Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമാലയം തൊട്ട ആവേശ യാത്ര

bullet-trip

സഞ്ചാരം 5600 കിലോമീറ്റർ, താണ്ടാൻ 18380 അടി ഉയരം, റൈഡിന് ഏഴു ബുള്ളറ്റുകൾ. യാത്രയ്ക്കു തയാറായി ഒരു പെണ്ണും ഒൻപത് ആണും. ചെലവ് ആറു ലക്ഷത്തോളം രൂപ.കലക്ടറേറ്റിലെ സീനിയർ ക്ലാർക്കായ ഷാജി പി.മാത്യുവും സുഹൃത്തും മെക്കാനിക്കുമായ ബത്തേരി പൂമല സ്വദേശി റെനിയും ബുള്ളിലൊരു ഹിമാലയൻ ട്രിപ്പിനു പ്ലാനിട്ടപ്പോൾ മറ്റ് എട്ടു പേരടങ്ങുന്ന സുഹൃദ് സംഘവും വെല്ലുവിളിയേറ്റെടുത്ത് യാത്രയ്ക്കു തയാറായി.

വാഹനങ്ങൾക്ക് കടന്നു ചെല്ലാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഹിമാലയത്തിലെ കർദുംഗ ലേപാസിലെത്തി തിരകെ ബുള്ളറ്റുകളിൽ വയനാട്ടിലെത്തിയപ്പോൾ പിന്നിട്ടത് 22 ദിവസങ്ങളാണ്.കശ്മീരിലെ ആഭ്യന്തര പ്രശ്നങ്ങളും ഭീകരവാദി ആക്രമണങ്ങളുമൊക്കെ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാൽ ഭീതി വിട്ടൊഴിയാതെയായിരുന്നു സംഘത്തിന്റെ യാത്ര.

ഷാജിക്കും റെനിക്കുമൊപ്പം കർഷകരും ബിസിനസുകാരുമായ ബത്തേരി സ്വദേശികൾ നിഷാദ്, ഹമീദ്, വടുവൻചാൽ സ്വദേശി ദീപക്ക് മാനന്തവാടിക്കാരനായ ശ്രീഹരി, ഫൊട്ടോഗ്രഫർമാരായ മാനന്തവാടി സ്വദേശികകൾ ഷാൽബിൻ, അഖിൽ എന്നിവരടങ്ങുന്ന സംഘം യാത്രയ്ക്കൊരുങ്ങിയപ്പോൾ ഇവരുടെ കൂട്ടായ്മയിൽപ്പെട്ട കുവൈത്തിൽ ജോലി ചെയ്യുന്ന മീനങ്ങാടി സ്വദേശികളായ നൈസിലും ഭാര്യ ആനും ഹിമാലയൻ ഹരത്തിൽ ലീവെടുത്ത് നാട്ടിലെത്തി ബുള്ളറ്റ് യാത്രയിൽ ഒപ്പം കൂടി.

bullet-trip-1

കൃത്യമായ പദ്ധതി തയാറാക്കി രണ്ടു മാസത്തെ ഒരുക്കത്തിനു ശേഷമാണ് യാത്ര ആരംഭിച്ചത്. ബുള്ളറ്റുകളെല്ലാം തീവണ്ടിമാർഗം ഡൽഹിയിലെത്തിച്ച് അവിടെ നിന്നായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് 19ന് ഇരുചക്ര വാഹന യാത്രയുടെ തുടക്കം. മണാലി വഴി ലഡാക്കിലെത്തി. 22ന് ഹിമാലയൻ മലനിരകളിൽ. ഏറെ ദുർഘടം പിടിച്ച മലമ്പാതകളായ കിലോങ്, സച്ചു എന്നിവിടങ്ങൾ താണ്ടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗത യോഗ്യ പ്രദേശമായ കർദുംഗ ലേ പാസിൽ. ഇൻഡോ– ടിബറ്റൻ ബോർഡർ ഏരിയയിൽ ഉള്ള പാൻ ഗോംഗ് തടാകത്തിലും സംഘം ബുള്ളറ്റിലെത്തി.

തുടർന്ന് തിരികെ വരുമ്പോൾ ഇന്ത്യയിലെ അതിർത്തി പട്ടണങ്ങളിലൂടെയായിരുന്നു റൈഡെന്ന് ഷാജി. പി. മാത്യു പറയുന്നു. ശ്രീനഗറിനെയും ജമ്മുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജവഹർ ടണലിന് സമീപമുള്ള മവയിലേക്ക് വഴി തെറ്റി 20 കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടി വരുന്നു.കശ്മീരിലേക്ക് കടക്കുമ്പോൾ ഭയാനകമായ ശാന്തതയാണ് അനുഭവപ്പെട്ടതെന്ന് സംഘം. ഇതിനിടെ ചില സംഘർഷങ്ങളും വഴിതടയലുമൊക്കെ നേരിട്ടു. കശ്മീർ കലാപങ്ങളിൽ ആ ദിവസങ്ങളിൽ 55 പേർ കൊല്ലപ്പെട്ടിരുന്നു.തുടർന്ന് കാർഗിൽ, ദ്രാസ്, ശ്രീനഗർ, പത്താ‍ൻകോട്, അമൃത്‌സർ, ബിക്കനീർ, ജോദൂർ, അഹമ്മദാബാദ്, താനെ, പുണെ, കോലാപുർ, ബൽഗാം, മൈസൂരു എന്നിവിടങ്ങൾ വഴി തിരികെ ബുള്ളറ്റുകളുമായി ബത്തേരിയിൽ.