ബുള്ളറ്റിന്റെ തലവര!

എല്ലാവരും ബൈക്ക് ഓടിക്കുമ്പോൾ ‘നുമ്മ’ ഓടിക്കുന്നതു ബുള്ളറ്റാണ്, പിള്ളാരു കളിപ്പാട്ടം ഓടിക്കുന്നു, ആണുങ്ങൾ ബുള്ളറ്റ് ഓടിക്കുന്നു ! ഇതൊക്കെ ബുള്ളറ്റുകാരുടെ വീമ്പുപറച്ചിലുകളിൽ ചിലതാണ്. വീമ്പടിക്കാരുടെ അതിശയോക്തി മാറ്റിനിർത്തിയാൽ, ബുള്ളറ്റ് ശരിക്കും മുറ്റാണെന്നതാണു സത്യം! ആകാശത്തിൽനിന്നു യുദ്ധഭൂമിയിലേക്കു പാരച്യൂട്ടിൽ പറന്നിറങ്ങിയിട്ടുണ്ട്, ബുള്ളറ്റ്. വിട്ടുമാറാത്ത പുത്തൻമണവുമായി ഭൂഗർഭഫാക്ടറിയിൽനിന്നു തുരങ്കത്തിലൂടെ കുതിച്ചുപൊങ്ങിവന്നിട്ടുണ്ട്, ബുള്ളറ്റ്. ഹെലികോപ്റ്ററുകളെ പിന്തുടർന്നു മലമ്പാതയിലൂടെ പുകയുയർത്തിപ്പാഞ്ഞിട്ടുണ്ട്, ബുള്ളറ്റ്....യുദ്ധത്തിൽ പങ്കെടുത്ത ആളൊക്കെയാകുമ്പോൾ നല്ല പുളുവൊക്കെ അടിക്കുമല്ലോ എന്നു തോന്നാമെങ്കിലും ഇതൊക്കെ നടന്ന കാര്യങ്ങളാണ്.

New Bullet

ചൂടപ്പം പോലെയാണു ബുള്ളറ്റ് വിൽപനയെന്ന് ഒരിക്കലും പറയാനാവില്ല, ചൂടപ്പം കച്ചവടക്കാർക്കു വേണമെങ്കിൽ ചേട്ടാ, ബുള്ളറ്റ് പോലെയാണു ചൂടപ്പം വിറ്റഴിയുന്നത് എന്നു പറയാം. 2005ൽ 25,000 ബുള്ളറ്റുകൾ മാത്രമാണു വർഷംതോറും വിറ്റിരുന്നതെങ്കിൽ പത്തു വർഷം കൊണ്ട് അത് പ്രതിവർഷം 50,000 കവിഞ്ഞിരിക്കുന്നു. റോയൽ എൻഫീൽഡിന്റെ കോട്ടയം ഷോറൂമായ ജവീൻസിൽ മാത്രം കഴിഞ്ഞ മാസം വിറ്റുപോയത് 250 ബുള്ളറ്റുകളാണ്. ഏറ്റവും ജനപ്രിയ മോഡലായ ക്ലാസിക് 350, ക്ലാസിക് 500 ഇവ പുറത്തിറങ്ങിയതിനു ശേഷമാണു റോയൽ എൻഫീൽഡ് വിൽപനയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്.

Old Bullet

പഴയ ബുള്ളറ്റ് ഒന്നു സ്റ്റാർട്ടായി കിട്ടാൻ മണ്ണുമാന്തിയന്ത്രം ഓടിക്കുന്നതിനെക്കാൾ പാടായിരുന്നെങ്കിൽ ന്യൂജൻ ബുള്ളറ്റുകൾ കുറച്ചുകൂടി യൂസർ ഫ്രണ്ട്‌ലി ആണ്. സ്വിച്ചിട്ടാൽ സ്റ്റാർട്ടായിക്കൊള്ളും. ആംപിയർ നോക്കണ്ട, ഇടതുവശത്തു ബ്രേക്കും വലതുവശത്തു ഗിയറും എന്ന തലതിരിഞ്ഞ ഏർപ്പാടില്ല, ആംപിയർ സെറ്റ് ചെയ്ത് വിഷമിക്കേണ്ട, പെടാപ്പാടു പെട്ടിട്ടും വണ്ടി സ്റ്റാർട്ടാകാതെ വിഷമിക്കുമ്പോൾ, എടാ ഈ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്നതൊക്കെ ഒരു കലയാണ്. എല്ലാവർക്കും പറ്റിക്കൊള്ളണമെന്നില്ല എന്നു തുടങ്ങുന്ന വീരവാദം കേൾക്കണ്ട...സെൽഫ് സ്റ്റാർട്ട് ഉള്ള ക്ലാസിക് മോഡൽ ഇറങ്ങിയപ്പോൾ പ്ലസ് ടുവിനു പഠിക്കുന്ന പയ്യന്മാർ പോലും സൈക്കിളിൽനിന്നു നേരിട്ട് ബുള്ളറ്റിലേക്കു പ്രമോഷനായി. മലയാളത്തിൽ ബുള്ളറ്റ് സിനിമകൾ ഒന്നിനു പുറകെ ഒന്നായി ഇറങ്ങിയതും ലോങ് റൈഡുകൾ ഫെയ്സ്ബുക്കിൽ ട്രെൻഡായതും കണ്ടു ചെറുപ്പക്കാർ ബുള്ളറ്റ് ഷോറൂമുകളിലേക്കു വച്ചുപിടിച്ചു. നാട്ടിൽക്കാണുന്ന സകല മലയുടെ മണ്ടയിലേക്കും ബുള്ളറ്റ് ക്ലബ്ബുകാർ റൈഡും തുടങ്ങി. അങ്ങനെ വന്നുവന്ന്, റോഡിൽ ബുള്ളറ്റുകാരെ മുട്ടിയിട്ടു നടക്കാന്മേല എന്നു പറയുന്ന അവസ്ഥയായി. കാലം മാറിയതറിയാതെ ഇപ്പോഴും പഴയ ബുള്ളറ്റിന്റെ ലോകമഹായുദ്ധ ചരിത്രം ഉരുവിട്ടുകൊണ്ടിരുന്ന സീനിയോറിറ്റി കോംപ്ലക്സുകാർക്ക് ഇതുകണ്ടാൽ സഹിക്കാനാകുമോ? പുതിയ ബുള്ളറ്റ് വെറും ബൈക്കാണ്. പണ്ടത്തെ ബുള്ളറ്റാണു ബുള്ളറ്റ് എന്നൊക്കെ വീരവാദങ്ങൾ അവർ അടിച്ചിറക്കി. പഴയ ബുള്ളറ്റാണോ പുതിയ ബുള്ളറ്റാണോ നല്ലത് എന്നതിനെച്ചൊല്ലി ബുള്ളറ്റ് പ്രേമികൾക്കിടയിൽ ഘോര വാഗ്വാദങ്ങളാണു നടക്കുന്നത്. ഇരുകൂട്ടർക്കും ഇതുവരെ യോജിപ്പിലെത്താൻ കഴിഞ്ഞിട്ടില്ലെന്നുമാത്രം.

