പിയാജിയൊ ‘പോർട്ടർ’ എത്തി; വില 3.18 ലക്ഷം

Piaggio Porter 700

ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊയിൽ നിന്നുള്ള പുതിയ ചെറു വാണിജ്യ വാഹന(എസ് സി വി)മായ ‘പോർട്ടർ 700’ ഇന്ത്യൻ വിപണിയിലെത്തി. 3.18 ലക്ഷം രൂപയാണു ‘പോർട്ടറി’നു മഹാരാഷ്ട്രയിലെ ഷോറൂം വില. ഇതോടൊപ്പം ഇന്ത്യൻ ഉപസ്ഥാപനമായ പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഡീഗൊ ഗ്രാഫിയെയും കമ്പനി നിയോഗിച്ചു.

അവസാന മൈൽ ഗതാഗത മേഖലയിൽ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാലു വീലുള്ള എസ് സി വിയായ ‘പോർട്ടർ 700’ അവതരിപ്പിച്ചതെന്ന് പിയാജിയൊ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രവി ചോപ്ര അറിയിച്ചു. ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആധിപത്യം നേടാനുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ത്രിചക്ര, നാലു ചക്ര വാഹന വിഭാഗങ്ങൾ തുടർന്നും യോജിച്ചു മുന്നേറുമെന്നും ചോപ്ര പ്രതീക്ഷ പ്രകടിപ്പിച്ചു. 

പുതിയ തലമുറയിൽപെട്ട ഉപയോക്താക്കളുടെ ആഗ്രഹങ്ങൾ മുൻകൂട്ടിക്കണ്ടാണ് ആധുനികവും സ്റ്റൈൽസമ്പന്നവുമായ ‘പോർട്ടർ 700’ യാഥാർഥ്യമാക്കിയിരിക്കുന്നതെന്നു ഗ്രാഫി വെളിപ്പെടുത്തി. തികഞ്ഞ വിശ്വാസ്യതയും മികച്ച ഇന്ധനക്ഷമതയുമാണ് ‘പോർട്ടറി’ൽ പിയാജിയൊയോടു വാഗ്ദാനം. രാജ്യത്തെ ലഘു വാഹന ഗതാഗത മേഖലയിൽ ശക്തമായ സാന്നിധ്യമുള്ള നിർമാതാക്കളാണു പിയാജിയൊ; ഡീസലിനും പെട്രോളിനും പുറമെ സി എൻ ജിയിലും എൽ പി ജിയിലും ഓടുന്ന ത്രിചക്ര, നാലു ചക്ര വാഹനങ്ങൾ കമ്പനി വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. 

രണ്ടു വർഷം അഥവാ 75,000 കിലോമീറ്റർ നീളുന്ന വാറന്റി സഹിതമാണു പിയാജിയൊ ‘പോർട്ടർ 700’ വിൽപ്പനയ്ക്കെത്തിക്കുന്നത്. മഹാരാഷ്ട്രയിലെ ബാരാമതിയിലെ പിയാജിയൊ ശാലയിൽ നിന്നാണു ‘പോർട്ടറി’ന്റെ വരവ്; മൂന്നു ലക്ഷത്തോളം ത്രിചക്ര വാഹനങ്ങളും 80,000 നാലു ചക്ര വാഹനങ്ങളുമാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദനശേഷി.