‘പ്രീമിയം വിക്ടറു’മായി ടി വി എസ്; വില 55,065 രൂപ

TVS Victor Premium Edition

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ചു കമ്യൂട്ടർ ബൈക്കായ ‘വിക്ടറി’ന്റെ ‘പ്രീമിയം എഡീഷൻ’ ടി വി എസ് മോട്ടോർ കമ്പനി പുറത്തിറക്കി. കറുപ്പു നിറത്തിൽ പരിഷ്കരിച്ച ഗ്രാഫിക്സോടെ എത്തുന്ന ബൈക്കിന് 55,065 രൂപയാണു ഡൽഹിയിലെ ഷോറൂം വില. പാർശ്വ പാനലുകളിലും ക്രാഷ് ഗാഡിലും ക്രോം സ്പർശത്തിനൊപ്പം സ്വർണ വർണമുള്ള ക്രാങ്ക് കേസും ‘പ്രീമിയം എഡീഷൻ വിക്ടറി’ന്റെ സവിശേഷതയാണ്. 

ഹെഡ്ലാംപിനു താഴെ എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപും ബൈക്കിലുണ്ട്. ട്യൂബ്രഹിത ടയർ, സീരീസ് സ്പ്രിങ് സസ്പെൻഷൻ, 60 വാട്ട് ഹെഡ്ലാംപ്, അനലോഗ് ടാക്കോമീറ്റർ സഹിതം ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഹസാഡ് ലാംപ് എന്നിവയും ഈ ബൈക്കിൽ ടി വി എസ് ലഭ്യമാക്കുന്നുണ്ട്. ഡിസ്ക് ബ്രേക്ക് സഹിതം മാത്രമാണു ‘പ്രീമിയം എഡീഷൻ വിക്ടർ’ ലഭിക്കുക; മുന്നിൽ പെറ്റൽ ഡിസ്ക് ബ്രേക്കുള്ള ബൈക്കിന് സാധാരണ ഡിസ്ക് ബ്രേക്കുള്ള മോഡലിനെ അപേക്ഷിച്ച് 900 രൂപയോളം വില അധികമാണ്.

ഉത്സവകാലം പ്രമാണിച്ച് അടിമുടി പുതുമകളോടെ ‘വിക്ടറി’ന്റെ പുതിയ പതിപ്പ് വിൽപ്പനയ്ക്കെത്തുകയാണെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ്(മാർക്കറ്റിങ് — കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ്) അനിരുദ്ധ ഹാൽദാർ അഭിപ്രായപ്പെട്ടു. ഗുണനിലവാരത്തിനും പ്രകടനക്ഷമതയ്ക്കുമൊപ്പം തന്റേടമുള്ള രൂപകൽപ്പനയും വ്യക്തിത്വവുമാണു ബൈക്കിന്റെ ആകർഷണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

ബൈക്കിനു കരുത്തേകുന്നത് 110 സി സി, മൂന്നു വാൽവ്, ഓയിൽ കൂൾഡ് എൻജിനാണ്; പരമാവധി 9.5 പി എസ് വരെ കരുത്തും 9.4 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. ലീറ്ററിന് 72 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ‘പ്രീമിയം എഡീഷൻ വിക്ടറി’നു ടി വി എസിന്റെ വാഗ്ദാനം.  ‘വിക്ടറി’ന്റെ ഡ്രം, ഡിസ്ക് പതിപ്പുകൾക്കൊപ്പമാണു ‘പ്രീമിയം എഡീഷ’നും ടി വി എസ് വിൽപ്പനയ്ക്കെത്തിക്കുന്നത്; ഡൽഹി ഷോറൂമിൽ 52,165 രൂപ മുതലാണ് അഞ്ചു നിറങ്ങളിൽ ലഭ്യമാവുന്ന ‘വിക്ടർ’ ശ്രേണിയുടെ വില.