മറക്കില്ല ഈ എസ് യു വികളെ

വാഹന പ്രേമികളെ എല്ലാക്കാലത്തും ആകർഷിക്കുന്ന വാഹനങ്ങളാണ് എസ് യു വികൾ. സഞ്ചരിക്കുന്നത് ഹാച്ചിലോ, സെഡാനിലോ ആണെങ്കിലും എസ് യു വികൾ സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം ആളുകളും. കോംപാക്റ്റ് എസ് യു വികൾ, ക്രോസ് ഹാച്ചുകൾ, മൈക്രോ എസ് യു വികൾ തുടങ്ങിയ എസ് യു വി മുഖമുള്ള വാഹനങ്ങളുടെ ജനപ്രീതി വർദ്ധിക്കുന്നതിനു പിന്നിലുള്ള കാരണവും നമ്മുടെ ഈ എസ് യു വി പ്രേമം തന്നെ. ഇന്ത്യൻ നിരത്തിലെ ഐതിഹാസിക എസ് യു വികൾ ഏതെന്ന് നോക്കാം.

ടാറ്റ സഫാരി

Tata Safari Storme

പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച് ഇന്ത്യയിൽ നിർമിച്ച ആദ്യ എസ് യു വി എന്ന ലേബലിലാണ് ടാറ്റ മോട്ടോഴ്സ് സഫാരിയെ പുറത്തിറക്കുന്നത്. 1998 ൽ ടാറ്റ സഫാരിയെ പുറത്തിറക്കുമ്പോള്‍ ഇന്ത്യൻ എസ് യു വി വിപണി ശുഷ്കമായിരുന്നു. പുറത്തിറങ്ങി 18 വർഷം കഴിഞ്ഞെങ്കിലും സഫാരി ഇന്നും എസ് യു വി പ്രേമികളുടെ ഇഷ്ട വാഹനമാണ്. നീണ്ട 18 വർഷത്തിൽ നിരവധി മാറ്റങ്ങൾ ഈ എസ് യു വിക്ക് വന്നിട്ടുണ്ടെങ്കിലും ഇന്നും സഫാരി ജനപ്രിയനാണ്. സഫാരിയെ ജനപ്രിയമാക്കുന്നതിൽ പരസ്യത്തിനും വലിയ പങ്കുണ്ടായിരുന്നു. മടുപ്പിക്കുന്ന ദൈനംദിന ജീവിതരീതി വിട്ട് കൂടുതല്‍ താല്‍പ്പര്യമുള്ള മേഖലകളിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്നവരെക്കുറിച്ചായിരുന്നു ടാറ്റ സഫാരിയുടെ പരസ്യം. സ്വപ്‌നസമാന ജീവിതം ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് തങ്ങളുടെ വാഹനമെന്ന് ടാറ്റ സഫാരി പരസ്യത്തിലൂടെ പറയുന്നു.

മാരുതി സുസുക്കി ജിപ്സി

Maruti Gypsy

സുസുക്കി ജിമ്മിയെ ആധാരമാക്കി നിർമിച്ച ജിപ്സി കഴിഞ്ഞ മുപ്പതു വർഷമായി ഇന്ത്യൻ നിരത്തിലുണ്ട്. ഇന്ത്യൻ സൈന്യവും പോലീസുമെല്ലാം ഉപയോഗിക്കുന്ന ജിപ്സി ഓഫ് റോഡിങ് പ്രേമികളുടെ ഇഷ്ട വാഹനമാണ്. 1985 ലാണ് ജിപ്സി ഇന്ത്യൻ നിരത്തിലെത്തിയത്. പെട്രോൾ എൻജിന്‍ മാത്രമുള്ള ജിപ്സി ഇന്ത്യൻ ഓഫ് റോ‍ഡിങ്ങിലെ രാജാവാണ്. വിൽപ്പനയിൽ ഉയർത്തിക്കാട്ടാവുന്ന സംഖ്യകളൊന്നുമില്ലെങ്കിലും നമുക്ക് ജിപ്സി എന്ന് കേൾക്കുമ്പോൾ തന്നെ ഈ കരുത്തുറ്റ രൂപമാണ് മനസിലേക്ക് വരുന്നത്.

മഹീന്ദ്ര സ്കോർപിയോ

Mahindra Scorpio

ഒരു വാഹനം കമ്പനിയുടെ തന്നെ തലവര മാറ്റിയ ചരിത്രമാണ് സ്കോർപിയോയ്ക്ക് അവകാശപ്പെടാനുള്ളത്. സ്കോർപിയോ മഹീന്ദ്രയെ ഇന്ത്യയിലെ ഏറ്റവും വലിയ യുട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളാക്കി മാറ്റി. 2002 ലാണ് സ്കോർപിയോ എസ് യു വി ഇന്ത്യൻ വിപണിയിലെത്തിയത്. പതിനാല് വർഷമായെങ്കിലും ഇന്നും സ്കോര്‍പ്പിയോ ഇന്ത്യക്കാരുടെ പ്രിയ വാഹനം തന്നെ. ഇന്ത്യയിൽ മാത്രമല്ല രാജ്യാന്തര വിപണികളിലും മഹീന്ദ്രയുടെ ഫ്ലാഗ് ഷിപ്പായി സ്കോർപ്പിയോ. ഇതുവരെ മൂന്നു തലമുറകൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും സ്കോർപിയോയുടെ അടിസ്ഥാന രൂപത്തിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

മഹീന്ദ്ര ബൊലേറോ

Mahindra Bolero

ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന യുട്ടിലിറ്റി വെഹിക്കിളാണ് ബൊലേറോ. ചെറു എസ് യു വി എന്ന ലേബലിലാണ് ബൊലേറോ എത്തിയത്. എസ് യു വിയുടെ ലുക്കും വിലക്കുറവുമായിരുന്നു ബൊലേറോയുടെ മുഖ മുദ്രകള്‍. മഹീന്ദ്ര അർമദയെ അടിസ്ഥാനമാക്കി എത്തിയ ബൊലോറ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനപ്രിയ വാഹനമായി മാറി. കാറിന്റെ യാത്ര സുഖവും അത്ര തന്നെ വിലയുമായി 7 സീറ്ററിനെ നഗര-ഗ്രാമ ഭേദമില്ലാതെ ഇന്ത്യക്കാർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

മഹീന്ദ്ര സിജെ/ എംഎം 540-550

Mahindra Thar

ജീപ്പ് എന്നാൽ നമുക്ക് മഹീന്ദ്രയാണ്. കാടും മലയും പുഴയും എന്നുവേണ്ട മുന്നിൽ കാണുന്ന എന്തിനേയും ഒരു കൂസലുമില്ലാതെ തരണം ചെയ്യുന്ന ജീപ്പ്. വില്ലീസ് ജീപ്പിനെ ആധാരമാക്കി നിർമ്മിച്ച മഹീന്ദ്ര ജീപ്പുകളുടെ പ്രധാന പ്രത്യേക മൈലേജും കുറഞ്ഞ പരിപാലന ചിലവുമാണ്. എംഎം 540-550 നിർമാണം കമ്പനി അവസാനിപ്പിച്ചെങ്കിലും ഇന്നും ഇന്ത്യൻ ഗ്രാമീണ നിരത്തുകളിലെ നിറ സാന്നിധ്യമാണ് മഹീന്ദ്രയുടെ ജീപ്പ്.