ജിഎസ്ടി വന്നാൽ കാറുകളുടെ വില കുറയുമോ?

ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ ചരക്കുസേവന നികുതി ബില്‍ (ജിഎസ്ടി) യാഥാർഥ്യമാകുകയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെ നിരവധി നികുതികള്‍ക്ക് പകരം ഏകീകൃത നികുതി എന്ന പേരിലാണ് ജിഎസ്ടി യാഥാർഥ്യമാകാൻ പോകുന്നത്. രാജ്യത്തെ എല്ലാ വ്യാപാര രംഗങ്ങളെയും ഈ ബിൽ സ്വാധീനിക്കും. രാജ്യത്തെ അനുദിനം കുതിക്കുന്ന വാഹന വിപണിയിൽ ഈ നികുതി ബിൽ എന്തു മാറ്റമാണുണ്ടാക്കുക, വാഹനത്തിന്റെ വില കൂടുമോ? അതോ കുറയുമോ?

വാഹനങ്ങളുടെ ഉത്പാദനം മുതല്‍ വിതരണം വരെയുള്ള പല തരത്തിലുള്ള നികുതികള്‍ ഏകീകരിക്കപ്പെടുന്നതാണ് ജിഎസ്ടി കൊണ്ട് വാഹന വിപണിയിലുണ്ടാകുന്ന പ്രധാനനേട്ടം. ഏകദേശം 17 ഓളം പരോക്ഷ നികുതി ജിഎസ്ടി ഒഴിവാക്കും എന്നാണ് കരുതുന്നത്. ജിഎസ്ടി വരുന്നതോടെ വില്‍പ്പന തടസങ്ങള്‍ മാറുകയും വാഹന-ഘടക നിര്‍മാതാക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. അതായത് നിലവിൽ സർവീസ് ടാക്സ് കേന്ദ്രസർക്കാരിനും വാറ്റ് നികുതി സെസ്സ് തുടങ്ങി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാറിനും അടയ്ക്കുന്ന നികുതി ഏകദേശം 26 മുതൽ 30 ശതമാനം വരെ വരും. എന്നാൽ ജിഎസ്ടി നടപ്പായാൽ അത് 17-18 ശതമാനം വരെയാക്കും.

നിരവധി നികുതികള്‍ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതോടെ വാഹന വിപണിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും. ഒരു ഏകീകൃത വിപണിയാണ് ഇതോടൊപ്പമുണ്ടാകാനിരിക്കുന്നത്. എല്ലാ മേഖലകളിലെയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുരോഗതി കൈവരിക്കുകയും ജിഡിപി വളര്‍ച്ചയ്ക്ക് സഹായകമാവുകയും ചെയ്യും.

പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ ജിഎസ്ടി വളർച്ച ഉണ്ടാക്കിയേക്കാം. 1200-1500 സിസി വരെ എൻജിൻ കപ്പാസിറ്റിയുടെ മിഡ് സൈസ് സെഗ്മെന്റ് കാറുകൾക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുക. ഏകദേശം 20 ശതമാനം വരെ നികുതി കുറയാൻ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നു. ചെറുകാറുകൾക്ക് 10 ശതമാനം വരെയും ലക്ഷ്വറി കാറുകൾക്ക് 8 മുതൽ 10 ശതമാനം വരെയും ഗുണം ലഭിക്കും എന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണക്കുക്കൂട്ടൽ. ഇരു ചക്രവാഹന വിപണിയിലും 8 മുതൽ 10 ശതമാനം വരെ നികുതി കുറയും എന്നാണ് കണക്കാക്കുന്നത്.

വിവിധ സെഗ്മെന്റുകളിലെ വാഹനങ്ങൾ തമ്മിലുള്ള വിലയുടെ അന്തരത്തിന് കാര്യമായ കുറവ് വന്നേക്കാം. അതൊരു പക്ഷേ നിർമാതാക്കളുടെ മാർക്കറ്റ് സ്ട്രാറ്റജി തന്നെ മാറ്റുവാനും സാധ്യതയുണ്ട്. നിലവിൽ ഓരോ സ്ഥലങ്ങളിലും, സംസ്ഥാനങ്ങളിലും വ്യത്യസ്ത വിലയാണ്. എന്നാൽ ജിഎസ്ടി നിലവിൽ വരുന്നതോടു കൂടി രാജ്യത്തെ വാഹന വില ഏകീകരിക്കപ്പെടും.