ഹിമാലയം തൊട്ട് ടിൻസോ

ലോകത്ത് വാഹനമെത്തുന്ന ഏറ്റവും ഉയർന്ന പാതയായ കശ്മീരിലെ ഖാർഡുങ് ലാ ടോപ്പിൽ ടിൻസോ എത്തിയപ്പോൾ ടിൻസോ

നാൽപ്പത് ദിവസം ഒറ്റയ്ക്ക് ബൈക്കോടിച്ച് കശ്മീരിൽ പോയി മടങ്ങിയെത്തിയ യുവാവ് ബൈക്ക് യാത്രികരുടെ ആരാധനാ പാത്രമാകുന്നു. അമരക്കുനി പള്ളിക്കുന്നേൽ മാത്യു–ബീന ദമ്പതിമാരുടെ മകൻ. ടിൻസോ ജോസ് മാത്യുവെന്ന ഇരുപ‍ത്തഞ്ചുകാരനാണ് കേരളത്തിൽ നിന്ന് 10,226 കിലോമീറ്റർ ബൈക്കോടിച്ച് കശ്മീർ താഴ്‌വരയിൽ കാലുകുത്തി മടങ്ങിയെത്തിയത്. 15 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശവും ടിൻസോ പിന്നിട്ടു. മുംബൈയിലെ ഒരു എണ്ണക്കമ്പനിയിൽ ജോലി ചെയ്യുന്ന ടിൻസോ മൂന്നു വർഷത്തെ തയാറെടുപ്പിന് ശേഷമാണ് ഈ സാഹസത്തിന് മുതിർന്നത്. ഇതിന് മുൻപ് ബൈക്കിൽ ഒറ്റയ്ക്ക് രാജസ്ഥാനിലും ഗോവയിലുെമെല്ലാം പോയി വന്നതിന്റെ പരിചയവും ഈ യാത്രയ്ക്ക് മുതൽക്കൂട്ടായെന്ന് ടിൻസോ പറയുന്നു.ഓരോ ദിവസവും നൂറ് മുതൽ 850 കിലോമീറ്റർ വരെയായിരുന്നു യാത്ര. നാല് വർഷമായി ദൂരയാത്രകൾ ഈ യുവാവിന് ത്രില്ലാണ്, 24 മണിക്കൂറിനുള്ളിൽ 1810 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചതിന്റെ സർട്ടിഫിക്കറ്റും ടിൻസോയ്ക്ക് സ്വന്തമായുണ്ട്. മേയ് 31 നാണ് തന്റെ ഹോണ്ട ബൈക്കിൽ അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാമായി ടിൻസോ യാത്രയാരംഭിച്ചത്.

ഒന്നാം ദിവസം വണ്ടി നിർത്തിയത് ഹൈദരാബാദിലായിരുന്നു. അവിടെ സുഹൃത്തിന്റെ വീട്ടിലെത്തി താമസിച്ചു. അവിടെ നിന്ന് നാലാം നാൾ ആഗ്രയിലെത്തി.താജ്മഹലും ആഗ്ര കോട്ടയും കണ്ടു. അഞ്ചാം ദിവസം യാത്ര 2500 കിലോമീറ്റർ പിന്നിട്ടു. വാഗാ അതിർത്തിയിലെത്തിയപ്പോൾ പരേഡ് കാണാൻ ഇരിക്കാൻ സ്ഥലം കിട്ടാത്തതിനാൽ അമൃത്‌സറിലേക്ക് മടങ്ങി. വാഗയിലെത്താനുള്ള ആഗ്രഹത്തിൽ വീണ്ടും മടങ്ങിയെത്തി. പൊരിവെയിലിൽ രണ്ട് മണിക്കൂർ നിന്ന് പരേഡ് കണ്ടു. രോമാഞ്ചം കൊള്ളിക്കുന്ന ചടങ്ങുകളാണ് അവിടെ നടക്കുന്നതെന്ന് ടിൻസോ ഓർക്കുന്നു. എല്ലാ ഇന്ത്യൻ പൗരൻമാരും കാണേണ്ട കാഴ്ച. പിന്നീട് യാത്ര ശ്രീനഗറിലേക്കായിരുന്നു. പ്രതിസന്ധികൾ പലതുണ്ടായിട്ടും നിശ്ചയദാർഢ്യമുണ്ടായിരുന്നതിനാൽ എല്ലായിടത്തും ചുറ്റിക്കറങ്ങി. മഞ്ഞുമലയുടെ താഴ്‌വരയിൽ ഒറ്റയ്ക്ക് ടെന്റ് കെട്ടി മഞ്ഞും മഴയും തണുപ്പും അടിച്ച് കിടന്നുറങ്ങി. മനുഷ്യനെ കാണാനില്ലാത്ത സ്ഥലത്ത് നിശബ്ദ താഴ്‌വരയിൽ ഒരുദിനം കഴിഞ്ഞതും മഞ്ഞുമലയിലേക്ക് കയറിയപ്പോൾ ശ്വാസം കിട്ടാതായതും ജീവിതത്തിൽ അനുഭവമായെന്ന് ഈ യുവാവ് പറയുന്നു.

ഡൽഹിയിൽ ഇന്ത്യാ ഗേറ്റിനരികെ

പാടെ തകർന്നു കിടക്കുന്ന വിജനമായ 150 കിലോമീറ്റർ യാത്രയും കശ്മീരിൽ വേണ്ടി വന്നു. വഴിയോരങ്ങളിൽ നോക്കെത്താദൂരത്തിൽ പരന്നു കിടക്കുന്ന മഞ്ഞുമലയും മഞ്ഞുരുകിയുണ്ടാകുന്ന തടാകങ്ങളും വിസ്മയ കാഴ്ചകളായി. വഴിയിൽ കണ്ടെത്തിയ ആളുകളും നല്ലവർ.കശ്മീരിനുള്ളിലേക്കുള്ള യാത്രയിൽ 18,380 അടി ഉയരമുള്ള മലയും കയറി. മുപ്പതാം ദിവസം ചണ്ഡീഗഡിലെത്തിയപ്പോൾ പിന്നിട്ടത് 6,000 കിലോമീറ്ററായിരുന്നു. അവിടെ നിന്ന് വാഹനം സർവീസ് ചെയ്ത് ഡൽഹി വഴി വാരണാസിയിലേക്ക്. ഗംഗാ തീരത്തെ തിരക്കു പിടിച്ച പാതയിലൂടെ നാല് കിലോമീറ്റർ കടക്കാൻ രണ്ട് മണിക്കൂറെടുത്തു. പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച് ബിഹാർ, ജാർഖണ്ഡ് വഴി പശ്ചിമ ബംഗാളിലെത്തി. അവിടെ നിന്ന് വിജയവാഡ, ബെംഗളൂരു വഴി കഴിഞ്ഞ ദിവസം നാട്ടിലെത്തി.

ഇന്ത്യയിൽ വിദേശിയായി കഴിയാതിരിക്കാനും ഇന്ത്യയെ കണ്ടറിയാനുമായിരുന്നു തന്റെ യാത്രയെന്ന് ടിൻസോ പറയുന്നു. ചെറിയ ആഗ്രഹങ്ങൾ മാറ്റിവച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ പണമുപയോഗിച്ചായിരുന്നു ടിൻസോയുടെ യാത്രകൾ. കേരളത്തിൽ നിന്ന് തായ്‌ലൻഡിൽ പോയി വരണമെന്ന ആഗ്രഹത്തിലാണ് ഏകാന്ത ബൈക്ക് യാത്രികനായ ഈ യുവാവ്. യാത്രകൾ സുരക്ഷിതമാക്കാൻ ആദ്യം ശ്രമിക്കണമെന്നാണ് ബൈക്കിൽ ചീറിപ്പായുന്ന കൂട്ടുകാരോട് ടിൻസോയുടെ ഉപദേശം. ഹെൽമറ്റ്, സേഫ്ടി ജാക്കറ്റ് എന്നിവ ധരിച്ച് നിയമങ്ങൾ പാലിച്ചുള്ള സുരക്ഷിത യാത്രയെ ഹരമായി കാണാനാകണം.