പരിഷ്കരിച്ച ‘മൈക്ര’ എത്തി; വില 5.99 ലക്ഷം മുതൽ

Nissan Micra

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ ഇന്ത്യ കോംപാക്ട് ഹാച്ച്ബാക്കായ ‘മൈക്ര’യുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി; 5.99 ലക്ഷം രൂപ മുതലാണു കാറിനു ഡൽഹി ഷോറൂമിൽ വില. പെട്രോൾ എൻജിനുള്ള ‘മൈക്ര’ വകഭേദങ്ങൾക്ക് 5.99 ലക്ഷം മുതൽ 6.95 ലക്ഷം രൂപ വരെയും ഡീസൽ പതിപ്പുകൾ 6.62 ലക്ഷം മുതൽ 7.23 ലക്ഷം രൂപ വരെയുമാണു വില. 

ജാപ്പനീസ് സാങ്കേതികവിദ്യയുടെയും യൂറോപ്യൻ രൂപകൽപ്പനയുടെയും സംഗമമാണു പുതിയ ‘മൈക്ര’യെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അഭിപ്രായപ്പെട്ടു. പ്രീമിയം അർബൻ ഹാച്ച്ബാക്കുകളിലെ മികച്ച മോഡലായ ‘മൈക്ര’ ആകർഷക വിലയ്ക്കാണു ലഭ്യമാവുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

കാറിനു കരുത്തേുകന്നത് 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ്; അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനും ലഭ്യമാണ്. ഓട്ടമാറ്റിക് ഹെഡ്ലാംപ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ തുടങ്ങിയവയൊക്കെ പുതിയ ‘മൈക്ര’യുടെ സവിശേഷതകളാണ്. 2010ൽ ഇന്ത്യയിലെത്തിയ ‘മൈക്ര’യുടെ ഇതുവരെയുള്ള വിൽപ്പന 80,000 യൂണിറ്റോളമാണ്.