അബാർത്ത്, ഒരു വാഹനവീരഗാഥ !

Abrath

കാൾ ആൽബർട്ടോ അബാർത്ത്–  റേസിങ് ട്രാക്കിലെ മിന്നൽപ്പിണർ എന്നൊക്കെ വിശേഷണം കേൾക്കേണ്ടയാളായിരുന്നു ഈ ഓസ്ട്രിയക്കാരൻ. റേസിങ്ങിനിടെയെത്തിയൊരു അപകടം ആ വേഗത്തിനു കടിഞ്ഞാണിട്ടു. ട്രാക്കിന്റെ നഷ്ടം പക്ഷേ റേസിങ്ങിന്റെ ഭാഗ്യമാകുകയായിരുന്നു. വാഹനപ്രേമികളുടെ മനസിൽ തേളിറക്കുന്നതുപോലെ പറ്റിച്ചേർന്ന അബാർത്ത് എന്ന വിസ്മയത്തിന്റെ പിറവിക്കാണ് ആ വീഴ്ച വഴിയൊരുക്കിയത്.

ട്രാക്കിലെ വീഴ്ച

ഓട്ടമൊബീൽ എൻജിനീയറിങ്ങിന്റെ സ്‌പന്ദനമുറങ്ങുന്ന തലയുമായിട്ടാകും വിയന്നയിൽ കാൾ അബാർത്ത് ജനിച്ചിരിക്കുക. കുട്ടിയായിരിക്കുമ്പോൾത്തന്നെ അബാർത്തിനെത്തേടി അവസരങ്ങൾ അങ്ങോട്ടുചെന്നു. പതിനാറാം വയസിൽ ഇറ്റാലിയൻ മോട്ടോർ കമ്പനിയുടെ അപ്രന്റീസായി തുടങ്ങിയ അബാർത്തിനു റേസ് ബൈക്കുകളുടെ രൂപകൽപനയ്ക്കായുള്ള വിളിയെത്തുമ്പോൾ പ്രായം 19 മാത്രം. ഓസ്ട്രിയയിൽ റേസ് ബൈക്ക് ഡിസൈനറായി സ്‌ഥാനമേറ്റെടുത്ത കാളിനു റേസ് ഡ്രൈവർക്കു പരുക്കേറ്റൊരു ദിനം ട്രാക്കിൽ ഇറങ്ങാനും വിളിയെത്തി. മിന്നൽവേഗത്തിൽ പരിശീലനമൊക്കെ കഴിഞ്ഞു റേസിനിറങ്ങിയ പയ്യനെ പക്ഷേ ബൈക്കിന്റെ പണിമുടക്ക് ചതിച്ചു. പകരക്കാരൻ വന്നതിലുള്ള അട്ടിമറിയാണ് ബൈക്കിന്റെ തകരാറെന്നു വ്യക്തമായതോടെ അബാർത്ത് ആ ജോലി തന്നെ കളഞ്ഞു. ലക്ഷ്യം അപ്പോഴും റേസിങ് തന്നെ. പഴയൊരു ബൈക്ക് വാങ്ങി പൊളിച്ചടുക്കി പലതരം പാർട്സുകൾ കയറ്റി സ്വന്തം ഡിസൈനുമായാണു പയ്യൻ കളത്തിലെത്തിയത്. സ്പോൺസർമാരും സാങ്കേതിക സഹായവുമില്ലാതെ മൽസരിച്ചു റേസ് ജയിക്കുകയെന്ന അദ്ഭുതമാണ് അബാർത്ത് സൃഷ്ടിച്ചത്. ബൈക്കിന്റെ പേരായും അബാർത്ത് എന്നെഴുതി റേസിങ്ങിൽ തിളങ്ങും കരിയർ പടുത്തുയർത്തുന്നതിനിടെയാണ് ആ അപകടമെത്തിയത്. 

