ഇരട്ട വർണ പകിട്ടിൽ ‘സ്റ്റാർ സിറ്റി പ്ലസ്’

TVS Star City Plus

നവരാത്രി, ദീപാവലി ആഘോഷം പ്രമാണിച്ച് ടി വി എസ് മോട്ടോർ കമ്പനി ഇരട്ട വർണ സങ്കലനത്തോടെ ‘സ്റ്റാർ സിറ്റി പ്ലസ്’ പുറത്തിറക്കി. രൂപകൽപ്പനയിലെ പുതുമകൾക്കൊപ്പം ത്രിമാന, ക്രോം ടി വി എസ്  ലേബൽ, കറുപ്പ് ഗ്രാബ് റയിൽ എന്നിവ സഹിതാണ് ഈ ‘സ്റ്റാർ സിറ്റി പ്ലസി’ന്റെ വരവ്. ബ്ലാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ, റെഡ് ബ്ലാക്ക് സങ്കലനങ്ങളിൽ വിൽപ്പനയ്ക്കുള്ള ബൈക്കിന് 50,534 രൂപയാണു ഡൽഹി ഷോറൂമിൽ വില. 

കരുത്തിന്റെയും ലീറ്ററിന് 86 കിലോമീറ്റർ ഇന്ധനക്ഷമതയുടെയും അപൂർവ സങ്കലനമാണ് എക്കാലവും ‘ടി വി എസ് സ്റ്റാർ സിറ്റി പ്ലസി’ന്റെ മികവെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് — കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടർ ആൻഡ് കോർപറേറ്റ് ബ്രാൻഡ്) അനിരുദ്ധ ഹാൽദാർ അവകാശപ്പെട്ടു. ഈ സങ്കലനത്തിനൊപ്പം ഇരട്ട വർണങ്ങളുടെ പകിട്ടുമായാണു പുത്തൻ ‘സ്റ്റാർ സിറ്റി പ്ലസി’ന്റെ വരവ്. ഉത്സവകാലത്ത് പുത്തൻ ‘സ്റ്റാർ സിറ്റി പ്ലസി’നു മികച്ച സ്വീകാര്യത കൈവരിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

അതേസമയം സാങ്കേതിക വിഭാഗത്തിൽ ബൈക്കിൽ മാറ്റമൊന്നും ടി വി എസ് വരുത്തിയിട്ടില്ല. 7,000 ആർ പി എമ്മിൽ 8.4 പി എസ് വരെ കരുത്തും 5,000 ആർ പി എമ്മിൽ 8.7 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 110 സി സി, ഫോർ സ്ട്രോക്ക്, ‘ഇകോ ത്രസ്റ്റ്’ എൻജിനാണു ബൈക്കിനു കരുത്തേകുന്നത്. നാലു സ്പീഡ് ഗീയർബോക്സാണ ട്രാൻസ്മിഷൻ. ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ(എ എച്ച് ഒ) സൗകര്യവും ബൈക്കിലുണ്ട്.

സ്റ്റൈൽ സമ്പന്നമായ ക്രൗൺ വൈസർ, കാഴ്ചപ്പകിട്ടുള്ള റിയർവ്യൂ മിറർ, പ്രീമിയം സ്റ്റെയ്ൻലെസ് സ്റ്റീൽ മഫ്ളർ, സിൽവർ ഷോക് അബ്സോബർ, ബ്ലാക്ക് അലോയ് വീൽ, ടെയിൽ ലാംപ് തുടങ്ങിയവയൊക്കെ ‘സ്റ്റാർ സിറ്റി പ്ലസി’ലുണ്ട്. മുന്നിൽ ടെലിസ്കോപിക് ഷോക് അബ്സോബറും പിന്നിൽ അഞ്ചു ഘട്ടമായി ക്രമീകരിക്കാവുന്ന ഷോക് അബ്സോബറുമാണു സസ്പെൻഷൻ.