മെയ്ക്ക് ഇന്‍ ഇന്ത്യ ഫൈവ് സീരീസുമായി ബിഎംഡബ്ല്യു, വില 49.90 ലക്ഷം മുതൽ

BMW 5-Series 2017

ജർമൻ വാഹന നിർമാതാക്കളായ ബിഎം‍ഡബ്ല്യുവിന്റെ ലക്ഷ്വറി സെ‍ഡാൻ 5 സീരീസിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ. ക്രിക്കറ്റ് ഇതിഹാസവും ബിഎം‍ഡബ്ല്യുവിന്റെ ബ്രാൻഡ് അമ്പാസിഡറുമായ സച്ചിനാണ് പുതിയ 5 സീരീസിനെ വിപണിയിലെത്തിച്ചത്. പെട്രോൾ ഡീസൽ എൻജിൻ വകഭേദങ്ങളുള്ള കാറിന്റെ പെട്രോൾ മോഡലിന് 49.90 ലക്ഷം രൂപയും ഡീസൽ മോഡലുകൾക്ക് 49.90 ലക്ഷം മുതൽ 61.30 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

പഴയ മോഡലിനെക്കാൾ 70 കിലോഗ്രാം ഭാരക്കുറവാണ് പുതിയ മോഡലിന്. പുതുതലമുറ 7 സീരീസിനുശേഷം ബിഎംബ്ല്യുവിന്റെ പുതിയ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രണ്ടാമത്തെ മോഡലാണ് 2017 ബിഎംഡബ്ല്യു 5 സീരീസ്. റിമോട്ട് കൺട്രോൾ പാർക്കിങ് പുതിയ 5 സീരീസിന്റെ പ്രധാന പ്രത്യേകതകളാണ്. കൂടാതെ വയർ‌ലൈസ് ചാർജിങ് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബിഎം‍ഡബ്ല്യു ഐഡ്രൈവ് തുടങ്ങിയവരും പുതിയ 5 സീരീസിലുണ്ട്.

265 ബിഎച്ച്പി കരുത്തുള്ള മൂന്ന് ലീറ്റർ ഡീസൽ എൻജിൻ. 190 ബിഎച്ച്പി കരുത്തുള്ള രണ്ട് ലീറ്റർ ഡീസൽ എൻജിൻ, 252 ബിഎച്ച്പി കരുത്തുള്ള രണ്ട് ലീറ്റർ ‍ഡീസൽ എൻജിൻ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ വകഭേദങ്ങളോടെയാണ് പുതിയ 5 സീരീസ് വിപണിയിലെത്തിയിരിക്കുന്നത്. 3 ലീറ്റർ ‍ഡീസൽ എൻജിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിലെത്താൻ 5.7 സെക്കന്റുകൾ മാത്രം വേണ്ടി വരുമ്പോൾ പെട്രോൾ‌ എൻജിന് 6.2 സെക്കന്റും 2 ലീറ്റർ ഡീസൽ എൻജിന് 7.5 സെക്കന്റും മതി. എല്ലാ വേരിയന്റുകള്‍ക്കും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.‌

Read More: New Cars Car News Fasttrack Car Magazine Malayalam