അബാർത്തിന്റെ പിറവി

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ഇറ്റലിയിലേയ്ക്കു മടങ്ങിയതാണ് കാളിന്റെ ജീവിതം തിരുത്തിയെഴുതിയത്. റേസിങ്ങിനോടു വിട പറഞ്ഞു കാർപെറ്റ് കച്ചവടവും ബൈസിക്കിൾ വിപണനവുമായി ഒതുങ്ങിക്കൂടിയ അബാർത്തിനു പോർഷേയുടെ ഡിസൈൻ സ്‌റ്റുഡിയോയിലാണ് അവസരമൊരുങ്ങിയത്.  ഇറ്റാലിയൻ വാസത്തിനായി കാൾ എന്ന പേര് കാർലോ എന്നാക്കിയാണ് അബാർത്ത് പുതുജീവിതം തുന്നിയത്. പോർഷേ വഴി സിസിറ്റാലിയ എന്ന ഫോർ വീൽ ഡ്രൈവ് എൻജിന്റെ രൂപകൽപന അബാർത്തിന്റെ ദൗത്യമായി. സ്വപ്നപദ്ധതി പക്ഷേ പൂവണിഞ്ഞില്ല. സാമ്പത്തികപ്രതിസന്ധിയിൽ സിസിറ്റാലിയയ്ക്കു പൂട്ട് വീണു. ശമ്പളം പോലും ഇല്ലാത്ത അവസ്‌ഥയിലായിട്ടും അബാർത്ത് അസാധാരണമായൊരു തീരുമാനമെടുത്തു, നഷ്‌ടത്തിൽ നെട്ടോട്ടമോടുന്ന സ്‌ഥാപനത്തിന്റെ അവശേഷിപ്പുകൾ ഏറ്റെടുക്കാൻ. ആ കമ്പനിക്ക് പുതിയൊരു പേരും കൊടുത്തു  – അതാണ് അബാർത്ത് ആൻഡ് കമ്പനി. 1949 മാർച്ച് 31 നാണ് അബാർത്തിന്റെ പിറവി. അബാർത്തിന്റെ വിഖ്യാത ലോഗോയുടെ പിന്നിലും സമർഥനായ ഉടമയുടെ കരങ്ങളുണ്ട്. സ്കോർപിയൻ ജന്മരാശിക്കാരനാണു കാർലോ. അബാർത്തിന്റെ ലോഗോയിൽ തേളിന്റെ പടം പതിഞ്ഞതിന്റെ കാരണവും അതുതന്നെ.

ട്രാക്കിലെ വാഴ്ച

റേസിങ്ങിനുള്ള സ്‌പോർട്‌സ് കാറുകളുടെ നിർമിതിയാണ് ആദ്യകാലം മുതൽക്കേ അബാർത്ത് ലക്ഷ്യമിട്ടത്. അബാർത്ത് 204 എ റോഡ്‌സ്‌റ്റെർ, 204 എ സ്‌പൈഡർ എന്നീ തുടക്കസൃഷ്‌ടികൾ റേസിങ് ട്രാക്കുകളിൽ തരംഗം തീർത്തു. പരീക്ഷണങ്ങൾക്കൊടുവിലൊരു തകർപ്പൻ എക്‌സ്‌ഹോസ്‌റ്റ് സിസ്‌റ്റവും അബാർത്ത് വിപണിയിലെത്തിച്ചു. ആൽഫാ റോമിയോയും മസരാറ്റിയും ഫെറാറിയും പോലുള്ള അതികായർ പോലും ഈ സിസ്‌റ്റത്തിനായി അബാർത്തിനു മുന്നിൽ കാത്തുകിടന്നു. 1952 ൽ ഫിയറ്റുമായി കൂട്ടുചേർന്നതോടെ അബാർത്തിന്റെ ശുക്രദശയ്ക്കും ആരംഭമായി. ആ കൂട്ടുകെട്ടിൽ പിറന്ന ഫിയറ്റ് 600 ഹിറ്റായതോടെ അബാർത്തിന്റെ സ്വപ്നം ചെറു സ്‌പോർട്‌സ് കാറുകളിലേയ്ക്കു വളർന്നു.  തൊട്ടടുത്ത വർഷം തന്നെ ഫിയറ്റ് അബാർത്ത് 750 എന്ന ചെറുകാർ റേസിങ് ട്രാക്കിൽ തരംഗം തീർക്കുന്ന കാഴ്ചയാണ് കണ്ടത്. യുഎസ് പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ മകൻ ഇറ്റലിയിലെത്തി അബാർത്ത് സൃഷ്ടികൾ യുഎസിൽ വിതരണം ചെയ്യാനുള്ള കരാറുറപ്പിക്കുന്നതു വരെ ചെന്നെത്തി ഈ വാഹനവീരഗാഥ. 

മാസ്‌റ്റർ പീസായ ഫിയറ്റ് 500 മോഡലും എഴുപതുകളിലെ ട്രെൻഡ് സെറ്ററായ ഫിയറ്റ് 131 അബാർത്തുമെല്ലാം ചേർന്നു വാഹനലോകത്തു വിസ്മയം വിരിയിച്ച നാളുകൾക്കാണ് കാർലോ അബാർത്ത് സാക്ഷിയായത്. 1979 ൽ എഴുപത്തിയൊന്നാം വയസിൽ കാർലോ ലോകത്തോടു വിടപറയുമ്പോഴേക്കും അബാർത്ത് കാറുകൾ പതിനായിരത്തിലേറെ ട്രാക്കുകളിൽ വിജയം വെട്ടിപ്പിടിച്ചിരുന്നു. തൊണ്ണൂറുകളിൽ അബാർത്ത് എന്ന ബ്രാൻഡ് അപ്രത്യക്ഷമായെങ്കിലും 2007 ൽ ഫിയറ്റ് വഴി രണ്ടാമൂഴമെത്തി. ഗ്രാൻഡേ പുന്തോ അബാർത്ത് എസ് 2000 ആണ് തിരിച്ചുവരവിലെ ആദ്യനിർമിതി. അബാർത്ത് 500, ഗ്രാൻഡേ പുന്തോ എന്നീ റോഡ് ഗോയിങ് കാറുകൾ  പിന്നാലെയെത്തി.