Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ ആന്റ് കെ ഓട്ടോമൊബൈൽസിലെ ആനവണ്ടികൾ

KSRTC Miniature models KSRTC Miniature models

'ടിപി 823 ഗവി ഓർഡിനറിയും ടിഇ 96 വൈക്കം ഓർഡനറിയും ഉടൻ പുറപ്പെടുന്നതാണ്'– ഞീഴൂരിലെ കെ ആൻഡ് കെ സ്റ്റാൻഡിൽനിന്നാണ് ഈ അറിയിപ്പ്. പേടിക്കേണ്ട, നമ്മുടെ ആനവണ്ടിയോട് മത്സരിക്കുന്ന അനധികൃത സമാന്തരസർവീസൊന്നുമല്ല, കോട്ടയം ജില്ലയിലെ ഞീഴൂര്‍ സ്വദേശിയായ ശ്യാംകുമാർ ആചാര്യയുടെ സ്വകാര്യ ബസ് ഡിപ്പോയാണ്. കെഎസ്ആർടിസി ഡിപ്പോയോട് മത്സരിക്കാനൊരുങ്ങി കുട്ടിക്കൊമ്പന്‍മാർ ഇവിടെ നിരന്നു കിടക്കുകയാണ്.ശ്യാംകുമാർ ആചാര്യയെന്ന വാഹനപ്രേമിയാണ് കെ ആൻഡ് കെ ഓട്ടോമൊബൈൽസിന്റെ പ്രൊപ്രൈറ്റർ. വാഹനങ്ങളുടെ പ്രത്യേകിച്ച് ആനവണ്ടികളുടെ മിനിയേച്ചർ രൂപങ്ങളുണ്ടാക്കുന്നതിലൂടെയാണ് ഈ യുവാവിനെ ഏവരും അറിയുക.

miniature-models-1 ശ്യാംകുമാർ ആചാരി

ചെറിയ ക്ളാസുകളിൽ വച്ച് എല്ലാവരും തന്നെ വാഹനങ്ങൾ ഉണ്ടാക്കി പരീക്ഷിച്ചിട്ടുണ്ട്. പാട്ടയും കുപ്പിയും ചെരുപ്പ് വീലുകളുമായി ശ്യംകുമാറും കുട്ടിക്കാലത്ത് ചില പരീക്ഷണങ്ങൾ നടത്തി. ബാല്യകാലം പിന്നിട്ടിട്ടും വാഹനപ്രേമം വിടാത്ത ശ്യാംകുമാർ ഉണ്ടാക്കിയത് ഒരു ലോറിയാണ്. ഒരു സൂപ്പർ ലോറി. അതും എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ.  ആ പ്രായത്തിൽത്തന്നെ കരവിരുത് ശ്രദ്ധിക്കപ്പെട്ടു.  

KSRTC Miniature models KSRTC Miniature models

പിന്നീട് ബിഎ ഇംഗ്ളീഷ് പഠനമൊക്കെ കഴിഞ്ഞ് പിഎസ്​സി കോച്ചിംഗുമായി നടക്കുമ്പോഴും വാഹനപ്രേമം കൈവിട്ടില്ല. സമയം കിട്ടുമ്പോഴെല്ലാം വാഹനങ്ങളുടെ മിനിയേച്ചർ രൂപങ്ങളുണ്ടാക്കി. വീടിനടുത്തുള്ളവർ കഴിവുകൾ തിരിച്ചറിഞ്ഞു അഭിനന്ദിച്ചു, ചിലർ ജോലിക്ക് പോകുന്നതിനു പകരം വാഹനങ്ങളുണ്ടാക്കുന്നതിൽ വിമർശിച്ചു. പക്ഷേ  നിർമ്മിക്കുന്ന വണ്ടികളുടെ ചിത്രം ഫേസ്ബുക്കിലിടാൻ തുടങ്ങിയതോടെയാണ് ശ്യാംകുമാർ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.  

ksrtc-miniature-models-3 KSRTC Miniature models

തകിടും തടിയും ഉപയോഗിച്ചാണ് മിനിയേച്ചർ നിർമാണം. കെഎസ്ആർടിസി ആരാധകനായതിനാൽ ഏറ്റവും അധികം നിർമ്മിച്ചത് നമ്മുടെ ആനവണ്ടികൾ തന്നെയാണ്. ഷട്ടറുകൾ പോലും തുറക്കാനും അടയ്ക്കാനുമാവുമെന്ന രീതിയിലായതിനാൽ ഒരു മാസം വരെ വേണം ഒരു ബസിന്റെ നിർമ്മാണത്തിന്. ഓർഡിനറി ബസുകളുടെ നിർമ്മാണം പൂർത്തിയാകാൻ ഒരു വർഷംവരെ എടുത്തുവെന്ന് ശ്യാംകുമാർ പറയുന്നു. നിർമ്മിച്ചതിൽ ഏറ്റവും ഇഷ്ടമായത് ടാറ്റയുടെ വണ്ടിയാണ്. നിരവധി ആവശ്യക്കാരുണ്ടെങ്കിലും അത് ശ്യാംകുമാർ കൊടുക്കാൻ തയ്യാറല്ല.കെഎസ്ആർടിസിയുടെ പഴയതും പുതിയതുമായ മോഡലുകളുടെ  മിനിയേച്ചർ രൂപങ്ങള്‍ക്ക് ഓർഡറുകളും കിട്ടാൻ തുടങ്ങിയിരിക്കുന്നു.

ksrtc-miniature-models-4 KSRTC Miniature models

മൺമറഞ്ഞു പോയ പഴയ മോഡൽ ആനവണ്ടികളും ഗൃഹാതുരത്വം ഉണർത്തുന്ന നാട്ടുവഴികളോടെ യഥാര്‍ഥ്യമെന്ന് തോന്നുന്ന ഒരു വീഡിയോ സുഹൃത്തുക്കളുടെ സഹായത്തോടെ നിർമ്മിച്ചതോടെ സംഭവം വൈറലായി. നിരവധിപ്പേരാണ് വിളിച്ച് അഭിനന്ദനം അറിയിച്ചത്. നാട്ടുവഴികളും ചായക്കടയും അവിടെ ഒട്ടിച്ചിരിക്കുന്ന കർമ്മ സിനിമയുടെ പോസ്റ്ററുമൊക്കെ നമ്മെ ഉറപ്പായും തൊണ്ണൂറുകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഫെയ്സ്ബുക്കിൽ ഈ വീഡിയോകളും ചിത്രങ്ങളും വന്നതോടെ സോഷ്യൽ മീഡിയയിൽ വൈറലായി. ബസ് നിര്‍മ്മിക്കുന്നതിന്റെ മെയ്ക്കിങ് വീഡിയോ ഉള്‍പ്പെടെ ശ്യാം പോസ്റ്റ് ചെയ്തതോടെ നിരവധി ആളുകളാണ് അഭിനന്ദനവുമായി എത്തിയത്.

KSRTC Miniature models KSRTC Miniature models

പഴയകാല ചായക്കടയുടെ രൂപങ്ങളും ബസുകളുടെ ചിത്രങ്ങളുമൊക്കെ ഇന്റർനെറ്റിലൂടെ കണ്ടാണ് ശ്യാംകുമാർ സെറ്റ് തയ്യാറാക്കിയത്.താൻ നിർമ്മിച്ച അതേ ചായക്കടയുടെ ചിത്രം ഇന്റർനെറ്റിൽ തെരഞ്ഞാൽ ആർക്കും കണ്ടെത്താൻ കഴിയുമെന്ന് ശ്യാം പറയുന്നു. സുരേഷ് ഗോപി ആരാധകമായ ശ്യംകുമാർ കർമ്മയുടെ പോസ്റ്ററും നെറ്റിൽ നിന്ന് ‍ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുകയായിരുന്നു. 

miniature-models KSRTC Miniature Models

റിട്ട: അധ്യാപകനായ സുകുമാര‍ൻ– ഓമന ദമ്പതികളുടെ  മൂന്ന് ആൺമക്കളിൽ രണ്ടാമനായ ശ്യാംകുമാർ ബിഎ ഇംഗ്ളീഷ് കഴിഞ്ഞ് ജോലി തേടുകയാണ്. തന്റെ ഇഷ്ടമേഖലയിലേക്ക് പോകാൻ കഴിയണമെന്നാണ് ശ്യാംകുമാറിന്റെ ആഗ്രഹം.സിനിമയും കലാസംവിധാനവുമാണ് ഈ യുവാവിന്റെ സ്വപ്നം. സിനിമ മേഖലയിൽ നിന്ന് ചില വിളികൾ വരുന്നുണ്ട്. വെള്ളിത്തിരയിൽ ഈ കരവിരുത് കാണണമെന്നാണ് ശ്യംകുമാറിനെ പ്രോത്സാഹിപ്പിച്ച് കട്ടയ്ക്ക് കൂടെ നിൽക്കുന്ന വാഹനപ്രേമികളുടെയും ആഗ്രഹം.