ഒന്നല്ല, മൂന്നല്ല; അമ്പത്...

രണ്ടു കാറുകൾ പാർക്കു ചെയ്യുന്നിടത്ത് 12 കാറുകൾ. മൂന്നുകാറുകൾ പാർക്കു ചെയ്യാൻ സ്ഥലമുണ്ടെങ്കിൽ 50 എണ്ണം കൊള്ളിക്കാം. ചാത്തൻ സേവയല്ല. പരമാർത്ഥം. കേരളത്തിലെ നഗരങ്ങളിലെ നീറുന്ന പാർക്കിങ് പ്രതിസന്ധികൾക്ക് പരിഹാരവുമായി ഒരു സ്ഥാപനം എത്തുന്നു. ഹിന്ദുസ്ഥാൻ ഓട്ടൊ ഹബ് കൺസോർഷ്യം.

∙ കേരളത്തിൽ ആദ്യം: ഉള്ളസ്ഥലം പരമാവധി പ്രയോജനപ്പെടുത്താൻ സർക്കാരിനും സ്വകാര്യമേഖലയ്ക്കും സുഖമായി പ്രയോജനപ്പെടുത്താവുന്ന സംവിധാനം കേരളത്തിൽ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലൊട്ടാകെ ബഹുനിലപാർക്കിങ് സംവിധാനത്തിന് വിപണശൃംഖല തീർക്കുന്ന ശ്രമത്തിലാണ് സ്ഥാപനം.

∙ വിദേശത്തു പണ്ടേ: ഓട്ടമാറ്റിക് പാർക്കിങ് സംവിധാനം നമുക്കാണ് പുതുമ. വികസിത രാജ്യങ്ങളിൽ നൂറു കൊല്ലം മുമ്പേ ഇത്തരം സംവിധാനങ്ങൾ നിലവിലുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ബഹു നിലപാർക്കിങ് സംവിധാനം പാരീസിലാണുള്ളത്. ഗരാജ് റൂ ഡി പൊന്തെയു എന്നറിയപ്പെട്ട സംവിധാനം എലിവേറ്റർ ഉപയോഗിച്ച് വാഹനങ്ങൾ ബഹുനില കോൺക്രീറ്റ് പാർക്കിങ് സ്ഥലങ്ങളിലേക്ക് എത്തിക്കുമായിരുന്നു.

∙ ആയിരം കാറുകൾ: ഒറ്റപാർക്കിങ് സംവിധാനത്തിൽ ആയിരം കാറുകൾ വരെ ഉൾക്കൊള്ളിക്കാവുന്ന വൻ സന്നാഹങ്ങൾ 1920 ആയപ്പോഴേക്കും യൂറോപ്പിൽ എത്തി. എട്ടു കാറുകൾ മുതൽ ആയിരം കാറുകൾ വരെ കയറ്റുന്ന കെന്റ് ഓട്ടമാറ്റിക് ഗാരേജ് സംവിധാനം അക്കാലത്ത് ലോകപ്രശസ്തമായിരുന്നു.

∙ അമേരിക്കയിൽ പിന്നീട്: യൂറോപ്പിൽ പ്രചാരം നേടിയെങ്കിലും സ്ഥലസൗകര്യം വലിയ പ്രശ്നമല്ലാതിരുന്ന അമേരിക്കയിൽ1951 ലാണ് പ്രഥമ പാർക്കിങ് സംവിധാനം വന്നത്. വാഷിങ്ടണിൽ വന്ന ചെറിയ ഓട്ടമാറ്റിക് പാർക്കിങ് ഏർപ്പാട് കാലം പിന്നിട്ടപ്പോൾ 6000 കാറുകളെ വരെ ഉൾക്കൊള്ളാനാവുന്ന വൻകിട സംഭവങ്ങളായി.

∙ വിശ്വസനീയം: കാലങ്ങളുടെ സാങ്കേതികത ഉൾക്കൊണ്ട ഓട്ടമാറ്റിക് പാർക്കിങ് സംവിധാനം ഏറ്റവുമധികം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ജപ്പാനാണ്.16 ലക്ഷം കാറുകൾ പാർക്ക് ചെയ്യാനാവുന്ന ഓട്ടമാറ്റിക് പാർക്കിങ് ലോട്ടുകൾ ഇന്നു ജപ്പാനിലുണ്ട് എന്നാണു കണക്ക്.

