ഒറ്റചാർജിൽ 400 കിലോമീറ്റർ, താരമാകാൻ രണ്ടാം തലമുറ ലീഫ്

Nissan Leaf

ഓരോ തവണ ചാർജ് ചെയ്യുമ്പോഴും കൂടുതൽ ദൂരം ഓടാൻ ശേഷിയോടെ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ വൈദ്യുത കാറായ ‘ലീഫി’ന്റെ രണ്ടാം തലമുറ പുറത്തിറക്കി. വർധിച്ച സഞ്ചാര ശേഷിക്കൊപ്പം ഭാഗികമായ സ്വയം നിയന്ത്രണ ശേഷിയും രണ്ടാം തലമുറ ‘ലീഫി’ന്റെ സവിശേഷതയാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 250 മൈൽ(ഏകദേശം 400 കിലോമീറ്റർ) ഓടാൻ കഴിയുമെന്നതാണു പുതിയ ‘ലീഫി’ന്റെ പ്രധാന ആകർഷണം. കാറിന്റെ മുൻമോഡലിന്റെ റേഞ്ച് 250 കിലോമീറ്റർ മാത്രമായിരുന്നു.

Nissan Leaf

ഒപ്പം സ്വയം ഓടുന്ന കാറിലേക്കുള്ള മുന്നേറ്റത്തിന്റെ ആദ്യ ചുവടെന്ന നിലയിൽ ഭാഗികമായ സ്വയം നിയന്ത്രണ സംവിധാനവും ഈ ‘ലീഫി’ൽ ഇടംപിടിക്കുന്നുണ്ട്. മോട്ടോർവേയിലൂടെ സഞ്ചരിക്കുമ്പോൾ ഒരേ ലെയ്നിൽ തുടരാൻ ഈ ‘ലീഫി’നു സ്വയം സാധിക്കും. ഒപ്പം ഡ്രൈവറുടെ ഇടപെടൽ ഒട്ടുമില്ലാതെ സ്വയം പാർക്കിങ്ങിൽ ഇടംപിടിക്കാനും പുത്തൻ ‘ലീഫി’നു കഴിയും. അടുത്ത മാസം മുതൽ ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന പുതിയ ‘ലീഫി’ന് 31.50 ലക്ഷം യെൻ(ഏകദേശം 18.55 ലക്ഷം രൂപ) ആണു വില. അടുത്ത വർഷം ആദ്യത്തോടെ യു എസിലും കാനഡയിലുമൊക്കെ ‘ലീഫി’ന്റെ രണ്ടാം തലമുറ മോഡൽ ലഭ്യമാവും. 

Nissan Leaf

വൈദ്യുത വാഹന വിഭാഗത്തിൽ കമ്പനിയുടെ നേതൃത്വത്തെ ശക്തിപ്പെടുത്താൻ പുതിയ ‘ലീഫി’നു കഴിയുമെന്നായിരുന്നു നിസ്സാൻ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുാമയ ഹിരൊറ്റൊ സായ്കാവയുടെ വിലയിരുത്തൽ.വൈദ്യുത വാഹന നിർമാണത്തിലേക്ക് ആദ്യം ചുവടുവച്ച കമ്പനിയാണു നിസ്സാൻ. ഏഴു വർഷം മുമ്പാണു നിസ്സാൻ ‘ലീഫു’മായി വിപണിയിലെത്തുന്നത്; തുടർന്ന് ഇതുവരെ ആഗോളതലത്തിൽ 2.80 ലക്ഷം ‘ലീഫ്’ വിൽക്കാനും കമ്പനിക്കു കഴിഞ്ഞു. പക്ഷേ ഇപ്പോൾ യു എസിൽ നിന്നുള്ള ജനറൽ മോട്ടോഴ്സും ടെസ്ല ഇൻകോർപറേറ്റഡുമൊക്കെ ഈ മേഖലയിൽ നിസ്സാനു ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. 

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനായി വിവിധ രാജ്യങ്ങൾ കർശന നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെയാണു പ്രമുഖ വാഹന നിർമാതാക്കളെല്ലാം വൈദ്യുത വാഹന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മലിനീകരണ വിമുക്തമായ വാഹനം യാഥാർഥ്യമാക്കി നേട്ടം കൊയ്യാനാണ് എല്ലാവരുടെയും ലക്ഷ്യം.