അലക്സ് സൈക്കളിൽ പിന്നിട്ടത് 3000 കിലോമീറ്റർ

സമൂഹ നൻമയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ച് കന്യാകുമാരിയിൽ നിന്നു സൈക്കിൾ യാത്ര ആരംഭിച്ച മലയാളി വിദ്യാർഥി രാജ്യതലസ്ഥാന നഗരിയിൽ. കോട്ടയം മാങ്ങാനം സ്വദേശി അലക്സ് കുര്യൻ ജോർജ് (20) ആണ് സൈക്കിളിൽ 3000 കിലോമീറ്റർ താണ്ടിയെത്തിയത്. അവധിക്കാലം ക്രിയാത്മകമായി എങ്ങനെ ചെലവഴിക്കാമെന്ന ചിന്തയാണ് കന്യാകുമാരി മുതൽ കശ്മീരിലെ ലേ വരെ സൈക്കിൾ യാത്ര എന്ന ആശയത്തിലേക്ക് അലക്സിനെ എത്തിച്ചത്.

സ്ത്രീ സുരക്ഷ, ലഹരി മുക്ത ജനത എന്നീ സന്ദേശങ്ങൾ ഉയർത്തിയായിരുന്നു യാത്ര. തിരുവല്ല മാർത്തോമ്മാ കോളജിൽ ബിഎ മൂന്നാം വർഷം വിദ്യാർഥിയായ അലക്സ് മേയ് 17നു കന്യാകുമാരിയിലെത്തി. പിറ്റേന്ന് അവിടെ നിന്നു ദൗത്യത്തിനു തുടക്കമിട്ടു. ദേശീയപാത– 7 വഴി തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി, ഹരിയാന എന്നിവ കടന്നാണു ഡൽഹിയിലെത്തിയത്.

ദിവസേന 150 കിലോമീറ്റർ സൈക്കിൾ ചവിട്ടി. കൊടും ചൂടിൽ അകപ്പെടാതിരിക്കാൻ പുലർച്ചെ നാലിന് എല്ലാ ദിവസവും യാത്ര പുറപ്പെട്ടു. രാവിലെ പത്തരവരെ ചവിട്ടിയ ശേഷം വിശ്രമിക്കും. പിന്നീട് വൈകിട്ട് നാലരയ്ക്ക് ആരംഭിക്കുന്ന യാത്ര രാത്രി പതിനൊന്നു വരെ നീണ്ടു. താമസിക്കാൻ ഹോട്ടലുകളിലൊന്നും അലക്സ് കയറിയില്ല. ഓരോ ദിവസവും യാത്ര അവസാനിക്കുന്നിടത്തു കിടന്നുറങ്ങുകയായിരുന്നു രീതി. കയ്യിൽ കരുതിയ ടെന്റ് ഇതിനായി ഉപയോഗിച്ചു. കുളു – മണാലി റൂട്ടിലാണ് ഇനി യാത്ര. ഈ മാസം 12നു ലേയിൽ ദൗത്യം പൂർത്തിയാക്കും.