സുരക്ഷിതത്വത്തിന് ‘കുട്ടിസീറ്റ്’

Representative image

കാറിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ മുതിർന്നവർക്കു ബാധ്യതയുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കുന്നതടക്കമുള്ള യാത്രാമര്യാദകൾ പാലിക്കാൻ കുട്ടികൾക്കു തോന്നണമെങ്കിൽ മുതർന്നവർ അതു ചെയ്യണം. കുട്ടികളെ മടിയിലിരുത്തിയാൽ സുരക്ഷ ഉറപ്പായെന്ന ധാരണ അപകടമാണ്. കുട്ടികൾക്കായുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുകയാണ് ഏറ്റവും നല്ല മാർഗം. കാരണം, കാറിലെ സീറ്റ് ബെൽറ്റുകൾ മുതിർന്നവരുടെ വലുപ്പം അനുസരിച്ചാണു രൂപകൽപന ചെയ്തിരിക്കുന്നത്.

ചൈൽഡ് സീറ്റ് മുന്നിലേക്കു തന്നെ പിടിപ്പിക്കണം. എയർബാഗിന്റെ മുന്നിൽ പിന്നിലേക്ക് തിരിഞ്ഞ നിലയിൽ കുട്ടികളെ ഇരുത്തുന്ന രീതി ചിലരെങ്കിലും പിന്തുടരുന്നു. ഏറ്റവും അപകടകരമായ രീതിയാണിത്. കാറിന്റെ സീറ്റ് ബെൽറ്റ് ഉപയോഗിച്ച് പരമാവധി മുറുക്കിവേണം ചൈൽഡ് സീറ്റ് പിടിപ്പിക്കാൻ. സീറ്റ് ബെൽറ്റും ഉപയോഗിക്കണം. ചില കാറുകളിൽ isofix എന്ന പ്രത്യേക ചൈൽഡ്സീറ്റ് ബന്ധിപ്പിക്കൽ പോയിന്റുകളുണ്ട്. ചൈൽഡ് സീറ്റ് വാങ്ങുമ്പോൾ ഇതിന് അനുയോജ്യമായവ തിരഞ്ഞെടുക്കുക.

ചെറിയ യാത്രകൾക്ക് കുട്ടിയെ കയ്യിലിരുത്താം എന്ന ധാരണ ശരിയല്ല. ധാരാളം അപകടങ്ങൾ ഹ്രസ്വയാത്രകളിലും കുറഞ്ഞ വേഗത്തിലുമാണുണ്ടാകുന്നത്. മണിക്കൂറിൽ 50 കിമീ വേഗത്തിൽ പോകുന്ന കാറിൽ സീറ്റ് ബെൽ‌റ്റിടാതെ ഇരിക്കുന്ന കുട്ടി, ഒരു അപകടമുണ്ടായാൽ 600 കിലോഗ്രാം ഭാരത്തിന് തുല്യമായ ശക്തിയിൽ എടുത്തെറിയപ്പെടും.