ബുള്ളറ്റില്‍ വാൽപ്പാറയിലേയ്ക്കൊരു മണ്‍സൂണ്‍ യാത്ര

Bullet Ride

ബുള്ളറ്റിനെ ഇഷ്ടപ്പെടാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട്്. ചിലര്‍ക്ക് അത് നൊസ്റ്റാള്‍ജിയ ആണെങ്കില്‍ ചിലര്‍ക്ക് അതൊരു വികാരമാണ്. ക്ലാസിക്കും സ്റ്റാൻഡേര്‍ഡും ഇലക്ട്രയും തണ്ടര്‍ബേര്‍ഡും ഹിമാലയനും തുടങ്ങി വിവിധ ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡിനുണ്ടെങ്കിലും ഇവയെല്ലാം നമുക്ക് ബുള്ളറ്റുകളാണ്. എത്ര പറഞ്ഞാലാണ്, അതിലേറി എത്ര പറന്നാലാണ് ബുള്ളറ്റിനോടുള്ള കൊതി മാറുക!. മുച്ചക്ര സൈക്കിളുന്താന്‍ തുടങ്ങിയ കുട്ടിക്കാലത്തേ മനസില്‍ കൊത്തിവച്ച രൂപം. ഇന്ത്യന്‍ യുവത്വത്തിന്റെ കരുത്തിന്റെ പ്രതീകം. അത്രമേല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കയാണെന്നു ലിംഗഭേദമില്ലാതെ ആളുകള്‍ രഹസ്യം പറയുന്നൊരു കക്ഷി. ഒരിക്കല്‍ നിരത്തുകളിലെ അപൂര്‍വതയായിരുന്നെങ്കില്‍ ഇന്ന് ബുള്ളറ്റ് സര്‍വ്വസാധാരണമാണ്.

ഈ സര്‍വ്വസാധാരണ വാഹനത്തെ അസാധാരണമാക്കുന്നത് ഇതിനോടുള്ള ഓരോ ബുള്ളറ്റ് പ്രേമിയുടേയും സ്‌നേഹമാണ്, യാത്രപോകാനുള്ള ആവേശമാണ്. ഇന്ന് റോയല്‍ എന്‍ഫീല്‍ഡിന് വിവിധ മോഡലുകളുള്ള ബൈക്കുകളുണ്ടെങ്കിലും ബുള്ളറ്റ് യാത്രികര്‍ക്ക് എന്നും ഒരേ മനസാണ്് ട്രിപ്പടിക്കാന്‍ വെമ്പുന്ന മനസ്. കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്ന് ഇത്തവണത്തെ യാത്ര വാല്‍പ്പാറയിലേയ്ക്കാണ്. ഹൈവേയിലൂടെ പാറിപ്പറന്ന്... പാലക്കാടിന്റെ പച്ചപ്പും ചൂടും ആസ്വദിച്ച്...വാല്‍പ്പാറ ചുരത്തിലെ നാല്‍പ്പതു മുടിപ്പിന്നുകള്‍ ചുറ്റിക്കയറി. കോടമഞ്ഞിന്റെ നനുത്ത സുഖമറിഞ്ഞ്... കാടിന്റെ വന്യത നുകര്‍ന്ന്... ഷോളയാര്‍ കാട്ടിലൂടെ മഴനനഞ്ഞ് ബുള്ളറ്റില്‍ ഒരു മണ്‍സൂണ്‍ യാത്ര...

Bullet Ride

രണ്ടു ദിവസം നീണ്ടു നിന്ന ആ യാത്രയില്‍ 10 ബുള്ളറ്റുകളിലായി ഏകദേശം 14 പേരായിരുന്നു ഉണ്ടായിരുന്നത്. പല പ്രായത്തിലും പല സാഹചര്യങ്ങളിലും നിന്നുള്ള ഒരേ മനസുള്ളവര്‍. വാല്‍പ്പാറയിലേയ്ക്ക് മുമ്പും പോയിട്ടുണ്ടെങ്കിലും ഈ യാത്ര സമ്മാനിച്ചത് വ്യത്യസ്ത അനുഭവങ്ങളാണ്. ചാലക്കുടി, ആതിരപ്പിള്ളി വാഴച്ചാല്‍ വഴി കാടുകയറി വാല്‍പ്പാറയില്‍ എത്താമെന്നായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് മടക്കം അതിലൂടെ ആക്കാം എന്നു തീരുമാനിച്ച് യാത്ര പൊള്ളാച്ചി വഴി ആക്കി. കോട്ടയത്തു നിന്ന് ആരംഭിച്ച യാത്രയുടെ ആദ്യ പിറ്റ്‌സ്റ്റോപ്പ് മൂവാറ്റുപുഴയിലായിരുന്നു. അവിടുന്ന് പ്രഭാത ഭക്ഷണം കഴിച്ച് അങ്കമാലി ഹൈവേ വഴി കുതിരാന്‍ മലയും താണ്ടി വടക്കാഞ്ചേരിയിലെത്തി. അവിടെയായിരുന്നു ഉച്ചഭക്ഷണം. പിന്നീട് തമിഴ് മണക്കുന്ന പൊള്ളാച്ചിയിലേക്ക്.

