ഇയോൺ സ്പോർട്സ് എഡീഷനുമായി ഹ്യുണ്ടേയ്

hyundai eon sports edition

പ്രീമിയം ഹാച്ച്ബാക്കായ ‘ഐ 20’, കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകൾക്കു പിന്നാലെ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ചെറു ഹാച്ച്ബാക്കായ ‘ഇയോണി’ന്റെ ‘സ്പോർട്സ് എഡീഷൻ’ പുറത്തിറക്കി. 800 സി സി എൻജിനോടെ മാത്രം വിൽപ്പനയ്ക്കുള്ള ‘സ്പോർട്സ് എഡീഷ’ന് 3.88 ലക്ഷം മുതൽ 4.14 ലക്ഷം രൂപ വരെയാണു ഡൽഹി ഷോറൂമിൽ വില.

‘ഇറ പ്ലസ്’, ‘മാഗ്ന പ്ലസ്’ വകഭേദങ്ങൾ അടിസ്ഥാനമാക്കിയാണു ഹ്യുണ്ടേയ് ‘ഇയോൺ സ്പോർട്സ് എഡീഷൻ’ സാക്ഷാത്കരിച്ചിരിക്കുന്നത്. പോളാർ വൈറ്റ് നിറത്തിൽ മാത്രമാണു കാർ വിൽപ്പനയ്ക്കുള്ളത്. സൈഡ് ബോഡി മോൾഡിങ് ഗ്രാഫിക്സ്, റൂഫ് റയിൽ തുടങ്ങിയവയാണു കാറിന്റെ പുറംഭാഗത്തെ പരിഷ്കാരങ്ങൾ. നാവിഗേഷനും ഫോൺ ലിങ്കുമടക്കമുള്ള 6.2 ഇഞ്ച് ടച് സ്ക്രീൻ സംവിധാനമാണു കാറിന്റെ അകത്തളത്തിലെ പുതുമ. 

സാങ്കേതികതലത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘ഇയോൺ സ്പോർട്സ് എഡീഷ’ന്റെ വരവ്. 800 സി സി പെട്രോൾ എൻജിന് പരമാവധി 56 പി എസ് കരുത്തും 94 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.