കിടിലൻ ലുക്കിൽ പജീറൊ സെലക്ട് പ്ലസ്’; വില 28.60 ലക്ഷം

Pajero Sport Select Plus

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘പജീറൊ’യുടെ പരിമിതകാല പതിപ്പായ ‘സെലക്ട് പ്ലസ്’ ജാപ്പനീസ് നിർമാതാക്കളായ മിറ്റ്സുബിഷി പുറത്തിറക്കി. ഡൽഹി ഷോറൂമിൽ 28.60 ലക്ഷം മുതലാണു ‘പജീറൊ സെലക്ട് പ്ലസി’നു വില.  കാഴ്ചപ്പകിട്ടേകാനുള്ള വിവിധ പരിഷ്കാരങ്ങളും ചില പുതുമകളുമായിട്ടാണു ‘പജീറൊ സെലക്ട് പ്ലസി’ന്റെ വരവ്. സാധാരണ ‘പജീറൊ സ്പോർട്’ പോലെ ‘സ്റ്റൈൽ പ്ലസ്’ പതിപ്പും ഓട്ടമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകളോടെ വിൽപ്പനയ്ക്കുണ്ട്. രാജ്യവ്യാപകമായി തന്നെ ‘പജീറൊ സെലക്ട് പ്ലസ്’ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു. 

രൂപകൽപ്പനയിലെ മാറ്റങ്ങളും പുത്തൻ ഗ്രാഫിക്സുമാണു ‘സെലക്ട് പ്ലസി’ന്റെ പ്രധാന ആകർഷണം; ഇരട്ട വർണ സങ്കലനത്തോടെയാണ് ഈ ‘പജീറൊ’ വിൽപ്പനയ്ക്കെത്തുന്നത്. റെഡ് — ബ്ലാക്ക്, സിൽവർ — ബ്ലാക്ക്, വൈറ്റ് — ബ്ലാക്ക്, യെലൊ — ബ്ലാക്ക് നിറക്കൂട്ടുകളിലാണു പുതിയ ‘പജീറൊ’ ലഭിക്കുക. മുൻ ഗ്രിൽ, മുൻ ബംപർ, ഫോഗ് ലാംപ് ഹൗസിങ്, വീൽ ആർച്ചുകൾ, മേൽക്കൂര, പില്ലറുകൾ, 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയ്ക്കാണു കറുപ്പിന്റെ അഴക്. എച്ച് ഐ ഡി പ്രൊജക്ടർ ഹെഡ്ലാംപ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, വൈദ്യുത സഹായത്തോടെ ക്രമീകരിക്കാവുന്നതും ക്രോം സ്പർശമുള്ളതുമായ റിയർവ്യൂ മിറർ തുടങ്ങിയവയും ‘പജീറൊ സെലക്ട് പ്ലസി’ലുണ്ട്.

അതേസമയം എസ് യു വിയുടെ അകത്തളത്തിൽ കാര്യമായ വ്യതിയാനങ്ങളില്ല. ഇലൂമിനേറ്റഡ് സ്കഫ് പ്ലേറ്റ്, ക്രൂസ് കൺട്രോൾ, മുൻ സീറ്റിലെ ഹെഡ്റെസ്റ്റിൽ ഘടിപ്പിച്ച ഡി വി ഡി പ്ലയർ, ശീതീകരിച്ച ഗ്ലൗ ബോക്സ് തുടങ്ങിയവയാണു കാറിലെ സവിശേഷത.സാധാരണ മോഡലിലെ ബീജ് ലതർ അകത്തളം, ലതർ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, ആറു സ്പീക്കർ സഹിതമുള്ള നാവിഗേഷൻ — ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പവർ അഡ്ജസ്റ്റബ്ൾ ഡ്രൈവർ സീറ്റ് തുടങ്ങിയവയൊക്കെ ഈ മോഡലിലും ലഭ്യമാണ്. 

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമേതുമില്ലാതെയാണു ‘പജീറൊ സെലക്ട് പ്ലസി’ന്റെ വരവ്. എസ് യു വിക്കു കരുത്തേകുന്നത് ഇന്റർകൂളർ ടർബോ ചാർജർ സഹിതമുള്ള 2.5 ലീറ്റർ, ഡി ഐ, ഡീസൽ എൻജിനാണ്; പരമാവധി 176 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഈ എൻജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും അഞ്ചു സ്പീഡ്, സ്പോർട്സ് മോഡ് സഹിതമുള്ള ഐ എൻ വി ഇ സി എസ് ടു ടോർക് കൺവർട്ടറുമാണ്. ഓട്ടമാറ്റിക് ട്രാൻസ്മിഷനൊപ്പം ഫോർ ബൈ ടു ലേ ഔട്ടാണ്; 350 എൻ എമ്മാണ് ഈ കൂട്ടുകെട്ടിന്റെ പരമാവധി ടോർക്. ഫോർ ബൈ ഫോറിനൊപ്പമുള്ള മാനുവൽ ട്രാൻസ്മിഷനിൽ 400 എൻ എം വരെ ടോർക് പ്രതീക്ഷിക്കാം.