ആഡംബരത്തിന്റെ ബിഗ് ബെന്റ്ലി

Bentley Flying Spur

കാറോട്ടം ആഡംബരമാകുമ്പോൾ അതിലെ 'ലിമിറ്റഡ് എഡിഷൻ' സാന്നിധ്യമാണ് ബെന്റ്ലി കാറുകൾ. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന, ലക്ഷുറി കാറുകളുടെ മറുവാക്കായി മാറിയ ബ്രിട്ടിഷ് നിർമിതി. വാഹനലോകത്ത് ഒരു നൂറ്റാണ്ടിന്റെ സഞ്ചാരം പൂർത്തിയാക്കുന്ന ബെന്റ്ലി കാറുകളുടെ വരവിന്റെയും വളർച്ചയുടെയും കഥയിലൂടെ. 

ഫ്രഞ്ച് ഐഡിയ, ബ്രിട്ടിഷ് ഐറ്റം

ഫ്രഞ്ചുകാരുടെ ഡിഎഫ്പി കാറുകളോടു കടപ്പെട്ടിരിക്കുന്നു ബെന്റ്‌ലി കാറുകളുടെ ഉദയം. വടക്കൻ ലണ്ടനിൽ ഡിഎഫ്പി കാർ വിൽപന തുടങ്ങിയ ബെന്റ്ലി സഹോദരൻമാരുടെ സംരംഭമാണ്  ഇന്നു ബ്രിട്ടിഷുകാരുടെ സ്വകാര്യ അഭിമാനമായ മാറിയ െബന്റ്ലി കാറുകളുടെ ജാതകം കുറിച്ചത്. സ്വന്തം കാറുകൾ നിർമിക്കണമെന്ന സ്വപ്നം മനസിൽ സൂക്ഷിച്ച വാൾട്ടർ ഓവൻ ബെന്റ്ലിയുടെ പരിശ്രമമാണു ബെന്റ്ലി കാറുകളുടെ വരവിൽ കലാശിച്ചത്. 1913 ൽ ഡിഎഫ്പി ഫാക്ടറി സന്ദർശനത്തിനിടെ കാസ്റ്റ് അയണിനു പകരം കനം കുറഞ്ഞൊരു ലോഹം കൊണ്ട് എൻജിൻ പിസ്റ്റൺ നിർമിക്കുന്നതു കണ്ടാണ് വാൾട്ടർ ബെന്റ്ലി സ്വന്തം നിലയ്ക്കു ശ്രമം നടത്തിയത്. ഡിഎഫ്പി സമ്മാനിച്ച പ്രചോദനം അലൂമിനിയം പിസ്റ്റണുകളുടെ പിറവിയിലേയ്ക്കു ബെന്റ്ലിയെ നയിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഏയ്റോ എൻജിനുകളിൽ ഈ പിസ്റ്റൺ വിജയകരമായി ഘടിപ്പിച്ചതോടെ സ്വന്തം പേരിൽ കാറെന്ന ബെന്റ്ലി സ്വപ്നത്തിനും വേഗം കൂടി. 1919 ഓഗസ്റ്റിൽ വാൾട്ടറിന്റെ ബെന്റ്ലി മോട്ടോർസ് റജിസ്റ്റർ ചെയ്യപ്പെട്ടു. അതേവർഷം ഒക്ടോബറിൽ തന്നെ ഡമ്മി എൻജിനുമായി ബെന്റ്ലി ചേസിസിലുള്ള കാറുകൾ ലണ്ടൻ മോട്ടോർ ഷോയിൽ പ്രദർശനത്തിനെത്തി. രണ്ടു മാസത്തിനകം എൻജിൻ നിർമാണവും പൂർത്തീകരിച്ചെങ്കിലും വിതരണത്തിനെത്താൻ സമയമെടുത്തു. ഏറെ കാത്തിരിപ്പിനു ശേഷം 1921 സെപ്റ്റംബറിലാണ് ബെന്റ്ലിയുടെ ആദ്യ കാർ വന്നെത്തിയത്. ബ്രൂക്ക്‌ലാൻഡ്സ് റേസിൽ വരെ ഇടംനേടി കരുത്തും ക്ഷമതയും തെളിയിച്ച ആദ്യ ബെന്റ്ലി കാറിനെ കൈയടികളോടെയാണ് അന്നു ഇംഗ്ലിഷ് ജനത സ്വീകരിച്ചത്. 

