‘2017 നിസ്സാൻ ജി ടി — ആർ’ എത്തി; വില 1.99 കോടി രൂപ

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറിന്റെ സ്പോർട്സ് കാറായ ‘2017 നിസ്സാൻ ജി ടി — ആർ’ ഇന്ത്യയിൽ അവതരിപ്പിച്ചു; ഡൽഹി ഷോറൂമിൽ 1.99 കോടി രൂപയാണു വില. ബോളിവുഡ് താരവും കമ്പനി ബ്രാൻഡ് അംബാസഡറുമായ ജോൺ ഏബ്രഹാമാണ് ആദ്യ ‘ജി ടി — ആറി’ന്റെ താക്കോൽ ഏറ്റുവാങ്ങിയത്.
ടകുമി ടെക്നീഷ്യന്മാരുടെ കരവിരുതിൽ പിറക്കുന്ന 3.8 ലീറ്റർ, വി സിക്സ്, 24 വാൽവ്, ഇരട്ട ടർബോ ചാർജ്ഡ് എൻജിനാണു ‘ജി ടി — ആറി’ലുള്ളത്; 6,800 ആർ പി എമ്മിൽ 565 ബി എച്ച് പി കരുത്തും 637 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ്, ഇരട്ട ക്ലച് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

യൂറോപ്യൻ നിലാരമുള്ള പ്രീമിയം എഡീഷനായാണു ‘ജി ടി — ആർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നത്. പുതിയ നിറമായ കസ്തുര ഓറഞ്ച്, വൈബ്രന്റ് റെഡ്, പേൾ ബ്ലാക്ക്, പേൾ വൈറ്റ്, റേസിങ് ബ്ലൂ, ഗൺ മെറ്റാലിക്, അൾട്ടിമേറ്റ് സിൽവർ എന്നീ വർണങ്ങളിലാണു കാർ ലഭിക്കുക. അകത്തളത്തിലെ വർണ സാധ്യതകളാവട്ടെ റെഡ് , ടാൻ, ഐവറി, ബ്ലാക്ക് എന്നിവയാണ്. ജപ്പാനിലെ തോചിഗിയിലെ ശാലയിൽ നിർമിച്ച ‘2017 ജി ടി — ആർ’ ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തുന്നത്.

രാജ്യതലസ്ഥാന മേഖലയിലെ നോയ്ഡയിലുള്ള പ്രത്യേക നിസ്സാൻ ഷോറൂം വഴിയാണു കാർ വിൽപ്പന. ഡീലർഷിപ്പിനൊപ്പം ആരംഭിച്ച, രാജ്യത്ത ആദ്യത്തെ നിസ്സാൻ ഹൈ പെർഫോമൻസ് സെന്ററി(എൻ എച്ച് പി സി)നാണു കാറിന്റെ വിൽപ്പനാന്തര സേവന ചുമതല. കഴിഞ്ഞ സെപ്റ്റംബർ മുതൽ തന്നെ നിസ്സാൻ ‘ജി ടി — ആറി’നുള്ള ബുക്കിങ്ങുകൾ സ്വീകരിച്ചു തുടങ്ങി. കാർ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് വൈകാതെ ‘ജി ടി — ആർ’ കൈമാറി തുടങ്ങി. കഴിഞ്ഞ മാർച്ചിൽ നടന്ന ന്യൂയോർക്ക് ഇന്റർനാഷനൽ ഓട്ടോ ഷോയിലായിരുന്നു നിസ്സാൻ ‘2017 ജി ടി — ആർ’ അനാവരണം ചെയ്തത്.