2017 എലീറ്റ് ഐ 20 എത്തി; വില 5.36 ലക്ഷം മുതൽ

പരിഷ്കരിച്ച ‘എലീറ്റ് ഐ 20’ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) വിൽപ്പനയ്ക്കെത്തിച്ചു. 5.36 ലക്ഷം രൂപ മുതൽ 8.51 ലക്ഷം രൂപ വരെയാണ് ‘2017 എലീറ്റ് ഐ ട്വന്റി’ക്കു വില. ‘ഗ്രാൻഡ് ഐ 10’ കഴിഞ്ഞാൽ ഹ്യുണ്ടേയിക്ക് ഏറ്റവുമധികം വിൽപ്പന നേടിക്കൊടുക്കുന്ന മോഡലാണ് ‘എലീറ്റ് ഐ 20’; പ്രതിമാസം ശരാശരി 8,000 — 9,000 യൂണിറ്റാണു കാറിന്റെ വിൽപ്പന. 

മരീന ബ്ലൂ എന്ന പുതുവർണമടക്കം മൊത്തം അഞ്ചു നിറങ്ങളിലാണു കാർ ലഭിക്കുക. കൂടാതെ ഇരട്ട വർണസങ്കലനത്തോടെ യും ‘2017 എലീറ്റ് ഐ 20’ ലഭ്യമാവും: ബോഡിക്കു റെഷ് പാഷൻ നിറത്തിനൊ പ്പം ഫാന്റം ബ്ലാക്ക് റൂഫ്, ബോഡിക്കു പോളാർ വൈറ്റ് നിറവും ഫാന്റം ബ്ലാക്ക് റൂഫുമാണു സാധ്യതകൾ.കാറിന്റെ അകത്തളത്തിൽ സ്പോർടി ലുക്കിനായി ഓറഞ്ച് ഇൻസർട്ടുകളും ഹ്യുണ്ടേയ് ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും  ലഭ്യമാവുന്ന, സ്മാർട്ഫോൺ കണക്ടിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഓഡിയോ വിഡിയൊ നാവിഗേഷൻ സംവിധാനം, മിറർ ലിങ്ക് ഫീച്ചർ എന്നിവയും കാറിലുണ്ട്.

മികച്ച സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, പിന്നിൽ ഡീ ഫോഗർ, ഫോഗ് ലാംപ്  തുടങ്ങിയവയ്ക്കൊപ്പം സ്മാർട് എൻട്രി, പിന്നിലെ എ സി വെന്റ്, ആർ 16 ഡയമണ്ട് കട്ട് അലോയ് തുടങ്ങിയവയും കാറിലുണ്ട്. ആഗോളതലത്തിൽ തന്നെ മികച്ച വിജയം നേടിയ കാറാണ് ‘എലീറ്റ് ഐ 20’ എന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ വൈ കെ കൂ അഭിപ്രായപ്പെട്ടു. 2014ൽ നിരത്തിലെത്തിയ കാർ ഇതുവരെ മൂന്നു ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയാണു നേടിയത്. സുരക്ഷയിലും പ്രകടനത്തിലും ഡ്രൈവിങ്ങിലുമൊക്കെ മികവ് വാഗ്ദാനം ചെയ്യുന്ന ‘2017 എലീറ്റ് ഐ 20’ കൂടുതൽ സ്വീകാര്യത കൈവരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മൂന്ന് എൻജിൻ സാധ്യതകളോടെയാണ് ‘2017 എലീറ്റ് ഐ ട്വന്റി’യുടെ വരവ്: 1.4 യു ടു സി ആർ ഡി ഐ ഡീസൽ, 1.2 കാപ്പ ഡ്യുവൽ വി ടി വി ടി പെട്രോൾ, 1.4 ഡ്യുവൽ വി ടി വി ടി പെട്രോൾ. ഡീസൽ എൻജിന് പരമാവധി 90 പി എസ് കരുത്ത് സൃഷ്ടിക്കാനാവും; ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിന് 83 പി എസ് കരുത്ത് സൃഷ്ടിക്കാനാവും; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 100 പി എസ് വരെ കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള 1.4 ഡ്യുവൽ വി ടി വി ടി പെട്രോൾ എൻജിന് കൂട്ടാവുന്നത് നാലു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്.