∙ ഇന്ത്യയിലും: കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലും ഓട്ടമാറ്റിക് പാർക്കിങ് സംവിധാനം നിലവിലുണ്ട്. സ്ഥലം ലാഭിക്കാം എന്നതിനു പുറമെ കാറുകൾ സുരക്ഷിതമായി മഴയും വെയിലും കൊള്ളാതെ കാത്തു രക്ഷിക്കുമെന്നതും മോഷ്ടാക്കളെ ഭയപ്പെടേണ്ട എന്നതും ഇന്ത്യയിൽ ഈ സംവിധാനങ്ങളുടെ നേട്ടമായി ജനം കണ്ടു. എന്നാൽ ഇന്ത്യയിൽ ഈ സംവിധാനങ്ങൾക്ക് ജനപ്രീതി കിട്ടാനിരിക്കുന്നതേയുള്ളൂ.

∙ എന്താണു സംഭവം? ബഹുനിലകളുള്ള ഒരു ഉരുക്കു ചട്ടക്കൂട്ടിലേക്ക് പ്രത്യേക ലിഫ്റ്റ് ഉപയോഗിച്ച് വാഹനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുക.അത്രയേയുള്ളൂ. എന്നാൽ അതീവ കൃത്യതയോടെ നിർവഹിക്കേണ്ട ജോലിയാണിത്. കംപ്യൂട്ടർനിയന്ത്രിതം.

∙ എം പാർക്ക് എന്ന ബ്രാൻഡിലാണ് ഹിന്ദുസ്ഥാൻ പുതിയപാർക്കിങ് സംവിധാനം അവതരിപ്പിക്കുന്നത്. 1992 ൽ ലോകത്ത് ആദ്യമായി ചൈനീസ് എൻജിനിയറായ ചിയാങ് ലൂ കൊണ്ടുവന്ന റോട്ടോവീൽ എന്ന പാർക്കിങ് സംവിധാനമാണിത്. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു അച്ചുതണ്ടിനെ ചുറ്റി വാഹനങ്ങൾ ബെൽറ്റ് പോലെ കറങ്ങി കയറുകയും ഇറങ്ങുകയും ചെയ്യുന്ന രീതി. ചൈനയിലെ ഏതാണ്ട് എല്ലാ നഗരങ്ങളിലും ഈസംവിധാനം വർഷങ്ങളായി നിലവിലുണ്ട്. അമേരിക്കയിലേക്കും ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നുമുണ്ട്.

∙ മൂന്നു തരം: തുടക്കത്തിൽ മൂന്നു തരം സംവിധാനങ്ങളാണ് എത്തുന്നത്. രണ്ടു കാറിന്റെ സ്ഥലത്ത് 12 കാർ, മൂന്നു കാറിനു പകരം 50 കാർ എന്നിങ്ങനെ രണ്ടു ടവർ സംവിധാനങ്ങൾ. മൂന്നു കാറുകൾക്കു പകരം 28 കാറുകളിടാവുന്ന സ്ലൈഡിങ് സിസ്റ്റം എന്നിവയാണ് ഇവ. ഏറ്റവും മുകളിലുള്ള കാർ ഇറക്കാൻ പരമാവധി രണ്ടു മിനിറ്റ് വേണ്ടിവരും.

∙ വില? 18 ലക്ഷം രൂപ മുതൽ. തെല്ലു കൂടുതലാണോ എന്നു തോന്നിയാൽ ചിന്തിക്കുക.മൂന്നു കാറുകൾ പാർക്കു ചെയ്യാനുള്ള സ്ഥലത്തിന് എന്തു വിലവരും? 50 കാറുകൾ പാർക്കു ചെയ്യാനുള്ള സ്ഥലത്തിനോ? വിശദ വിവരങ്ങൾക്ക് 9846106106