Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മക്കൾക്ക് പിറന്നാള്‍ സമ്മാനം, ലാലേട്ടന്റെ നമ്പറുള്ള ജീപ്പും ബൈക്കും

Arun Kumar Toy Jeep Arun Kumar Toy Jeep & Bike

മോഹൻലാലിന്റെ വാഹനങ്ങളുടെ അതേ നമ്പറില്‍ രണ്ട് വാഹനങ്ങള്‍ കട്ടപ്പനയിലോടുന്നുണ്ട്. ഒരു ബുള്ളറ്റും 4 X 4 ജീപ്പും. കള്ളവണ്ടികളൊന്നുമല്ല ഒന്നാന്തരം കളിവണ്ടികൾ. ഓടിക്കുന്നത് രണ്ട് കുസൃതിക്കുടുക്കകളാണ് മാധവ് കൃഷ്ണയും കേശിനി കൃഷ്ണയും. കട്ടപ്പന തൊവരയാറില്‍ താമസക്കാരനും തൊടുപുഴ സ്വദേശിയുമായ അരുൺകുമാർ തന്റെ വീട്ടിലെ കുസൃതിക്കുടുക്കകൾക്കായി നിർമ്മിച്ചതാണീ കിടിലൻ മിനി വാഹനങ്ങൾ. പ്രിയ താരമായ മോഹന്‍ലാലിന്‍റെ വാഹനങ്ങളുടെ നമ്പറുകളായ കെ.എല്‍ 01 എഡബ്ല്യു 999, കെ.എല്‍ 11- 3433 എന്ന നമ്പറുകളാണ് മക്കള്‍ക്കായി നിര്‍മ്മിച്ച ജീപ്പിനും ബൈക്കിനും അരുൺകുമാർ നല്‍കിയിരിക്കുന്നത്.

arun-kumar-toy-jeep-4 Arun Kumar Toy Bike

കളിവണ്ടിയെന്നുപറഞ്ഞ് നിസാരമാക്കാൻ വരട്ടെ. അരുണ്‍കുമാറിനെയും മിനിവാഹനങ്ങളെക്കുറിച്ചും ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന ഒരു വിഡിയോയുടെ കമന്റ് ബോക്സിലെത്തി ഈ വാഹനങ്ങള്‍ നിർമ്മിച്ച് തരാമോയെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എണ്ണിയാൽത്തന്നെ ഇതുവരെ ലഭിച്ച ഓർഡറുകൾ‌ നൂറിനടുത്ത് വരും. വാഹനപ്രേമിയായ അരുണ്‍ മകന്റെ ഒന്നാംപിറന്നാളിന് ഒരു ചെറിയ കളിവണ്ടി തേടിയാണ് ടോയ്ഷോപ്പിലെത്തിയത്. ബാറ്ററിയിലോടുന്ന കാറിന്റെ വില ഞെട്ടിച്ചു. 14000 രൂപ, മാത്രമല്ല അത്ര നല്ല ഗുണമേന്മയുമില്ല.

arun-kumar-toy-jeep-2 Arun Kumar Toy Jeep

ഏതായാലും വില കേട്ട് ഞെട്ടിയപ്പോഴാണ് കുറച്ച് കാലങ്ങളായി ജോലിത്തിരക്കിനാൽ ഉറങ്ങിക്കിടത്തിയിരുന്ന എൻജിനിയർ ഉണർന്നു ചോദിച്ചു – പത്താം ക്ലാസിൽവച്ച് ജെസിബി നിർമ്മിച്ചപ്പോള്‍ കിട്ടിയ കൈയ്യടിയും ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഒന്നാം സ്ഥാനവുമൊക്കെ  മറന്നോ താൻ? എന്നാപ്പിന്നെ മകന് സ്വന്തമായി ഒരു കളിപ്പാട്ടം ഉണ്ടാക്കിയില്ലെങ്കിൽ പത്തുവയസ്സിൽ തുടങ്ങിയ ആശാരിപ്പണി കൊണ്ടെന്തുകാര്യം. പ്ളൈവുഡ്, അലൂമിനിയം, പഴയ ബുള്ളറ്റ് ബാറ്ററി, ഓണ്‍ലൈനിൽ വാങ്ങിയ ടോയ് വാഹനത്തിന്റെ മോട്ടോറും. ഒർജിനലിനെ തോൽപ്പിക്കുന്ന മിനി വാഹനങ്ങൾ റെഡി. 12 വാള്‍ട്ട് ഡി.സി മോട്ടോര്‍ ഓണ്‍ലൈനില്‍ വാങ്ങിയത്. അലൂമിനിയം ഷീറ്റുപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി തയാറാക്കിയത്.