Bullet Ride

പൊള്ളാച്ചിയില്‍ എത്തും മുൻപേ റോഡില്‍ മുഴുവന്‍ കാളവണ്ടികള്‍... സമീപ പ്രദേശത്തെ ഒരു അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുപോകുന്ന കാളവണ്ടികളായിരുന്നു അത്. ഇടക്കിടെ മത്സരിച്ചും കൊമ്പുകോര്‍ത്തും കൂട്ടം കൂട്ടമായി പോകുന്ന കാളവണ്ടികള്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ചയാണ്. പൊള്ളാച്ചി വാല്‍പ്പാറ റൂട്ടില്‍ ആളിയാറില്‍ നിന്നാണ് യാത്രയുടെ മനോഹാരിത ആരംഭിക്കുന്നത്. ആളിയാര്‍ ഡാം ചുറ്റി നാല്‍പ്പത് ചുരം കയറി ചെല്ലുന്നതാണ് വാല്‍പ്പാറ. ആളിയാര്‍ റിസര്‍വ് ഫോറസ്റ്റിലൂടെ കോടമഞ്ഞിന്റെ തണുപ്പും ആസ്വദിച്ച് അങ്ങ് താഴെ ഡാമിന്റെ മനോഹര ദൃശ്യം കണ്ടുള്ള യാത്ര മനസിനും ശരീരത്തിനും നല്‍കുന്ന ഉന്മേഷം പറഞ്ഞറിക്കാന്‍ സാധിക്കില്ല. കോടകൊണ്ട് മൂടിപ്പൊതിഞ്ഞ പൊള്ളാച്ചി വാല്‍പ്പാറ പാത മനോഹര കാഴ്ചയാണ്. പകലിലും ഹെഡ് ലൈറ്റിന്റെ പ്രകാശത്തോടെ തപ്പിത്തടഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ കശ്മീരിനെ അനുസ്മരിപ്പിക്കുന്നുണ്ടെന്നാണ് സഞ്ചാരികള്‍ പറയുന്നത്. കോടമഞ്ഞ് പുതച്ച് തേയില തോട്ടങ്ങളാല്‍ മനോഹരിയാണ് വാല്‍പ്പാറ. വാല്‍പ്പാറയിലെ തണുപ്പില്‍ കുളിച്ച രാത്രികള്‍ അതിമനോഹരം. താമസ സ്ഥലത്തിന് മുകളിലും കാട്. ഇടക്കിടെ അതിഥികളായി കാട്ടുപന്നികളും.

Bullet Ride

പിറ്റേന്ന് രാവിലെ വാല്‍പ്പാറയിലെ വ്യുപോയിന്റിലേക്ക്. എന്നാല്‍ ഒറ്റയാന്‍ ഇറങ്ങിയതു കാരണം അതു കാണാന്‍ സാധിച്ചില്ല. വാല്‍പ്പാറ നിന്ന് മലക്കപ്പാറ പോകുന്ന വഴിക്കാണ് അപ്പര്‍ ഷോളയാര്‍ ഡാം. തേയില തോട്ടങ്ങളുടെ നടുവിലൂടെയുള്ള യാത്ര മനോഹരമാണ്. ഡാമിലക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ല. അപ്പര്‍ ഷോളയാറില്‍ നിന്ന് കുറച്ച് യാത്ര ചെയ്താല്‍ മലക്കപ്പാറ ചെക്ക്‌പോസ്റ്റിലെത്തും. അവിടെ നിന്ന് ഞങ്ങളുടെ വാഹനങ്ങളുടെ നമ്പറും വാഴച്ചാല്‍ ചെക്ക്്‌പോസ്റ്റില്‍ എത്തേണ്ട സമയവും രേഖപ്പെടുത്തിയ രസീത് നല്‍കി. ആ സമയക്രമം പാലിച്ചാണ് ഞങ്ങള്‍ വാഴച്ചാല്‍ ചെക്ക്‌പോസ്റ്റില്‍ എത്തിയത്.

Bullet Ride

പൊള്ളാച്ചി-വാൽപ്പാറ റൂട്ട് ഹെയര്‍പിന്നുകളാല്‍ മനോഹാരിയാണെങ്കില്‍ വാല്‍പ്പാറ-ആതിരപ്പിള്ളി റൂട്ടിന് ഷോളയാര്‍ മഴക്കാടുകളുടെ വശ്യതയാണ്. യാത്രയുടെ മുഴുവന്‍ ക്ഷീണവും അകറ്റും കാടിലൂടെയുള്ള ആ മഴ റൈഡ്. മണ്‍സൂണ്‍ റൈഡായിരുന്നെങ്കിലും അതുവരെ മഴ നനഞ്ഞൊരു യാത്ര നടന്നിരുന്നില്ല. ഷോളയാര്‍ വനത്തില്‍ വെച്ചാണ് മഴ ഞങ്ങളെ അനുഗ്രഹിച്ചത്. പിന്നെ രണ്ടു ദിവത്തെ പിണക്കം മറന്ന് മഴയുടെ താണ്ഡവം. വാല്‍പ്പാറ ആനമല മേഖലയിലേക്കു കാട്ടിലൂടെ നിര്‍മിച്ച റോഡിന് കാടിന്റെ വശ്യത മുഴുവനുണ്ട്. ഇവിടെയാണ് കേരളം ഏറെനാളായി ചര്‍ച്ച ചെയ്യുന്ന ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വരുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ റോഡിന്റെ പ്രധാന ഭാഗങ്ങള്‍ ഡാമിന്റെ ജലസംഭരണിയില്‍ മുങ്ങും.

Bullet Ride

വാഴച്ചാല്‍ ചെക്ക്‌പോസ്റ്റും കടന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരിയായ വെള്ളച്ചാട്ടമായ ആതിരപ്പിള്ളിയിലേക്ക്. ഏതു കോണില്‍ നിന്നു നോക്കിയാലും വശ്യസുന്ദരിയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം. എത്ര കണ്ടാലും മതിവരില്ല ആ സുന്ദരദൃശ്യം. ആതിരപ്പിള്ളിയില്‍ അല്‍പ്പ നേരം വിശ്രമിച്ച് അങ്കമാലി വഴി മൂവാറ്റുപുഴ കൂടി കോട്ടയത്തേക്ക്...