മാരുതി‘സെലേറിയൊ’യ്ക്കു പ്രത്യേക പതിപ്പ്

Maruti Suzuki Celerio Special edition

എൻട്രി ലവൽ ഹാച്ച്ബാക്കായ ‘സെലേറിയൊ’യുടെ പ്രത്യേക പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കി. പെട്രോൾ എൻജിനോടെ  ‘വി എക്സ് ഐ’, ‘സെഡ് എക്സ് ഐ’ വകഭേദങ്ങളിൽ ലഭ്യമാവുന്ന പ്രത്യേക പതിപ്പിന് യഥാക്രമം 4.87 ലക്ഷം രൂപയും 5.19 ലക്ഷം രൂപയുമാണ് ഡൽഹിയിലെ ഓൺ റോഡ് വില.ഉത്സവകാലം അവസാനിക്കുംവരെ വിപണിയിലുണ്ടാവുമെന്നു കരുതുന്ന കാറിന് സാധാരണ മോഡലിനെ അപേക്ഷിച്ച് 22,500 രൂപയാണു മാരുതി സുസുക്കി അധികമായി ഈടാക്കുന്നത്. 

ഹെഡ്ലാംപിലും ടെയിൽ ലാംപിലും ഫോഗ് ലാംപിലും ടെയിൽ ഗേറ്റിലും വിൻഡോ ഗേറ്റിലും ക്രോം ഗാർണിഷിങ്, പുത്തൻ ഗ്രാഫിക്സ്, സൈഡ് മോൾഡിങ് എന്നിവയൊക്കെയാണു ‘സെലേറിയൊ’യുടെ പ്രത്യേക പതിപ്പിലെ പുതുമകൾ. ആംബിയന്റ് ലൈറ്റിങ്ങിനൊപ്പം പ്രീമിയം സീറ്റും സ്റ്റീയറിങ് കവറും കപ് ഹോൾഡറിനൊപ്പമുള്ള ടിഷ്യൂ ഡിസ്പെൻസറുമാണു കാറിന്റെ അകത്തളത്തിലെ മാറ്റങ്ങൾ. ഇവയ്ക്കൊപ്പം റിവേഴ്സ് പാർക്കിങ് സെൻസറും കാറിലുണ്ട്. 

അതേസമയം സാങ്കേതികവിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘സെലേറിയൊ’യുടെ പ്രത്യേക പതിപ്പ് എത്തുന്നത്. കാറിനു കരുത്തേകുന്ന ഒരു ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ എൻജിന് പരമാവധി 68 പി എസ് വരെ കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സിനൊപ്പം ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) ട്രാൻസ്മിഷൻ സഹിതവും ‘സെലേറിയൊ’ വിൽപ്പനയ്ക്കുണ്ട്. 

മൂന്നു വർഷം മുമ്പ് 2014ൽ നിരത്തിലെത്തിയതു മുതൽ മികച്ച സ്വീകാര്യത കൈവരിച്ചു മുന്നേറാൻ ‘സെലേറിയൊ’യ്ക്കു സാധിച്ചിട്ടുണ്ട്. 2015ൽ കാർ 800 സി സി ഡീസൽ എൻജിൻ സഹിതവും മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിച്ചിരുന്നു; എന്നാൽ നോയ്സ് വൈബ്രേഷൻ ഹാർഷ്നെസ്(എൻ വി എച്ച്) രംഗത്തു പ്രതീക്ഷിച്ച നിലവാരം കൈവരിക്കാനാവാതെ വന്നതു ഡീസൽ ‘സെലേറിയൊ’ അൽപ്പായുസ്സാക്കി.