'പോസ്റ്റൽ കവറിൽ' വിരിഞ്ഞ അദ്ഭുതം

Morris Mini-Minor 1959

അൻപതുകളിലാണ് മിനിക്കഥയുടെ തുടക്കം. ബ്രിട്ടിഷ് ഓട്ടമൊബീൽ രംഗത്തെ രണ്ടു സ്ഥാപനങ്ങളുടെ കൂടിച്ചേരലിന്റെ ഫലമാണ് ഈ കുഞ്ഞൻ കാറിന്റെ പിറവി. ഇന്ധനക്ഷാമത്തിനു പരിഹാരം തേടിയാണ് കൂപ്പർ കാർ കമ്പനിയും ബിഎംസി എന്ന ബ്രിട്ടിഷ് മോട്ടോർ കമ്പനിയും ഒരുമിച്ചത്. ഇന്ധനക്ഷമതയുള്ള, നഗരത്തിലെ ഉപയോഗത്തിനു യോജിച്ച കാർ– ഈ അന്വേഷണമായിരുന്നു മിനിയുടെ ഗവേഷണം. അലെക് ഇസ്സിഗോനിസ് എന്ന എൻജിനീയറാണ് ദൗത്യമേറ്റെടുത്തത്. ബിഎംസി നിർമിക്കുന്ന കാറുകളുടെ ചെറുപതിപ്പ് ഒരുക്കാനായിരുന്നു ഇസ്സിഗോനിസിനു കിട്ടിയ നിർദേശം. എന്നാൽ സ്വന്തം നിലയ്ക്കുള്ളൊരു കാറാണ് ആ എൻജിനീയർ ലക്ഷ്യമിട്ടത്. സാമ്പത്തികപ്രതിസന്ധി കാരണം തപാൽ കവറുകളുടെ പിന്നിലും ഉപയോഗശൂന്യമായ കടലാസിലുമായിരുന്നു വരാനിരിക്കുന്ന കാറിന്റെ ഡിസൈനുകൾ പിറന്നുവീണത്.

ഇസ്സിഗോനിസിന്റെ വരകൾ 10 അടി മാത്രം നീളമുള്ള കാറിൽ ചെന്നെത്തിയതോടെ പരീക്ഷണങ്ങൾക്കു തുടക്കമായി. പ്രോട്ടോടൈപ്പിനും വൈകാതെ രൂപമായി. പക്ഷേ നാലടി മാത്രം വീതിയുള്ള കാറിൽ എൻജിനും ഗിയർബോക്സും ഘടിപ്പിക്കുകയെന്ന ദുഷ്കരദൗത്യം ഇസ്സിഗോനിസിനെ വെല്ലുവിളിച്ചു. ഇതിനു പരിഹാരം തേടിയൊരു ഗവേഷണത്തിന് ആ ഡിസൈനർക്കു മുന്നിൽ സമയമുണ്ടായിരുന്നില്ല. വിട്ടുകൊടുക്കാൻ ഇസ്സിഗോനിസിനു മനസും ഉണ്ടായിരുന്നില്ല. ഒടുവിൽ ആരും സഞ്ചരിക്കാത്തൊരു വഴിയിലൂടെ നീങ്ങാനായി തീരുമാനം –നിർമാണത്തിലെ പതിവു സമവാക്യങ്ങൾ കൈവെടിഞ്ഞ് എൻജിനു കീഴിലായി ഗിയർബോക്സിനെ ഘടിപ്പിച്ചു ഇസ്സിഗോനിസ്.

The last Mini 2000

വാഹനലോകത്തിന് അതുവരെ അന്യമായിരുന്ന ആശയത്തിന്റെ അടിത്തറയിൽ ഇസ്സിഗോനിസ് മെനഞ്ഞെടുത്ത ആ ടു –ഡോർ സൃഷ്ടിയെ ബിഎംസി ഇങ്ങനെ വിളിച്ചു– മാർക്ക് വൺ അഥവാ എംകെ വൺ. ബിഎംസിയുടെ ആസ്റ്റിൻ മോട്ടോർസിന്റെ ആസ്റ്റിൻ സെവനായും എംെക – 1  മാർക്കറ്റ് ചെയ്യപ്പെട്ടു. പിന്നാലെ ബിഎംസിയുടെതന്നെ മോറിസ് മൈനർ മിനി – മൈനർ എന്ന പേരിലും എംകെയെ ഉപയോഗിച്ചു. മോറിസ് നൽകിയ 'മിനി' പ്രയോഗം ഏറ്റതോടെ  ആസ്റ്റിനും ആ വഴിയിലേയ്ക്കെത്തി. 1959 മുതൽ 1967 വരെ എംകെ –1 ന്റെ കാലഘട്ടമായിരുന്നു. മോറിസ് മിനിവാനും ആസ്റ്റിൻ മിനി കൺട്രിമാനും മോറിസ് മിനി കൂപ്പർ എസ് മോഡലുമെല്ലാമായി വിവിധ നിർമിതികൾ ആ നാളുകളിലെ ചെറുതിളക്കങ്ങളായി.

ലോകത്തെ 'മാർക്ക്' ചെയ്ത വിസ്മയം

1967. കാത്തിരിപ്പിനൊടുവിൽ മാർക്ക് 2 മിനി വന്നു. അരങ്ങേറ്റം ബ്രിട്ടിഷ് മോട്ടോർ ഷോയിൽ. പുത്തൻ ഡിസൈനിലുള്ള ഗ്രില്ലുകളും റയർ വിൻഡോയും സ്റ്റൈലൻ അനുബന്ധഘടകങ്ങളുമായി ഇംഗ്ലിഷുകാരുടെ മനംകുളിർപ്പിച്ചായിരുന്നു മാർക്ക് ടുവിന്റെ കടന്നുവരവ്. മൂന്നു വർഷം കൊണ്ട് 4.29 ലക്ഷം കാറുകൾ നിരത്തിലെത്തിയതിൽ കാണാം ആ കാറിന്റെ പകിട്ട്. ആദ്യമോഡൽ പോലെ ആസ്റ്റിനും മോറിസും എംകെ രണ്ടാമനെയും ഏറ്റെടുത്തതോടെ മിനി – ക്ലബ്മാൻ, മിനി – ജിടി പോലുള്ള മോഡലുകളിൽ മിനി മിന്നിത്തിളങ്ങി.

MINI

സലൂൺ മാത്രമല്ല, ട്രക്ക് ആയും വാൻ ആയുമെല്ലാം മിനി അവതാരങ്ങൾ നിരത്തിലെത്തി. എൺപതുകളിൽ മാർക്ക് മൂന്നും നാലും മോഡലുകളിലായി കാലത്തിന്റെ മാറ്റങ്ങളുൾക്കൊണ്ടായിരുന്നു യാത്ര. മാസ് കാറെന്ന നിലയിൽ നിന്നു സ്റ്റാറ്റസ് സിംബൽ എന്ന നിലയിലേയ്ക്കു മിനി മാറിയതും ഈ കാലഘട്ടത്തിലാണ്. സെലിബ്രിറ്റികളുടെ കാറെന്ന വിലാസം നേടിയ ശേഷമാണ് മാർക്ക് അഞ്ചും ആറും വന്നെത്തിയത്. തൊണ്ണൂറുകളുടെ ആദ്യം മിനി ചെക്ക്മേറ്റ്, സ്റ്റുഡിയോ–2, കൂപ്പർ ഗ്രാൻപ്രീ തുടങ്ങിയ ശ്രദ്ധേയ മോഡലുകൾ അവതരിപ്പിച്ചതിനു പിന്നാലെ മാർക്ക് – 7 ന്റെ ഊഴമായി. ഇതായിരുന്നു മിനിയുടെ അവസാന 'മാർക്ക്' എഡിഷൻ. 'മാർക്ക്' പ്രയോഗമില്ലാതെയെത്തിയ മിനി സീരീസുകളും വിജയത്തിന്റെ കഥ പറഞ്ഞാണ് ഓടിത്തീർത്തത്. 

1991 ൽ എക്കാലത്തെയും മികച്ച കാർ എന്ന ബഹുമതി മിനി കൂപ്പർ എന്ന പെർഫോർമൻസ് കാറിനെത്തേടിയെത്തി. വിഖ്യാത ബീറ്റിൽസ് സംഘാംഗങ്ങളുടെ കാറെന്ന നിലയിലും മിനി കൂപ്പർ ഖ്യാതി നേടി. കൂപ്പറും റോഡ്സ്റ്റെറും പേസ്മാനും കണ്‍വർട്ടിബിളും ഹാർഡ്ടോപ്പും പോലുള്ള മോഡലുകളാണ് മിനിയുടെ നിലവിലെ നിർമിതികൾ. 1994 മുതൽ ബിഎംഡബ്ല്യുവിനു കീഴിലാണ് ചെറുകാറുകളുടെ ലോകത്തെ ഈ വമ്പൻ ബ്രാൻഡ്.