വിന്റേജ് മോഡൽ, ഫ്ലൈയിങ് ബ്രാൻഡ്

വിന്റേജ് കാലഘട്ടത്തിലെ ചില ശ്രദ്ധേയ നിർമിതികളിലൂടെയാണ് ഇരുപതുകളിൽ ബെന്റ്ലി മുന്നേറിയത്. ഇതിനിടെ വാൾട്ടർ ഓവൻ ബെന്റ്ലി റേസിങ് ട്രാക്കിലൂടെയും തന്റെ നയം വ്യക്തമാക്കി. 1922ലെ ഇന്ത്യാനപൊളിസ് 500 റേസിൽ തുടങ്ങുന്നു ബെന്റ്ലിയുടെ ട്രാക്കിലെ കുതിപ്പ്. 1924ലെ ലെ മാൻസ് ഉൾപ്പെടെ തുടർച്ചയായ റേസിങ് ചാംപ്യൻഷിപ്പുകൾ ബെന്റ്ലിയുടെ വേഗത്തിനു കീഴടങ്ങിയതോടെ മോട്ടോറിങ് ലോകത്തിന്റെ സ്പന്ദനമായി മാറി ബെന്റ്ലി എന്ന നാമം. പേരും പെരുമയും ഏറെ കിട്ടിയെങ്കിലും സാമ്പത്തികമായി അത്ര നല്ല ഓട്ടമായിരുന്നില്ല ബെന്റ്ലിയുടേത്. മുപ്പതുകളുടെ തുടക്കത്തിൽ സാമ്പത്തിക തകർച്ചയെത്തുടർന്നു നിർമാണം വരെ മുടങ്ങിയ ബെന്റ്ലി മോട്ടോർസിനെ റോൾസ് റോയ്സ് ഏറ്റെടുത്തു.  പുത്തൻ സ്പോർട്സ് കാർ ഉൾപ്പെടെ രണ്ടു ബ്രാൻഡിനും നേട്ടമുണ്ടാക്കിയ കൂട്ടുകെട്ടിനു ശേഷം 1935 ൽ വാൾട്ടർ ബെന്റ്ലി റോൾസ് റോയ്സുമായുള്ള കരാർ അവസാനിപ്പിച്ചു. എന്നാൽ ബെന്റ്ലി എന്ന പേര് ലോകം മുഴുവൻ വ്യാപിക്കുന്ന കാഴ്ചയാണു പിന്നെ കണ്ടത്. നാൽപതുകളുടെ മധ്യത്തിൽ, മെക്കാനിക്കുകളുടെയും എൻജിനീയർമാരുടെയും താവളമായ ക്രീവിലേയ്ക്കു തട്ടകം മാറ്റിയതോടെയാണ് ബെന്റ്ലിയുടെ സുവർണകാലം തെളിഞ്ഞത്. മാർക്ക് –6, ആർ– ടൈപ്പ് കോണ്ടിനെന്റൽ തുടങ്ങിയ മോഡലുകളിലൂടെ ആഡംബരം വിളിച്ചോതിയ ബെന്റ്ലി മോട്ടോർസിനു 1957 ൽ കോണ്ടിനെന്റൽ ഫ്ലൈയിങ് സ്പറും തൊട്ടുപിന്നാലെ വി 8 എൻജിൻ എസ് 2 വും  നിരത്തിലിറങ്ങിയതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 

 ഫോക്സ്‌വാഗൺ ബെന്റ്ലി 

അറുപതുകളുടെ മധ്യത്തിൽ ബെന്റ്ലിയുടെ വിഖ്യാതമായ ടി – സീരീസ് കാറുകൾ ലോകം കണ്ടുതുടങ്ങി. തകർപ്പൻ പെർഫോർമൻസും കിടിലൻ ഡിസൈനും കാഴ്ചവച്ച ടി സീരീസ് വിപ്ലവം വാഹനവിപണിയുടെ ചരിത്രം കൂടിയാണ് തിരുത്തിയെഴുതിയത്. തന്റെ പേര് പതിഞ്ഞൊരു വാഹനം സ്വപ്നം  കണ്ട വാൾട്ടർ ബെന്റ്ലി,  തന്റെ പേര് പതിഞ്ഞ വാഹനം ലോകത്തിന്റെ തന്നെ സ്വപ്നമാകുന്നതു കണ്ടാണ് 1971 ൽ വിടപറഞ്ഞത്. വി8 എൻജിന്റെ ക്ഷമത 6.75 ലിറ്ററായി ഉയർത്തിയാണ് എഴുപതുകളിൽ ബെന്റ്ലി മുന്നോട്ടുനീങ്ങിയത്. 1982 ൽ പിറന്ന ബെന്റ്ലി മുൽസാൻ അന്നും ഇന്നും വേഗത്തിന്റെ പര്യായമാണ്. കോണ്ടിനെന്റൽ ജിടി വകഭേദങ്ങളും ബെന്റാഗ എസ്‌യുവിയുമെല്ലാം ചേരുന്ന ബെന്റ്ലി കാറുകൾ ഇന്നു ഫോക്സ്‌വാഗന്റെ സ്വന്തമാണ്. റോൾസ് റോയ്സിൽ നിന്നു 1998 ലാണ് ബെന്റ്ലിയുടെ അവകാശം ഫോക്സ്‌വാഗൺ സ്വന്തമാക്കിയത്.