ഉത്സവകാലത്ത് ‘ക്രോസ് എക്സു’മായി ടൊയോട്ട

Etios Cross X Edition

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് ക്രോസോവറായ ‘എത്തിയോസ് ക്രോസി’ന്റെ പുതിയ പതിപ്പുമായി ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തുന്ന ക്രോസോവറിന് ‘ക്രോസ് എക്സ്’ എന്നാണു പേര്.   പെട്രോൾ എൻജിനുള്ള ‘ക്രോസ് എക്സി’ന്  6.78 ലക്ഷം രൂപയാണു കൊൽക്കത്തിയിലെ ഷോറൂം വില. ഡീസൽ എൻജിനുള്ള ‘ക്രോസ് എക്സ്’ സ്വന്തമാക്കാൻ 8.37 ലക്ഷം രൂപ മുടക്കണം.

നവരാത്രിക്കു പ്രാധാന്യമേറെയുള്ള പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുമാണ് ‘ക്രോസ് എക്സ്’ വിൽപ്പനയ്ക്കെത്തുന്നത്. ‘എത്തിയോസ് ക്രോസ് എക്സി’ന്റെ ഔദ്യോഗിക അവതരണം 28നാവുമെന്നാണു സൂചന.പുത്തൻ കറുപ്പ് ഗ്രില്ലുമായി ക്വാർട്സ് ബ്രൗൺ നിറത്തിലാണ് ‘എത്തിയോസ് ക്രോസ് എക്സ്’ എത്തുക. പുതിയ ഫോഗ് ലാംപ് ബെസെൽ, ബ്ലാക്ക് റൂഫ് റെയിൽ, ബോഡി കളേഡ് ക്ലാഡിങ് തുടങ്ങിയവയുമൊക്കെ ഈ പ്രത്യേക പതിപ്പിലുണ്ടാവും.

അകത്തളത്തിലും പുത്തൻ ഫാബ്രിക് സീറ്റ് കവർ, ബ്ലൂടൂത്ത്, ഓക്സിലറി ഇൻ, ഐ പോഡ് കണക്ടിവിറ്റി എന്നിവയോടെ 6.8 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയുണ്ടാവും. 

പെട്രോൾ, ഡീസൽ പതിപ്പുകൾ തമ്മിൽ പ്രകടമായ വ്യത്യാസത്തോടെയാണ് ടൊയോട്ട ‘എത്തിയോസ് ക്രോസ് എക്സ്’ അവതരിപ്പിച്ചിരിക്കുന്നത്. പെട്രോൾ പതിപ്പിൽ ബോഡി കളേഡ് ഡോർ ഹാൻഡിൽ ഇടംപിടിക്കുമ്പോൾ ഡീസൽ പതിപ്പിൽ ക്രോം ഹാൻഡിലാണ് ലഭിക്കുക. അകത്തളത്തിലാവട്ടെ ഡീസൽ മോഡലിൽ സിൽവർ അക്സന്റ് സഹിതം തുകൽ പൊതിഞ്ഞ സ്റ്റീയറിങ് വീൽ, ഓഡിയോ കൺട്രോൾ, എ സി വെന്റിൽ ക്രോം അക്സന്റ് തുടങ്ങിയവയുണ്ടാവും. അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എത്തിയോസ് ക്രോസ് എക്സി’ന്റെ വരവ്; സുരക്ഷാ വിഭാഗത്തിലും മാറ്റമൊന്നുമില്ല.