അറുപതിന്റെ ചെറുപ്പത്തിൽ ഫിയറ്റ് 500

അരങ്ങേറ്റത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷിക്കാൻ ‘ഫിയറ്റ് 500’ ഒരുങ്ങുന്നു. 60—ാം വാർഷികാഘോഷം പ്രമാണിച്ചു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽ(എഫ് സി എ) പ്രത്യേക, പരിമിതകാല പതിപ്പും അവതരിപ്പിക്കുന്നുണ്ട്. ‘ഫിയറ്റ് — സിക്സ്റ്റിയത്ത് മോഡൽ’ എന്നു പേരിട്ട കാർ യു കെയിൽ വിൽപ്പനയ്ക്കെത്തി. ഇത്തരത്തിലുള്ള 250 കാറുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തുകയെന്ന് കമ്പനി അറിയിച്ചു. ഇപ്പോൾ ഓർഡർ ചെയ്യുന്നവർക്ക് ജൂലൈ നാലോടെ കാറുകൾ കൈമാറുമെന്നാണ് എഫ് സി എയുടെ വാഗ്ദാനം. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ ആഗോളതലത്തിൽ 60 ലക്ഷത്തോളം ‘ഫിയറ്റ് 500’ വിറ്റഴിഞ്ഞെന്നാണു കണക്ക്. ഷഷ്ടിപൂർത്തി ആഘോഷം പ്രമാണിച്ച് നിർമിക്കുന്ന 250 കാറുകളിലെ ആദ്യ 60 എണ്ണത്തിനു പ്രത്യേക ലിമിറ്റഡ് എഡീഷൻ നമ്പർ പ്ലേറ്റും ഒതന്റിസിറ്റി സർട്ടിഫിക്കറ്റുമൊക്കെ എഫ് സി എ വാഗ്ദാനം ചെയ്യുന്നുണ്ട്.

Nuova 500

ഗ്രേ ഫാബ്രിക് റൂഫ്, ബോഡിക്ക് ട്രൈ കോട്ട് വൈറ്റും ബോണറ്റിനും പില്ലറുകൾക്കും പേസ്റ്റൽ ഐവറിയുമായി ഡോൾസിവിറ്റ ബൈ കളർ പെയ്ന്റിങ് തുടങ്ങിയവോടെയാവും ‘ഫിയറ്റ് 500’ പരിമിതകാലപതിപ്പിന്റെ വരവ്. മിററുകൾക്ക് ക്രോം കവർ, ആദ്യ കാറുകളോടുള്ള ആദരസൂചകമായി വൈറ്റ് ഡയമണ്ട് ഫിനിഷുള്ള 16 ഇഞ്ച് അലോയ് വീൽ, പഴയകാല ഫിയറ്റ് ലോഗോകൾ ഉൾപ്പെട്ട ബാഡ്ജിങ്, ‘500’ ലോഗോയുടെ അവസാന അക്കങ്ങളായി ചുവപ്പ് നിറത്തിലുള്ള ആറും പൂജ്യവും തുടങ്ങിയവയൊക്കെയാണു ‘ഫിയറ്റ് — സിക്സ്റ്റിയത്ത് മോഡലി’ന്റെ സവിശേഷത.

Fiat 500 R

കാബിനിൽ വിനൈൽ ഡാഷ്ബോഡ്, പഴയകാല ഫിയറ്റ് ലോഗോ പതിച്ച് സ്റ്റീയറിങ് വീൽ, പഴമയെ പ്രതിനിധീകരിക്കുന്ന ഐവറി ലതർ സീറ്റ്, ഐവർ ലതർ ഗീയർ നോബ്, ബിസ്പോക്ക് ഫ്ളോർ മാറ്റ്, ‘500 സിക്സ്റ്റിയത്ത്’ കിക്ക് പ്ലേറ്റ് തുടങ്ങിയവയുണ്ട്. ഒപ്പം ബ്ലൂ ടൂത്് സഹിതം ഏഴ് ഇഞ്ച് ഹൈ ഡഫനിഷൻ യു കണക്ട് റേഡിയോ ലൈവ് ടച് സ്ക്രീൻ, സാറ്റലൈറ്റ് നാവിഗേഷൻ, യു എസ് ബി — ഓക്സിലറി ഇൻ പോർട്ടുകൾ, മൾട്ടി ഫംക്ഷനൽ സ്റ്റീയറിങ് വീൽ, മഴയും ഇരുട്ടും തിരിച്ചറിയുന്ന സെൻസർ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫോഗ് ലൈറ്റ്, റിയർ പാർക്കിങ്  എന്നിവയും കാറിലുണ്ടാവും. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ ആപ്ലിക്കേഷനുകളും കാറിൽ ലഭ്യമാണ്. 

Fiat 500 D

മൂന്ന് എൻജിൻ സാധ്യതകളോടെയാവും പ്രത്യേക പതിപ്പ് ലഭിക്കുക: 1.2 ലീറ്റർ പെട്രോൾ(പരമാവധി കരുത്ത് 68 ബി എച്ച് പി), രണ്ട് 900 സി സി ട്വിൻ എയർ എൻജിനുകൾ(പരമാവധി കരുത്ത് 84 ബി എച്ച് പിയും 104 ബി എച്ച് പിയും). മാനുവൽ ഗീയർബോക്സിനു പുറമെ ഫിയറ്റിന്റെ ഡ്യുവൽലോജിക് ഗീയർബോക്സ് സഹിതവും കാർ ലഭിക്കും.