ലോകത്തിലെ ഏറ്റവും കരുത്തനായ ബിഎം‍ഡബ്ല്യു, വില 2.27 കോടി

BMW M 760Li

ജർമൻ വാഹന നിർമ്മാതാക്കളായ ബിഎം‍ഡബ്ല്യു നിർ‌മ്മിച്ചതിൽ ഏറ്റവും കരുത്തുള്ള കാർ എം760എൽഐ എക്സ് ഡ്രൈവ് ഇന്ത്യയിൽ. ബിഎംഡബ്ല്യു ഇന്നുവരെ നിർമിച്ചതിൽ ഏറ്റവും കരുത്തുറ്റ എൻജിൻ ഉപയോഗിക്കുന്ന കാറാണ് എം 760 എൻഐ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയിലേക്ക് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന കാറിന്റെ ‍ഡൽഹി എക്സ്ഷോറൂം വില 2.27 കോടി രൂപയാണ്.

കരുത്തും ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തിണങ്ങിയ എം 760 എൽ‌ഐ എക്സ് ‍ഡ്രൈവിൽ 6.6 ലീറ്റർ വി12 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 610 ബിഎച്ച്പി കരുത്തും 1500 മുതൽ 5000 വരെ ആർപിഎമ്മിൽ 800 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ പരമാവധി വേഗം 250 കിലോമീറ്ററാണ്.

ബിഎം‍ഡബ്ല്യു 7 സീരീസിനെ അടിസ്ഥാനപ്പെടുത്തി ഡിസൈൻ ചെയ്തിരിക്കുന്ന കാറിൽ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നേരത്ത 2016ലെ ലോകത്തിലെ ഏറ്റവും മികച്ച ആഡംബരകാറായി ബിഎംഡബ്ല്യു 7 സീരീസിനെ തിരഞ്ഞെടുത്തിരുന്നു. ഭാരം കുറഞ്ഞ രൂപകൽപന, അതിനൂതന ഡ്രൈവിങ് ഫീച്ചറുകൾ, മികച്ച യാത്രാസുഖം, ഗുണമേന്മയിൽ മുന്നിട്ടുനിൽക്കുന്ന കണക്ടിവിറ്റി ഫീച്ചറുകൾ എന്നിവ ഈ കാറിനെ ഏറ്റവും മികച്ചതാക്കുന്നു. ജെസ്ചർ കൺട്രോൾ, വയർലെസ് ചാര്‍ജിങ്ങും ഡിസ്പ്ലേ കീയും, ആക്ടിവ് കിഡ്നി ഗ്രിൽ തുടങ്ങിയ ഫീച്ചറുകളുമായാണ് കാർ ഇന്ത്യയിലെത്തിയത്.

ഏതു തരം നിരത്തിലുമുള്ള ഗതാഗതത്തിരക്കിനെയും നേരിടാൻ പോന്ന സെമി ഓട്ടണോമസ് ട്രാഫിക് അസിസ്റ്റ്. കാഴ്ച മറയാതിരിക്കാൻ വാഹനത്തിനു ചുറ്റുമുള്ള 360 ഡിഗ്രി പനോരമിക് വ്യൂ സഹിതമാണു കാറിലെ ടച് സ്ക്രീന്റെ വരവ്. നിരത്തിലെ വിഭിന്ന സാഹചര്യം തിരിച്ചറിഞ്ഞു സ്വയംക്രമീകരിക്കുന്ന ഇന്റലിജന്റ് സസ്പെൻഷനുള്ള പുതിയ ‘സെവൻ സീരീസി’ന് ഉടമയുടെ ഡ്രൈവിങ് ശൈലിയോടു പൊരുത്തപ്പെടാനുള്ള കഴിവും സ്വന്തമാണ്. പോരെങ്കിൽ ജി പി എസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വയം ഗീയർ മാറാനും ഈ കാറിനാവും. 600 മീറ്റർ വരെ പ്രകാശവിതാനം നിർവഹിക്കുന്ന ലേസർ ലൈറ്റാണു ‘സെവൻ സീരീസി’ലെ മറ്റൊരു പുതുമ.