കൂടുതൽ സുരക്ഷിത യാത്രയൊരുക്കി പൾസർ എൻ എസ് 200

മെച്ചപ്പെട്ട സുരക്ഷയ്ക്കായി ആന്റി ലോക്ക് ബ്രേക്കിങ്(എ ബി എസ്) സംവിധാനമുള്ള ‘പൾസർ എൻ എസ് 200’ ബജാജ് ഓട്ടോ ലിമിറ്റഡ് അവതരിപ്പിച്ചു. മുന്നിലെ 280 എം എം പെറ്റൽ ഡിസ്ക് ബ്രേക്കിലാണു ബജാജ് ഓട്ടോ സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ബൈക്കിന്റെ ഡൽഹി ഷോറൂമിലെവില സാധാരണ മോഡലിനെ അപേക്ഷിച്ച് 12,600 രൂപ ഉയർന്ന് 1.08 ലക്ഷ രൂപയായി

പൂർണ ഫെയറിങ്ങുള്ള ‘പൾസർ ആർ എസ് 200 എ ബി എസി’നു സമാനമായ ബോഷ് സിംഗിൾ ചാനൽ എ ബി എസാണ് ‘പൾസർ എൻ എസ് 200’ ബൈക്കിലും ബജാജ് സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്ക്കുള്ള അധിക സംവിധാനമൊഴിവാക്കിയാൽ മറ്റു വ്യത്യാസമൊന്നുമില്ലാതെയാണ് ‘ആർ എസ് 200’ എത്തുന്നത്. സ്പോർട്ടി ഗ്രാഫിക്സ് സഹിതം കറുപ്പ്, വെളുപ്പ്, ചുവപ്പ് നിറങ്ങളിലാണു ബൈക്ക് വിൽപ്പനയ്ക്കെത്തുക.

ബൈക്കിനു കരുത്തേകുന്നത് 199.5 സി സി, നാലു വാൽവ്, ലിക്വിഡ് കൂൾഡ് എൻജിനാണ്; ഈ സിംഗിൾ സിലിണ്ടർ എൻജിന് 9,500 ആർ പി എമ്മിൽ 23.5 പി എസ് കരുത്തും 8,000 ആർ പി എമ്മിൽ 18.3 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 

പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ എൻട്രി ലവൽവ ഭാഗത്തിൽ ഇടംപിടിക്കുന്ന ബൈക്കിൽ നൈട്രോക്സ് റിയർ മോണോ ഷോക്ക്, മുൻ — പിൻ ഡിസ്ക് ബ്രേക്ക്, വീതിയേറിയ ട്യൂബ്രഹിത ടയർ തുടങ്ങിയവയൊക്കെ ബജാജ് ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിൽ ടി വി എസ് ‘അപ്പാച്ചെ ആർ ടി ആർ 200 ഫോർ വി’, യമഹ ‘എഫ് സീ 25’ തുടങ്ങിവയോടാണ് ‘പൾസർ എൻ എസ് 200’ ഏറ്റുമുട്ടുന്നത്.