arun-kumar-toy-jeep-6 Arun Kumar Toy Bike

ജീപ്പ് നിർമ്മിച്ച് ഇൻഡിക്കേറ്റർ ലൈറ്റുകളും ഫോഗ് ലാംപുകളും കിടിലൻ സ്റ്റിയറിംഗ് വീലും റിവേഴ്സ് ഗിയറുള്ള ഗിയർ സിസ്റ്റവും, സ്റ്റെപ്പിനി ടയറും‌, പിന്നിലേക്ക് തുറക്കാവുന്ന ഡോറുമൊക്കെ ഫിറ്റ് ചെയ്തു. 25 കിലോ ഭാരമുള്ള ജീപ്പ് 50 കിലോവരെ ഭാരം വഹിച്ച് സഞ്ചരിക്കും. െമമ്മറി കാർഡ് ഇട്ട് പാട്ടുകേൾക്കുകയും മൊബൈൽഫോണ്‍ ചാർജ് ചെയ്യാനുള്ള പോർട്ടുകളുമെല്ലാം ഈ കുഞ്ഞ് ജീപ്പിലുണ്ട്.

arun-kumar-toy-jeep-3 Arun Kumar Toy Bike

ബുള്ളറ്റിന്റെ മാതൃകയിലാണ് ബൈക്ക് നിർമ്മിച്ചത്. കുട്ടികളുടെ സുരക്ഷയെക്കരുതി പിൻവീൽ ഇരട്ടയാക്കി. ഓയിൽ ക്യാൻ ഉപയോഗിച്ചുള്ള പെട്രോൾ ടാങ്കുണ്ടെങ്കിലും ഓടുന്നത് ബാറ്ററിയിലാണ്. പൈപ്പ് വളച്ചെടുത്തുണ്ടാക്കിയ സൈലൻസറൊക്കെയുള്ള ബൈക്കില്‍ സഹോദരിയെയും വച്ച് മാധവ് വട്ടം ചുറ്റും. ഇപ്പോള്‍ മാധവിന് 4 വയസുണ്ട്. ഇളയ സഹോദരി കേശിനിയും ബൈക്ക് ഓടിക്കുന്നതില്‍ വിദഗ്ദയായി. റോയൽ എൻഫീൽഡിന്റെ ചെറിയ ഹെൽമെറ്റൊക്കെ വച്ച് പുരയിടത്തിനുള്ളിൽ മാത്രമാണ് ഇവരുടെ കളി.

arun-kumar-toy-jeep-5 Arun Kumar Toy Jeep

അരുൺകുമാർ ഫെയ്സുബുക്കിലെഴുതിയ വാക്കുകള്‍

'മോന് 9 മാസം പ്രായമുള്ളപ്പോൾ ഒരു ടോയ് ഷോപ്പിൽ കണ്ട വണ്ടിക്കു നേരെ അവൻ കൈ നീട്ടി. വില ചോദിച്ചപ്പോൾ 14000രൂപ. അടുത്ത ദിവസം മുതൽ ഒന്ന് സ്വന്തമായി ഉണ്ടാക്കാനുള്ള ശ്രമം ,മൂന്നുമാസത്തെ പരിശ്രമത്തിൽ അവന്റെ ഒന്നാം പിറന്നാളിന് ഈ അച്ഛന്റെ സമ്മാനം മൂന്നര വർഷങ്ങൾക്ക് ശേഷം ഇന്നും ഈ വണ്ടിയുടെ താക്കോലും പോക്കറ്റിൽ വച്ചുകൊണ്ടാണ് അവൻ ഉറങ്ങാൻ കിടക്കുന്നത്..അത് അവൻ എനിക്ക് തരുന്ന സമ്മാനം'

arun-kumar-toy-jeep-1 Arun Kumar Toy Jeep

കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്സായ ആര്യയാണ് ഭാര്യ. നിരവധി അന്വേഷണങ്ങൾ ഫെയ്സ്ബുക്കിലും നേരിട്ടുമൊക്കെ ലഭിച്ചിട്ടുണ്ടെങ്കിലും പോണ്ടിച്ചേരിയിൽ ജിപ്മെറിൽ നേഴ്സായ ഇദ്ദേഹത്തിന് ജോലിത്തിരക്കുകൾക്കിടയിൽ മറ്റുള്ളവർക്കായി നിർമ്മിച്ചു കൊടുക്കാൻ സമയം കിട്ടുന്നില്ലെന്നതാണ് സത്യം. അടുത്തുതന്നെ സ്ഥലംമാറ്റം വാങ്ങി നാട്ടിലേക്കെത്തുമെന്നും അപ്പോൾ അക്കാര്യം ആലോചിക്കുമെന്നും ഇദ്ദേഹം പറയുന്നു.