തയ്യൽസൂചിയും സൈക്കിളും നിർമിക്കുന്ന ചെറിയ കമ്പനിയായിട്ടാണ് 1893 ൽ ഇംഗ്ലണ്ടിൽ റോയൽ എൻഫീൽഡിന്റെ തുടക്കം. മേഡ് ലൈക്ക് ഗൺ, ഗോ ലൈക്ക് ബുള്ളറ്റ് എന്നാണു റോയൽ എൻഫീൽഡ് ലോഗോയിൽ രേഖപ്പെടുത്തിയിരുന്നത്. 1901 ൽ റോയൽ എൻഫീൽഡിന്റെ ആദ്യ മോട്ടോർസൈക്കിൾ (239 സിസി) ഇറങ്ങി. 1948ൽ ബുള്ളറ്റ് എന്ന പേരിൽ 350 സിസി വണ്ടി ഇറങ്ങി. ഏറ്റവും ജനകീയ മോഡലായിരുന്ന ഇതിന്റെ നിർമാണം 1960ൽ നിർത്തിയെങ്കിലും ആരാധകർ റോയൽ എൻഫീൽഡിന്റെ ബൈക്കുകളെ മോ‍ഡൽ ഭേദമില്ലാതെ ബുള്ളറ്റ് എന്നു വിളിച്ചുതുടങ്ങി.

രണ്ടാം ലോകമഹായുദ്ധകാലത്തു ബ്രിട്ടിഷ് സൈന്യം ഉപയോഗിച്ചത് എൻഫീൽഡിന്റെ വാഹനങ്ങളായിരുന്നു. ‌വാഹന നിർമാണം നടക്കുന്ന ഫാക്ടറികൾക്കുനേരെയും യുദ്ധകാലത്ത് ആക്രമണങ്ങൾ‌ ഉണ്ടായി. ഇതിനെ ചെറുക്കാൻ വെസ്റ്റ്‌വുഡിൽ ഭൂഗർഭ ഫാക്ടറി വരെ സ്ഥാപിച്ച ചരിത്രമുണ്ട് എൻഫീൽഡിന്. പാരച്യൂട്ടിൽ. യുദ്ധഭൂമിയിലിറക്കാവുന്ന കനംകുറഞ്ഞ മോട്ടോർ ബൈക്കുകളും (ഫ്ലെയിങ് ഫ്ലിയ) കമ്പനി വികസിപ്പിച്ചെടുത്തു. യുദ്ധത്തിനുശേഷം ഒറ്റസിലിണ്ടർ 300 സിസി, 500 സിസി ബൈക്കുകൾ ലോകമെമ്പാടം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇന്ത്യയിൽ സൈന്യത്തിന്റെയും പൊലീസ് സേനയുടെയും കൈവശമുള്ള മോട്ടോർ ബൈക്കുകളിൽ ബഹുഭൂരിപക്ഷവും എൻഫീൽഡിന്റേതാണ്. ജവാഹർലാൽ നെഹ്റുവിന്റെ കാലത്ത് 350 സിസിയുടെ 800 ബുള്ളറ്റുകൾ ഇന്ത്യൻ സൈന്യം വാങ്ങി. പിന്നീട് മദ്രാസിലെ ഐഷർ മോട്ടോഴ്സ് റോയൽ എൻഫീൽഡ് എന്ന ബ്രാൻഡും നിർമാണാവകാശവും വിലയ്ക്കെടുത്തു.