ ഏതു നിലകളിൽ വേണമെങ്കിലും കാർ കയറ്റാനും തിരിച്ചെടുക്കാനും സംവിധാനം ഒരുക്കാനാകുമെന്ന് ഹീ മാൻ മാനേജിങ് ഡയറക്ടർ കെ.ടി. ജോസ് പറഞ്ഞു.

കുറച്ചുകാറുകൾക്ക് പാർക്കിങ് സൗകര്യമുള്ള സംവിധാനം ഒരിക്കൽ സ്ഥാപിച്ചാൽ പിന്നീട് ഇത് വശങ്ങളിലേക്ക് വികസിപ്പിച്ച് കൂടുതൽ സൗകര്യമൊരുക്കാനാകും. ഇതിന്റെ ലിഫ്റ്റിങ് സംവിധാനത്തിനായി ഉപയോഗിക്കുന്ന റെയിലുകളും സ്റ്റീൽ ഭാഗങ്ങളും നീട്ടുകയേ വേണ്ടതുള്ളു. ഒരു നിരയിൽ ഒരു കാറിന് പാർക്ക് ചെയ്യാവുന്ന സംവിധാനമാണ് മൂക്കന്നൂരിൽ മോഡലായി വച്ചിട്ടുള്ളത്. നിരനിരയായി വാഹനങ്ങൾ പാർക്കു ചെയ്യാവുന്ന സംവിധാനമാണ് കമ്പനി പുതുതായി ഇറക്കുന്നത്. 10 നിലകളിലായി നൂറു കാറുകൾക്ക് പാർക്കു ചെയ്യാവുന്ന യൂണിറ്റിന് നാലരക്കോടി രൂപയാണ് വില.

പാർക്കിങ് സംവിധാനം വികസിപ്പിച്ചത് സ്വന്തം നാട്ടിൽ

പാർക്കിങ് വലിയ പ്രശ്നമായിക്കൊണ്ടിരിക്കുന്ന എറണാകുളം ജില്ലയിൽ മൂക്കന്നൂരിലാണ് ഈ പാർക്കിങ് സംവിധാനം വികസിപ്പിച്ചത്. സ്മാർട് കാർഡ് നിയന്ത്രണ സംവിധാനം, പവർ റീ ജനറേഷൻ ടെക്നോളജി വഴി പരിമിതപ്പെടുത്തിയ ഊർജഉപഭോഗം തുടങ്ങിയ സവിശേഷതകളുണ്ട്. ഒരു കാർ പാർക്ക് ചെയ്യുന്നതിന് 0.3 യൂണിറ്റ് വൈദ്യുതി മാത്രമേ ഉപയോഗിക്കൂ. പത്താം നിലയിൽനിന്ന് സ്വന്തം കാർ ഉടമസ്ഥന്റെ അടുത്ത് എത്താൻ വേണ്ടത് ഒരു മിനിട്ടും 40 സെക്കൻഡും മാത്രം. മനുഷ്യ സാന്നിധ്യരഹിതസംവിധാനം ആയതിനാൽ പാർക്കിങ് ബേയിലെത്തിയാൽ വാഹനങ്ങൾക്ക് പൂർണ സുരക്ഷിതത്വമുണ്ട്.

‌ടയറിൽ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് റോബോട്ടിക് യൂണിറ്റ് വീൽ അറസ്റ്റിങ് മെക്കാനിസത്തിലൂടെ ടയറുകളെ ലോക്ക് ചെയ്യുന്നു. അതിനു ശേഷം വാഹനത്തെ തറയിൽ നിന്നുയർത്തി മധ്യഭാഗത്തെത്തിക്കും. റോബോട്ടിക് യൂണിറ്റ് ഈ കാറിനെ ഒരേ സമയം വശത്തേക്കും മുകളിലേക്കും ചലിപ്പിച്ചുകൊണ്ട് ഏറ്റവും അടുത്തുള്ള ഒഴിഞ്ഞ പാർക്കിങ് സ്ഥലം കണ്ടെത്തി അവിടെ കൊണ്ടുപോയി പാർക്ക് ചെയ്യുന്നതാണ് സംവിധാനം. ഇലക്ട്രോ മെക്കാനിക്കൽ സംവിധാനമാണ് കാറിനെ വശത്തേക്കും മുകളിലേക്കും ചലിപ്പിക്കുന്നത്.

1987ലാണ് ഹീ മാൻ എൻജിനീയേഴ്സ് എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചുതുടങ്ങിയത്. പൊതുമേഖല,സ്വകാര്യ സ്ഥാപനങ്ങൾക്കായി സ്പെഷൽ പർപ്പസ് യന്ത്രങ്ങളും ഹെവി ഡ്യൂട്ടി ഇനത്തിൽ പെട്ട ഇഒടി ക്രെയിനുകളും ഹൈഡ്രോളിക് യന്ത്രങ്ങളും നിർമിച്ചുനൽകിയിരുന്നു. ഇവയിൽ നിന്നാർജിച്ച അനുഭവസമ്പത്താണ് പാർക്കിങ് സംവിധാനത്തിലേക്കു തിരിയാൻ പ്രേരിപ്പിച്ചത്.