Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡി ടു റേസ്... മഞ്ഞുമലകളിൽ ചീറിപ്പായാൻ ജെവീനും

javeen

മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകൾ. വളഞ്ഞുപുളഞ്ഞു പോകുന്ന ദുർഘടമായ പാതകൾ. തറനിരപ്പിൽ നിന്നു ആറായിരം അടി ഉയർന്നതിനാൽ ശ്വാസവായുവിന്റെ കടുത്ത ദൗർലഭ്യത. കണ്ണൊന്നടഞ്ഞാൽ, ശ്രദ്ധയൊന്നു തെറ്റിയാൽ, യാത്രികരെ സ്വീകരിക്കാൻ മരണവായും പിളർന്ന് അഗാധമായ കൊക്കകൾ... ഇതെല്ലാം തരണം ചെയ്ത് ആദ്യമെത്തുന്നവൻ വിജയി. മറ്റുള്ളവർ ജീവിതത്തിലെ ഏറ്റവും സാഹസികമായ അനുഭവത്തിന്റെ സ്മരണകൾ അയവിറക്കി മടങ്ങും.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോട്ടോർ റാലിയായ ‘റെയ്ഡ് ഡി ഹിമാലയാസിന്റെ’ വിശേഷണങ്ങളാണ് ഇതൊക്കെ.ഇത്തവണത്തെ റാലി ഒക്ടോബർ ഏഴിനു നടക്കുമ്പോൾ പുത്തൻ റോയൽ എൻ‌ഫീൽ‌ഡ് ഹിമാലയൻ ബൈക്കുമായി ഒരു കോട്ടയംകാരനും പങ്കെടുക്കുന്നുണ്ട്. ചാലുകുന്ന് മണപ്പുറം ഹൗസിൽ ജെവീൻ മാത്യു.യാത്രയുടെ സാഹസികത ഏതു റാലിപ്രേമിയെയും ആകർഷിക്കുന്നതാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. റാലിയുടെ തന്നെ ഏറ്റവും കാഠിന്യം കൂടിയ ‘എക്സ്ട്രീം വിഭാഗത്തിലാണു ജെവീന്റെ പ്രയാണം.

മണാലി, കാസ, സർച്ചൂ, ലേ തുടങ്ങിയ സ്ഥലങ്ങളിലൂടെ 2800 കിലോമീറ്ററാണു യാത്ര കടന്നുപോകുന്നത്. പ്രതികൂല കാലാവസ്ഥയ്ക്കൊപ്പം തകർന്ന റോഡുകളും വെല്ലുവിളിക്കാനെത്തും.റാലിയിൽ ഇരുചക്ര, നാലുചക്ര വാഹനങ്ങൾക്കായി പ്രത്യേക വിഭാഗങ്ങളുള്ളതിൽ ബൈക്ക് യാത്രയാണ് ഏറ്റവും അപകടകരം. ചെറുതായൊന്നു തെറ്റിയാൽ മതി, യാത്ര കൊക്കകളിലവസാനിക്കാൻ, മൈനസ് 20 ഡിഗ്രി വരെ കുറയുന്ന താപനിലയെയും ഹിമസ്ഥലികളെച്ചുറ്റി വീശിയടിക്കുന്ന കൊടുംതണുപ്പുള്ള കാറ്റിനെയും തരണം ചെയ്തു വേണം ബൈക്കുമായി പോകാൻ.ഭാര്യ അനുവാണു ജെവീന്റെ റാലിഭ്രമത്തിനു പൂർണപിന്തുണ. മൂന്നാറിൽ നടന്ന ഒരു റാലിക്ക് ജെവീനൊപ്പം പിലിയൻ റൈഡറായി അനുവും പങ്കെടുത്തു.

കോട്ടയം ചാലുകുന്നിൽ റോയൽ എൻഫീൽഡ് ഷോറൂം നടത്തുകയാണു ജെവീൻ. റാലിയിൽ പങ്കെടുക്കുന്നതിനായി കളരി തിരുമ്മൽ, ശ്വസന വ്യായാമങ്ങൾ എന്നിവ നടത്തി. റാലി സമയത്തു കട്ടിയുള്ള ആഹാരം കഴിക്കാൻ സാധിക്കില്ല. ഡ്രൈ ഫ്രൂട്സ്, എനർജി ചോക്കലേറ്റ് ബാർ എന്നിവയാണു കഴിക്കേണ്ടത്.ജയിക്കുമോ എന്ന ചോദ്യത്തിനു ജെവീൻ പുഞ്ചിരിയോടെ പറയുന്നു: റാലി പൂർത്തിയാക്കുക എന്നതു തന്നെ വലിയ വിജയമാണ്. ബാക്കിയെല്ലാം പിന്നെ.ഇരുചക്രവിഭാഗത്തിൽ മാത്രമല്ല, നാലുചക്ര വാഹന വിഭാഗത്തിലും കോട്ടയത്തു നിന്ന് ഇത്തവണ ടീമുണ്ട്. കോട്ടയംകാരായ പ്രേംകുമാർ, ഷെമി മുസ്തഫ എന്നിവരാണു ടീമംഗങ്ങൾ. ജിപ്സി ഫോർവീൽ ഡ്രൈവ് ആണ് ഇവരുടെ വാഹനം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ മൽസരങ്ങളിലും ഓഫ് റോഡിങ് ചാംപ്യൻഷിപ്പുകളിലും പങ്കെടുത്തിട്ടുള്ള ഇരുവരും ‘എക്സ്ട്രീം’ വിഭാഗത്തിൽ തന്നെയാണു മൽസരിക്കുന്നത്. 

Your Rating: