‘എലഗന്റു’മായി വെസ്പ; വില 95,077 രൂപ

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ വെസ്പ പ്രീമിയം സ്കൂട്ടറായ ‘വെസ്പ’യുടെ പരിമിതകാല പതിപ്പായ ‘എലഗന്റ് 150’ പുറത്തിറക്കി; 95,077 രൂപയാണു സ്കൂട്ടറിനു പുണെ ഷോറൂമിൽ വില. നിലവിലുള്ള വകഭേദങ്ങളായ ‘വെസ്പ എസ് എക്സ് എൽ’, ‘വി എക്സ് എൽ’ എന്നിവയ്ക്കു പുറമെയാണു ‘വെസ്പ എലഗന്റി’ന്റെ വരവ്. ബീജ് യൂണികൊ, പേൾ വൈറ്റ് നിറങ്ങളിലാണു ഗീയർരഹിത സ്കൂട്ടറായ ‘വെസ്പ എലഗന്റ്’ വിൽപ്പനയ്ക്കുള്ളത്. വർണ സങ്കലനം നിലനിർത്തുന്ന ട്വിൻ ലതർ ഫിനിഷ് സീറ്റ്, ടിന്റഡ് ഫ്ളൈ സ്ക്രീൻ എന്നിവയ്ക്കൊപ്പം സവിശേഷ ‘എലഗന്റ്’ ബാഡ്ജും സ്കൂട്ടറിലുണ്ട്.

അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എലഗന്റി’ന്റെ വരവ്; സ്കൂട്ടറിനു കരുത്തേകുക 150 സി സി എൻജിൻ തന്നെ. പരമാവധി 11.6 പി എസ് കരുത്തും 11.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 12 ഇഞ്ച് അലോയ് വീലും ട്യൂബ്രഹിത ടയറുകളുമാണു സ്കൂട്ടറിലുള്ളത്. സ്കൂട്ടറിന്റെ നിറത്തോടു ചേർന്നു പോകുന്ന ഹെൽമറ്റ്, ചുറ്റുമുള്ള ക്രോം ഗാഡ് കിറ്റ്, മുൻ ബംപർ ഗാഡ് തുടങ്ങിയ അനുബന്ധ സാമഗ്രികളും ‘എലഗന്റി’നൊപ്പം വെസ്പ ലഭ്യമാക്കുന്നുണ്ട്. 

ഇന്ത്യയിലെ വെസ്പ ആരാധകർക്കായി സ്റ്റൈൽ സമൃദ്ധമായ ‘വെസ്പ എലഗന്റ്’ അവതരിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് (ഇന്ത്യ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സ്റ്റഫാനൊ പെല്ലി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ കമ്പനി സൃഷ്ടിച്ച പ്രീമിയം വിഭാഗത്തിന്റെ വിപുലീകരണമാണു ‘വെസ്പ എലഗന്റി’ലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.  കമ്പനി ഡീലർഷിപ്പുകൾക്കു പുറമെ പേ ടി എം വഴി ഓൺലൈൻ വ്യവസ്ഥയിലും ‘വെസ്പ എലഗന്റ്’  സ്വന്തമാക്കാൻ അവസരമുണ്ട്.