ബുള്ളറ്റിനും ഒരമ്പലം

ബുള്ളറ്റ് ബാബ ക്ഷേത്രം

തൂണിലും തുരുമ്പിലും, കല്ലിലും മരത്തിലും വരെ ദേവാംശം കാണുന്ന നാടാണ് നമ്മുടേത്. സിനിമ താരങ്ങൾക്ക് വരെ ക്ഷേത്രം പണിയുന്ന അവരെ ദൈവത്തെപ്പോലെ ആരാധിക്കുന്ന നാട്. ജീവിച്ചിരിക്കുന്ന ദൈവങ്ങളുള്ള നമ്മുടെ നാട്ടിൽ ബൈക്ക് പ്രധാന പ്രതിഷ്ഠയായൊരു ക്ഷേത്രമുണ്ട് അങ്ങ് രാജസ്ഥാനിൽ. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ബുള്ളറ്റ് ബാബ എന്നാണ് ഭക്തർ വിളിക്കുന്നത്.

ബുള്ളറ്റ് ബാബ

ഓംബനസിംങ്ങ്‌ പാത്താവത്ത്‌

രാജസ്ഥാനിലെ ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഓംബനസിംങ്ങ്‌ പാത്താവത്ത്‌ എന്ന ആളുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് ബാബയുടെ ഐതിഹ്യം. 1988 ഡിസംബർ 2ന് അച്ഛൻ സമ്മാനമായി നൽകിയ റോയല്‍ എന്‍ഫീൽഡ് ബുള്ളറ്റിൽ കൂട്ടുകാരനുമായി കറങ്ങാനിറങ്ങിയതായിരുന്നു ആ യുവാവ്. എന്നാൽ നിയന്ത്രണം വിട്ടുവന്ന ലോറി ഓംബനസിംങ്ങിന്റെ ജീവൻ അപഹരിച്ചു.

ബുള്ളറ്റ് ബാബ ക്ഷേത്രം

അവിടുന്നാണ് സംഭവങ്ങളുടെ തുടക്കം. അപകട മരണം സംഭവിച്ചതിനാൽ പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പിറ്റേ ദിവസം നോക്കുമ്പോള്‍ ബുള്ളറ്റ്‌ അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തു തന്നെ കിടപ്പുണ്ടായിരുന്നു. ആരെങ്കിലും എടുത്തുകൊണ്ട് പോയതാണെന്ന് വിചാരിച്ച് പൊലീസുകാർ വീണ്ടും ബുള്ളറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പെട്രോൾ ഊറ്റിക്കളഞ്ഞു. പക്ഷെ പിറ്റേ ദിവസം, അപകടം നടന്ന സ്ഥലത്ത് ബുള്ളറ്റ് എത്തി. ഈ സംഭവം ആവർത്തിച്ചപ്പോൾ പൊലീസുകാർ ബുള്ളറ്റ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ബുള്ളറ്റ് ബാബ ക്ഷേത്രം

അവർ അത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു. എന്നാൽ അവിടെ നിന്നും ബുള്ളറ്റ് തിരിച്ചെത്തി. 1991ൽ ആണ് ഈ സംഭവങ്ങൾ നടന്നത്. താമസിയാതെ ഈ പ്രേതകഥ നാടാകെ പ്രചരിക്കാന്‍ തുടങ്ങി. രാത്രികാലങ്ങളില്‍ അതു വഴി ആരും സഞ്ചരിക്കാതെയായി. കഥയറിയാതെ അതുവഴി പോകുന്ന പലരും മദ്യം ചോദിക്കുന്ന സുന്ദരനാ‍യ ചെറുപ്പക്കാരനെ കണ്ടത്രെ (അപകടത്തില്‍ പെടുമ്പോള്‍ ഓംബന മദ്യപിച്ചിരുന്നുവത്രെ).

ഓംബനസിംങിന്റെ മരണത്തിനിടയാക്കിയ മരം

അതോടെ ഓംബനസിംങിനെ നാട്ടുകാർ ആരാധിക്കാൻ തുടങ്ങി. ഓംബനസിംങിന്റെ ബുള്ളറ്റ് ദൈവമായി മാറി. അതുവഴിപോകുന്നവർക്ക് യാത്രയിൽ തങ്ങളെ കാക്കുന്ന ദൈവമാണ് ഇന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ്. ഈ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺമുഴക്കുന്നതാണ് ബാബയ്ക്കുള്ള വഴിപാട്. ഇതുകൂടാതെ ബിയറും വഴിപാടായി നൽകാറുണ്ട്.